Welcome

അനുഭവക്കുറിപ്പ്..

രചന :….ഷീജ പുറവൂർ….

ഒരു മൈസൂർ യാത്രയുടെ ഓർമ്മയിൽ …

സമയം 8.15ആയിക്കാണും. ഏറെ നേരമായി ബസ്സ് കാത്തുനിൽക്കുന്നു. ആദ്യമായി തനിയെ ഒരു ദൂരയാത്ര ചെയ്യുന്നതു കൊണ്ട് പരവേശം കാരണം നേരത്തെ വന്നു. അല്ലാതെ ബസ്സിന്റെ കുഴപ്പമായിരുന്നില്ല യാത്ര എന്നത് ആസ്വദിക്കാനുള്ള, ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ്. പക്ഷെ, മൈസൂരിലേക്ക് തനിയെ യാത്ര ചെയ്യുന്നത് ആദ്യമായാണ്‌. സ്ഥലം അറിയില്ല .ഭാഷയും അറിയില്ല. ആകെയുള്ളത് കുറച്ച് ആത്മധൈര്യവും കുറച്ച് ഇംഗ്ലീഷും. ഞാൻ ദീർഘമായി നിശ്വസിച്ചു.മനസ്സ് സമ്മർദ്ദത്തിലാകുമ്പോൾ അങ്ങനെ ചെയ്യണമെന്ന്‌ ആരോ പറഞ്ഞിട്ടുണ്ട്‌. എന്റെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് ബസ്സ് വന്നു. ലഗേജുകളൊക്കെ കണ്ടക്ടറെ ഏൽപ്പിച്ചു കൊണ്ട് ഞാൻ സീറ്റിൽ ഇടം പിടിച്ചു.

എന്റെ യാത്രയ്ക്ക് വിഘ്നം വരാതിരിക്കാനുള്ള പൊടിക്കൈകളൊക്കെ ജീൻസിന്റെ പോക്കറ്റിൽ ഇല്ലേ എന്ന് ഒന്നുകൂടി ഉറപ്പു വരുത്തി. തെറ്റിദ്ധരിക്കേണ്ട, ഛർദ്ദി വരാതിരിക്കാൻ വേണ്ടി ഇടയ്ക്കിടെ മണപ്പിക്കാനുള്ള ചെറുനാരങ്ങയും ,ഇനി അഥവാ തീരെ അനുസരണയില്ലാതെ നിയന്ത്രണം വിട്ട് പുറത്തേക്ക് വന്നാൽ വായ്ക്കു നേരെ പിടിക്കാനുള്ള പ്ലാസ്റ്റിക്ക് സഞ്ചിയുമാണ്. എല്ലാം ഉണ്ട് എന്ന് ബോധ്യപ്പെട്ട ശേഷം ഞാൻ ഗമയോടെ കൈ കെട്ടി ചാരി ഇരുന്നു. അപ്പോഴാണ് അമ്മ പറഞ്ഞ കാര്യം ഓർത്തത്. ദീർഘയാത്രയിൽ ഇടയ്ക്ക് മനംപിരട്ടലോ, ഛർദ്ദിയോ വരാതിരിക്കാൻ സ്വന്തം മുടി മണപ്പിച്ചാൽ മതി. സ്വന്തം മുടി എന്ന് പറയാൻ കാരണം, ഇനി അന്യന്റെ മുടി മണത്ത് വായനക്കാരായ നിങ്ങൾക്ക് മനംപിരട്ടൽ വന്നാൽ എന്നെ കുറ്റപ്പെടുത്താതിരിക്കാനാണ് .പിന്നിയിട്ട നീളൻ മുടി മുന്നിലേക്കിട്ട് ഞാൻ ഒന്നുകൂടി ചാരിയിരുന്നു.

കണ്ടക്ടർ ടിക്കറ്റു തരാൻ വന്നപ്പോൾ ഇറങ്ങേണ്ട സ്ഥലം ഏതെന്നും അവിടെ എത്തിയാൽ പറയണമെന്നും പറഞ്ഞു മനസ്സിലാക്കാനും ,അയാൾക്ക് അത് മനസ്സിലാവാനും കുറച്ച് ശ്രമപ്പെട്ടെങ്കിലും എന്റെ ഉദ്യമം വിജയിച്ചു.ഇത്തരം സന്ദർഭങ്ങളിൽ മലയാളികൾക്കുള്ള കഴിവ് ചില സിനിമകളിലും നമ്മൾ കണ്ടിട്ടുള്ളതാണല്ലോ ? അപ്പോഴാണ് തൊട്ടടുത്തിരിക്കുന്ന വൃദ്ധയെ ഞാൻ ശ്രദ്ധിച്ചത്.നാട്ടിൻ പുറത്തുകാരിയായ നല്ല ഉമ്മ അവരെ നോക്കിയതു കണ്ടിട്ടാവണം എന്നെ നോക്കി ഉമ്മ പുഞ്ചിരിച്ചു.വായിൽ ഒരൊറ്റ പല്ലില്ല അപ്പോൾ എങ്ങനെ ചിരിച്ചാലും അത് പുഞ്ചിരിയല്ലെ ആകൂ.”എവിടേക്കാ?”

അവർ സ്വതസിദ്ധമായ ശൈലിയിൽ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു മൈസൂരു.തുടർന്ന് ഞാൻ ഒന്നും ചോദിക്കാതെ തന്നെ അവർ ഓരോന്ന് പറയാൻ തുടങ്ങി. “മോന്റെ വീട്ടില് വന്നതാ. ഓന് സുഖോല്ലാ. ഞമ്മന്റെ ബീട് വീരാജ്പേട്ടയാ’ അബിടെ ന്റെ മാപ്പിളയെ ഉള്ളൂ. ഞമ്മള് ഒറ്റക്കാവന്നെ’ പേട്ടക്കെത്തിയാ കൊറച്ചേ ഉള്ളു പോകാൻ ” – അവർ പറഞ്ഞു നിർത്തി.ഈ പ്രായത്തിലും ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ആ അപാര ധൈര്യം കണ്ട് ഞാൻ അവരെ അടിമുടി നോക്കി.

കുറച്ചു ദൂരം യാത്ര ചെയ്ത ശേഷം ‘ചായ കുടിക്കുന്നതിനായി ഡ്രൈവർ ബസ്സ് ഓരം ചേർന്ന് നിർത്തിയിട്ടു.10 മിനുട്ട് എന്ന് യാത്രക്കാരെ ഓർമ്മപ്പെടുത്തി.ഛർദ്ദി വന്നാലോ എന്ന ഭയം കാരണം എന്തെങ്കിലും കഴിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. വൃദ്ധയായ ഉമ്മയും ബസ്സിൽ നിന്ന് ഇറങ്ങിയില്ല.അവർ തന്റെ കൈയിലുള്ള സഞ്ചിയിൽ നിന്നും എന്തോ തപ്പിയെടുത്തു. ഞാൻ ഇടംകണ്ണിട്ടു നോക്കി .ഒരു ഓറഞ്ച്.അതിന്റെ നടുഭാഗത്ത് പെരുവിരൽ കുത്തിയിറക്കി അവർ ആ ഓറഞ്ചിനെ നേരെ പകുതിയാക്കി. നഖം തറച്ചതിനാലാവാം കുറച്ച് നീര് എന്റെ കൈകളിലേക്ക് തെറിച്ചു വീണു. ഒരു ഭാഗം എനിക്കു നേരെ നീട്ടി. എന്റെ തലച്ചോറിൽ ഒരു അപായമണി അടിച്ചു ആരോ ഉള്ളിൽ നിന്നു പറഞ്ഞു .വാങ്ങരുത്.” ഉമ്മാ,

ഞാൻ യാത്രയ്ക്കിടയിൽ ഒന്നും കഴിക്കാറില്ല, ഛർദ്ദി വരും” – സ്നേഹത്തോടെ നിരസിച്ചു കൊണ്ട് പറഞ്ഞു. ” ഛർദ്ദിക്കുന്നെങ്കിൽ അങ്ങ് പോട്ടേന്ന്.പി ടിക്കാട്ന്ന് ” – എന്നു പറഞ്ഞ് അവർ ഓറഞ്ച് എന്റെ ഉള്ളംകൈയ്യിൽ അമർത്തിപ്പിടിച്ചു.പിന്നെ എനിക്ക് അനുസരിക്കാനേ കഴിഞ്ഞുള്ളൂ. അവരുടെ പെരുവിരലിലേക്ക് ഞാൻ ഒളികണ്ണിട്ടു നോക്കി. നീണ്ട നഖമുണ്ടെങ്കിലും അത് വൃത്തിയുള്ളതായിരുന്നു. ഭാഗ്യം! എങ്കിലും കഴിക്കാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ട് അവർ കഴിച്ചു തീരുന്നതുവരെ ഞാൻ കാത്തിരുന്നു.തുടർന്ന് ഓരോ അല്ലിയായി ഞാനും വായിലേക്കിട്ടു. അവരെ അകാരണമായി സംശയിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി. മനസ്സിൽ ക്ഷമ ചോദിച്ചു.

ബസ്സ് ചുരം കയറാൻ തുടങ്ങിയപ്പോൾ വൃദ്ധ ഉറക്കം പിടിച്ചു. ഞാൻ വെറുതെ കണ്ണടച്ചിരുന്നു. കാരണം ചുരം കയറൽ ഒരു ബോറൻ ഏർപ്പാടാ. തല കറങ്ങുന്നതു പോലെ തോന്നും. പേട്ട എത്തിയപ്പോൾ ഉമ്മ യാത്ര പറഞ്ഞ് ഇറങ്ങി.ഞാൻ തനിച്ചാവുകയും ചെയ്തു. എനിക്ക് ഇറങ്ങേണ്ട സ്ഥലം എത്തിയാലോ എന്ന ഭയം കാരണം പിന്നീട് കണ്ണടച്ചിരിക്കാൻ കഴിഞ്ഞില്ല ഉച്ചയായപ്പോഴാണ് ഞാൻ മൈസൂരെത്തിയത്.ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോൾ കണ്ടക്ടർ വന്നു പറഞ്ഞു.” സെന്റ് ജോസഫ് ” .എന്റെ ലഗേജുകൾ എടുത്ത് തരികയും ചെയ്തു. പുഞ്ചിരിയോടെ ഞാൻ നന്ദി പറഞ്ഞു.

ബസ്സ് പതിയെ നീങ്ങിത്തുടങ്ങി. ഇനി എങ്ങോട്ടെന്നറിയാതെ ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു.രണ്ട് മൂന്ന് ഓട്ടോറിക്ഷ നിർത്തിയിട്ടതു കണ്ട് അങ്ങോട്ടേക്ക് നോക്കി. അതിലെ ഡ്രൈവർമാർ എന്നെത്തന്നെ നോക്കുന്നതു കണ്ട് ഞാൻ അങ്ങോട്ടേക്ക് വച്ചുപിടിച്ചു. “ഭായി ലേഡീസ് ഹോസ്റ്റൽ “. ഞാൻ പറഞ്ഞു. കൃത്യ സ്ഥലത്ത് എത്തിച്ചില്ലെങ്കിലോ, അപായപ്പെടുത്താൻ ശ്രമിച്ചാലോ എന്ന ആശങ്കയുള്ളതിനാൽ ഹോസ്റ്റൽ എവിടെയാണെന്നും അറിയില്ലെന്നും മന: പൂർവ്വം പറയാതിരുന്നു.50 രൂപ എന്ന് അതിലൊരാൾ വറഞ്ഞു. “ഓകെ എന്നു പറഞ്ഞു കൊണ്ട് ഞാൻ ഓട്ടോയിലേക്ക് കയറി.ലക്ഷ്യത്തിലെത്താറായ സന്തോഷം എന്നിലുണ്ടായിരുന്നു .ഹോസ്റ്റലിന് മുന്നിൽ എത്തിയപ്പോഴാണ് അബദ്ധം മനസ്സിലായത്.20 രൂപയുടെ ദൂരം മാത്രം. കാശ് പറഞ്ഞുറപ്പിച്ച ശേഷം ഓട്ടോയിൽ കയറുക എന്ന പാഠം അതിലൂടെ ഞാൻ പഠിച്ചു. ദുഷ്ടൻ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ കാശ് നൽകി. ഇങ്ങനെയെങ്കിൽ ഓട്ടോറിക്ഷ ഡ്രൈവർമാരൊക്കെ ഒരു മാസം നല്ല കാശ്

സമ്പാദിക്കുന്നുണ്ടാവും എന്ന് മനസ്സിൽ കണക്കുകൂട്ടുകയും ചെയ്തു. നമ്മുടെ നാട്ടിലെ നല്ലവരായ ഓട്ടോ സഹോദരൻമാരോട് സ്നേഹം തോന്നുകയും ചെയ്തു. ഗേറ്റിനു സമീപം നിന്ന വനിതാ സെക്യൂരിറ്റിയോട് കോളേജിന്റെ പേര് പറഞ്ഞതിനു ശേഷം ഞാൻ അകത്തേക്ക് കടന്നു ഹോസ്റ്റൽ വാർഡനുമായി സംസാരിച്ചതിനു ശേഷം എനിക്കായി അനുവദിച്ച കോട്ടേജിലേക്ക് നടന്നു. ദൈവമേ ഒരു മലയാളി എങ്കിലും ഉണ്ടാവണേ എന്ന് ആത്മാർത്ഥമായി വിളിച്ചെങ്കിലും റേഞ്ചില്ലാത്തതിനാൽ ദൈവം കേട്ടില്ലെന്ന് തോന്നുന്നു. മുറിക്കുള്ളിലെത്തിയ ഞാൻ പവനായി ശവമായി എന്നു പറഞ്ഞതുപോലെ തരിച്ചുനിന്നു. മുറിയിൽ ഉണ്ടായിരുന്നവർ അസ്സം,

ഹൈദരാബാദ്, ബാംഗ്ലൂർ ,മാംഗ്ലൂർ എന്നിവിടങ്ങളിൽ ഉള്ളവരായിരുന്നു.അവർ “ഹായ്” പറഞ്ഞെങ്കിലും ഹലോ എന്ന എന്റെ മറുപടി ശബ്ദത്തിന് കനം കുറഞ്ഞു പോയി. ഹൃദയം പടപടാ മിടിച്ചെങ്കിലും ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച്, പതിയെ പതിയെ ഞാൻ അവരുടെ പ്രിയപ്പെട്ട മലയാളിക്കുട്ടിയായി മാറി. അവർ എന്റെ പ്രിയ ദീദി മാരും.മലയാളം പഠിച്ചെടുക്കാൻ അവർ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല പക്ഷെ ,അവരുടെ കന്നടയും തെലുങ്കും കേട്ട്, ഊഹിച്ച് അർത്ഥം മനസ്സിലാക്കിയെടുക്കാൻ എനിക്ക് അനായാസം കഴിഞ്ഞു. നല്ല സൗഹൃദത്തിന് ഭാഷ ഒരു അത്യാവശ്യ ഘടകമല്ലെന്നും ഹൃദയ ഭാഷയാണ് ആവശ്യമെന്നും ഞാൻ മനസ്സിലാക്കിയത് അന്നാണ്. മനസ്സുകൾക്ക് തമ്മിൽ വിനിമയം സാധ്യമായാൽ സൗഹൃദങ്ങൾക്ക് ,ബന്ധങ്ങൾക്ക് ദേശമോ ഭാഷയോ ഒരു തടസ്സമേ അല്ല എന്ന് എനിക്ക് ബോധ്യമായത് ആ മൈസൂർ യാത്രയിലൂടെയായിരുന്നു.

രചന :….ഷീജ പുറവൂർ….

Leave a Reply

Your email address will not be published. Required fields are marked *