Welcome

ആദ്യാനുരാഗം

രചന : ആദിത്യൻ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ 22642…അനൗൺസ്മെന്റ് കേട്ടാണ് ഉറക്കത്തിൽനിന്നും എഴുന്നേറ്റത്, ട്രെയിൻ പുറപ്പെടാൻ ഇനിയും അരമണിക്കൂർ കൂടി സമയമുണ്ട് ,ഒരു കോഫിയും നുണഞ്ഞു വെറുതെ പുറത്തേക്കും നോക്കി ഞാനിരുന്നു.

എങ്ങും ആളുകളുടെ പരക്കംപാച്ചിൽ, ചായവിൽപ്പനക്കാരുടെ നീട്ടിയുള്ള വിളി, പല ഭാഷ സംസാരിക്കുന്നവർ , വ്യത്യസ്ത സംസ്കാരങ്ങൾ ഒരുമിക്കുന്നയിടം.ട്രെയിൻ യാത്രക്കൊരു പ്രത്യേകസുഖമുണ്ട് നമ്മുടെ ചിന്തകളെ നമുക്ക് കൂടുതുറന്നുവിടാം,ഒന്നുമറിയാതിരുന്നു സ്വപ്നംകാണാം, പാഞ്ഞുപോകുന്ന ട്രെയ്നിലിരുന്നു നമുക്കുപിന്നിൽ ഓടിമറയുന്ന ഉറങ്ങുന്ന ഗ്രാമങ്ങളെക്കാണാം ,പൂർണ്ണമായും ഉറങ്ങാനാകാതെയുള്ള പട്ടണങ്ങളുടെ ഉറക്കംതൂങ്ങലുകൾ കാണാം.

ഞാനിരുന്ന കമ്പാർട്ടുമെന്റിൽ വലിയതിരക്കൊന്നുമുണ്ടായിരുന്നില്ല, സൈഡ്സീറ്റിലും ബർത്തിലുമൊക്കെയായി ഒരെട്ടുപത്തുപേര്, കണ്ടിട്ട് ആരുതന്നെ മലയാളികളല്ലെന്നുതോന്നുന്നു.ട്രെയിൻ പുറപ്പെടാനുള്ള സമയമായി അപ്പോഴാണ് ഗുണ്ടുമണിപോലൊരു ചെക്കനും കൂടൊരു പെൺകുട്ടിയും ഞാനിരുന്ന കമ്പാർട്ടുമെന്റിൽ വന്നുകയറിയത്.ചുറ്റിനുമൊക്കെ ഒന്നുനോക്കി ഞാനിരുന്ന സീറ്റിനെതിരെ അവരിരുന്നു. ഇന്നത്തെ കണിയെന്തായാലും മോശമായില്ല ഞാൻ മനസ്സിലോർത്തു. ട്രെയിൻ പുറപ്പെട്ടു അവളുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം,വല്ലാത്തൊരു കൗതുകത്തോടെ അവൾ ചുറ്റുമൊന്ന് കണ്ണോടിച്ചു, കുറച്ചുസമയം കഴിഞ്ഞു മെല്ലെ അവൾ എഴുന്നേറ്റുനിന്നു.

” എടാ കുട്ടു യാതൊരാനക്കുവുമില്ല അല്ലെ പിടിക്കുകപോലും വേണ്ട ഒ എന്തൊരുരസമാ ” അവൻ വലിയ ഗൗരവത്തിലൊന്നു മൂളി,പറഞ്ഞുകഴിഞ്ഞതും അവളെന്നെ ഒന്നുനോക്കി ചമ്മിയ ഒരു ചിരി,ആദ്യമായിട്ടാണ് അവൾ ട്രെയിനിൽ യാത്രചെയ്യുന്നതെന്നെനിക്ക് മനസ്സിലായി.

” ഹലോ അച്ഛാ ഞങ്ങളിവിടുന്നു പുറപ്പെട്ടു കേട്ടോ, സീറ്റൊക്കെ കിട്ടി കുട്ടു എന്റെ കൂടെയുണ്ട് , നല്ലരസമുണ്ട് യാത്ര,ആ പിന്നൊരുകാര്യം കഷ്ട്ടമുണ്ടാട്ടോ സൈഡ് സീറ്റു കിട്ടിയില്ല ” അവളുടെ അച്ഛനാണെന്നു തോന്നുന്നു അവൾ ഫോണിലൂടെ ഒരുയാത്രാവിവരണംപോലെ ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. അവളുടെ കൂടെയുള്ള കുട്ടിപ്പിശാച് എന്നെ ഇടക്കിടെ രൂക്ഷമായി നോക്കുന്നുണ്ട് അതുകൊണ്ട് അവളെ മര്യാദക്കൊന്നു നോക്കാനും കഴിയുന്നില്ല.

ഇനി തുറിച്ചുനോട്ടത്തിനു കേസുകൊടുക്കേണ്ട എന്നുകരുതി ഞാൻ ഹെഡ്ഫോണിൽ നല്ലൊരുപാട്ടുംകേട്ടു പുറത്തേക്ക് നോക്കിയിരുന്നു.എങ്കിലും എൻറെ നോട്ടം ഇടക്കിടെ അവളുടെമേൽ പാറിവീഴുന്നുണ്ടായിരുന്നു . അവൾ ഇടക്കിടെ എത്തിവലിഞ്ഞു പുറത്തേക്ക് നോക്കുന്നുണ്ട്,എന്നിട്ട് സൈഡ് സീറ്റിൽ ഇരുന്നവരെയെല്ലാം ഒന്നുനോക്കി.ഈശ്വരാ അവൾക്കു സൈഡ് സീറ്റു വേണമെന്നെങ്ങാനും പറയുമോ അവള് ചോദിച്ചാൽ ഞാൻ ഉറപ്പായിട്ടും മാറിയിരുന്നുപോകും, എൻറെ പ്രാർത്ഥന ദൈവത്തിന്റെ അടുക്കലെത്തുന്നതിനുമുന്പേ അവളുടെ കണ്ണുകൾ കറങ്ങിത്തിരിഞ്ഞെൻറെ നേരെയായി.

” അതേ ഞാൻ കുറച്ചുസമയം അവിടിരുന്നോട്ടെ ” അവളുടെ ചോദ്യം കേട്ടതും സൈഡ് സീറ്റ് അവൾക്കിരിക്കാൻ പാകത്തിന് വിട്ടുകൊടുത്തു ഞാൻ പിൻവാങ്ങി, അവളുടെ അടുത്തിരിക്കാമെന്നപ്രതീക്ഷയോടെ മാറിയിരുന്ന എൻറെ പ്രതീക്ഷകളെയാകെ ഞെരിച്ചുകൊണ്ട് അവളുടെ കൂടെയുണ്ടായിരുന്ന ഗുണ്ടുമണി ഞങ്ങൾക്കിടയിലേക്ക് വന്നുവീണു. അവൻ അവളുടെ കയ്യിൽനിന്നും മൊബൈൽ വാങ്ങി ഗെയിം കളിതുടങ്ങി,”കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്നാൽ ഉത്തരത്തിലുള്ളത് കിട്ടുകയും ചെയ്തില്ല” എന്നുപറഞ്ഞതുപോലായി എൻറെ അവസ്ഥ..

” ഹലോ അച്ഛനുറങ്ങിയോ, ട്രെയിനിപ്പോൾ വർക്കലയിലെത്തി എന്താണെന്നറിയില്ല ഇവിടെ നിർത്തിയിട്ടിരിക്കുകയാ, ഇവിടടുത്തല്ലേ അച്ഛാ ഈ ശിവഗിരി… ” അവൾ വീണ്ടും യാത്രാ വിവരണം ആരംഭിച്ചു ശ്രീനാരായണഗുരുവിനെപ്പറ്റിയും,ശിവഗിരി തീർത്ഥാടനത്തെപ്പറ്റിയുമെല്ലാം വിശദമായി സംസാരിക്കുന്നുണ്ട്,ആള് നമ്മുടെ ടീമുതന്നെ ഞാൻ മനസ്സിലോർത്തു,എന്തായാലും കല്ല്യാണം കഴിഞ്ഞട്ടില്ല അപ്പൊ പ്രതീക്ഷക്കുവകയുണ്ട്. പക്ഷെ അവളോടുക്കത്തെ ഗ്ലാമറാ ഇനി ആരെങ്കിലും ഇവളെ കറക്കിയെടുത്തിട്ടുണ്ടാകുമോ, ചിന്തകളങ്ങിനെ പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ ട്രെയിൻ വീണ്ടും യാത്രയാരംഭിച്ചു .കുറച്ചുസമയം എന്നുപറഞ്ഞു എൻറെ സീറ്റുകയ്യടക്കിയ കക്ഷി മാറാനുള്ള ലക്ഷണമൊന്നും കാണുന്നില്ല.

അവൾ യാത്രാ വിവരണം അവസാനിപ്പിച്ച് ഫോൺ ഗുണ്ടുമണിക്കുകൈമാറി,അവൻ വീണ്ടും ഗെയിം കളിതുടങ്ങി.അവൾ ബാഗുതുറന്ന് കുറച്ചയിറ്റംസ് പുറത്തെടുത്തു, ലെയ്സ്, മിച്ചർ പിന്നെ വലിയൊരു ബോട്ടിൽ സ്പ്രൈറ്റ്,അവള് പുറത്തുള്ള കാഴ്ചകൾ ആസ്വദിച്ചു ഓരോന്നായി അകത്താക്കി തുടങ്ങി, അവളുടെ കൂടെയുള്ള ചെക്കൻ അവൻറെ വീതം പെട്ടെന്നകത്താക്കി.അവൻ ഗെയിം കളിയൊക്കെ നിർത്തി ഉറങ്ങാനുള്ള പരിപാടിയാണെന്നു തോന്നി അതോടെ ഞാൻ പൂർണ്ണമായും ആ സീറ്റിൽ നിന്നുതന്നെ ഔട്ടായി.

അവളുടെ കയ്യിലുള്ള അയിറ്റംസ് ഓരോന്നായി തീർന്നുകൊണ്ടിരുന്നു,അവള് യാത്രയിൽ ലയിച്ചങ്ങിനെ ഇരിക്കുകയാണ്, കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകളെ അവളിടക്കിടെ ഒതുക്കിവക്കുന്നുണ്ട്,അവളേയും ശ്രദ്ധിച്ചിരുന്നതിനാലാകും എനിക്ക് തീരെ ഉറക്കം വന്നില്ല. തട്ടത്തിൻ മറയത്ത് എന്ന പടത്തിലെ ഡയലോഗാണിപ്പോൾ ഓർമ്മവരുന്നത് ” അവളെ അങ്ങനെ നോക്കിയിരുന്നാലുണ്ടല്ലോ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റില്ല “. അങ്ങനെ ഒരു പ്രത്യേക ഫീലിൽ ഞാനങ്ങനെ ഇരുന്നു .ട്രെയിൻ അപ്പോൾ കായംകുളത്തെത്തിയിരുന്നു. അവൾ വീണ്ടും ഫോണെടുത്തു.

“അച്ഛാ ഞങ്ങള് കായംകുളത്തെത്തി , കുട്ടു നല്ല ഉറക്കമാ , ആ പിന്നൊരു കാര്യം എനിക്ക് സൈഡ്സീറ്റുകിട്ടി, അതുപറഞ്ഞപ്പോൾ അവൾ സ്വരമൽപ്പം താഴ്ത്തി എന്നെയൊന്നു നോക്കി.ഞാൻ ശ്രദ്ധിക്കാത്തമട്ടിലിരുന്നു,അവള് സംസാരം വീണ്ടും തുടർന്നു. ” അച്ഛാ കായകുളം കൊച്ചുണ്ണിയുടെ നാടല്ലേ ഇത് പെരുത്തൊരു കള്ളൻറെ പേരിലറിയപ്പെടുന്നൊരു നാട് അല്ലേ ..” പെട്ടെന്ന് സ്വിച്ചിട്ടപോലെ അവളുടെ ഫോൺ വിളിനിന്നു, ഫോൺ ഓഫായിപ്പോയെന്നെനിക്കുമനസ്സിലായി.

ഞങ്ങളിരുന്ന കമ്പാർട്ടുമെന്റിൽ ഒന്നുരണ്ടിടത് ഫോൺ ചാർജുചെയ്യാനുള്ള സ്ഥലം ഉണ്ടായിരുന്നു, അവളത്തിലൊക്കെ ചാർജർ കുത്തിനോക്കുന്നതുകണ്ടു , ഒന്നും വർക്കുചെയ്യുന്നില്ലെന്നെനിക്കുമനസ്സിലായി ,അതെങ്ങിനെയാ കുരുത്തക്കേടിന് കയ്യും കാലുംവച്ച ചിലതെല്ലാം ട്രെയിനിൽ കയറും,ഇരുന്നുമടുക്കുമ്പോൾ അവര് കൈത്തരിപ്പുതീർക്കുന്നതിതിലൊക്കെയല്ലേ. അവളുടെ കണ്ണുകൾ വീണ്ടും എൻറെ നേർക്കായി ഈശ്വരാ എൻറെ ഫോൺതന്നെയാണവളുടെ ലക്ഷ്യം എന്നെനിക്ക് മനസ്സിലായി.

” ചേട്ടാ ആ ഫോണൊന്നുതരാമോ പെട്ടെന്ന് കാട്ടായിപ്പോയതുകൊണ്ട് അച്ഛൻ പേടിക്കും ഒന്ന് വിളിച്ചുപറയാനാ”ഞാൻ ഫോൺ അവൾക്കുകൊടുത്തു,അവളച്ചനെ വിളിച്ചു കാര്യം പറഞ്ഞു ഫോൺ പെട്ടന്നുതന്നെ തിരിച്ചുതന്നു.

യാത്രാവിവരണത്തിന് ഭംഗം വന്നതിനാലാവാം അവളുടെ മുഖത്ത് ചെറിയൊരു ശോകഭാവം,അവൾ അലസമായി പുറത്തേക്ക് നോക്കിയിരുന്നു ഞാൻ അവളേയും. പതുക്കെ പതുക്കെ ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണു..പെട്ടെന്നാണ് ഫോൺ ബെല്ലടിച്ചത് ഞാൻ ഞെട്ടിയെഴുന്നേറ്റു,ഇതാരാണാവോ ഈ സമയത്തു എന്നുമനസ്സിൽകരുതിയാണ് ഫോണെടുത്ത്.

“കുറച്ചുമുൻപ് മോൾ ഈ ഫോണിൽനിന്നും വിളിച്ചിരുന്നു ,മോളെടുത്തുണ്ടെങ്കിൽ ഒന്ന് ഫോൺ കൊടുക്കാമോ ” അവളുടെ അച്ഛനാണ് അപ്പോഴേക്കും ട്രെയിൻ ചെങ്ങന്നൂരെത്തിയിരുന്നു,ഞാനവൾക്ക് ഫോൺകൊടുത്തു, ട്രെയിനിലുള്ള കുറച്ചുപേർ അവിടെയിറങ്ങി , ഞാൻ അവളുടെ എതിർവശത്തെ സീറ്റിലേക്ക് ഞാൻ മാറിയിരുന്നു,അവരുടെ സംസാരം ഇനിയും തീർന്നിട്ടില്ല അവളിടക്കെന്നെയൊന്നു നോക്കി, തുടർന്നോളൂ എന്ന് ഞാൻ കൈകൊണ്ടു ആഗ്യം കാണിച്ചു.

“ അച്ഛാ ട്രൈനിപ്പോൾ ചെങ്ങന്നൂരെത്തീട്ടൊ,അയ്യപ്പസ്വാമിയുടെ നാടല്ലേ അച്ഛാ ഇത് ,ഇവിടടുത്തെവിടെയോ അല്ലേ പന്തളം കൊട്ടാരം“. അവളുടെ മുഖം ഭക്തി സാന്ദ്രമായിമാറി, ഇവളൊരു തനി ബുദൂസുതന്നെ ഞാൻ മനസ്സിലോർത്തു,അങ്ങനെ പന്തളം കൊട്ടാരത്തിൽ തുടങ്ങി പൊന്നമ്പലമേട്ടിലെ ജ്യോതി തെളിയുന്നതുവരെയുള്ള കാര്യങ്ങൾ പറഞ്ഞു കഴിഞ്ഞപ്പോഴേ ആ സംസാരം അവസാനിച്ചുള്ളു.

” സോറിട്ടോ ഒരുപാട് സമയമായി അല്ലേ, ഞങ്ങൾ ഒരുപാട് കൊതിച്ചൊരു യാത്രയായിരുന്നു ഇത് അതുകൊണ്ട് ഒരുപാട് സംസാരിച്ചുപോയി” ഇത്രയും സമയംകൊണ്ട് അവളുടെ സ്വാഭാവം എനിക്കേതാണ്ട് പിടുത്തംകിട്ടിയിരുന്നതുകൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല ചുമ്മാ ചിരിക്കുകമാത്രം ചെയ്തു .

“നിങ്ങൾ ഒരുപാട് കൊതിച്ച യാത്രയാണെന്നല്ലേ പറഞ്ഞത് എങ്കിൽ അച്ഛനെക്കൂടി കൂടെ കൂട്ടാമായിരുന്നില്ലേ ” ഒരുപാടുനേരമായുള്ള എൻറെ ആകാംഷ എനിക്കടക്കാനായില്ല.

പെട്ടെന്നവളുടെ മുഖംവാടി , അവളുടെ കണ്ണുകളിലെ ആ നക്ഷത്രത്തിളക്കം മാഞ്ഞു ,ചോദിച്ചതബദ്ധമായിപോയോ എന്നെനിക്ക് തോന്നിപ്പോയി.കുറച്ചുസമയത്തേക്ക് ഞങ്ങളിരുവരും ഒന്നും മിണ്ടിയില്ല.കുറച്ചുസമയം എന്തോ ആലോചിച്ചശേഷം അവൾ പറഞ്ഞു തുടങ്ങി.

” അച്ഛന് ഒരാക്സിഡന്റ് പറ്റി ഇരിക്കുകയാ,നടക്കാൻ ബുദ്ധിമുട്ടുണ്ട്,ഒരുപാടുദൂരമൊന്നും യാത്രചെയ്യാൻ പറ്റത്തില്ല”,അത്രയും പറഞ്ഞു അവളൊന്നു ചിരിച്ചെന്നു വരുത്തി.

” സോറി ഞാൻ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല, നിങ്ങൾ തമ്മിലുള്ള സംസാരം കേട്ടപ്പോൾ എന്തോ ഒന്നറിയണമെന്നുതോന്നി അതുകൊണ്ട് ചോദിച്ചുപോയതാ,ഫോൺ വിളിക്കണമെങ്കിൽ വിളിച്ചോളൂട്ടോ ഓഫർ ചെയ്തിട്ടുണ്ട് അതുകൊണ്ട് ക്യാഷ് പോകുമെന്നുകരുതി വിളിക്കാതിരിക്കേണ്ട.”

” വേണ്ട അച്ഛനിങ്ങോട്ടു വിളിച്ചോളും,ഞാനും അച്ഛനും ശരിക്കും കൂട്ടുകാരെപോലെയാ, എല്ലാം തുറന്നു സംസാരിക്കും, അച്ഛന് യാത്ര ഒരുപാടിഷ്ടമായിരുന്നു പക്ഷെ ഇതുവരെ ട്രെയിനിൽ കയറിയിട്ടില്ല അതച്ചനെപ്പോഴും പറയും പറഞ്ഞു പറഞ്ഞു അതെന്റെകൂടി ആഗ്രഹമായിമാറി , എളുപ്പം നടത്താവുന്നഒന്നായിരുന്നിട്ടും എന്തോ അതുമാത്രം നടന്നില്ല.തൊടുപുഴയാണെ ഞങ്ങളുടെ വീട് അവിടെ ഈ റെയിൽവേയൊന്നുമില്ലല്ലോ, എറണാകുളത്തൊക്കെ വരുമ്പോൾ ട്രെയിൻ കണ്ടിട്ടുണ്ട് പക്ഷെ കേറാൻ പറ്റിയിട്ടില്ല .”

പതുക്കെ ഞങ്ങൾ നല്ല ഫ്രണ്ട്സായി ,അവളുടെ പേര് ആതിര, അവൾ തിരുവന്തപുരത്തു എന്തോ ഇന്റർവ്യൂവിന് പോയതാണ്, ,കൂടെയുള്ള ചെക്കൻ അവളുടെ ബന്ധുവാണ്,അവനെക്കുറിച്ചു പറഞ്ഞുതുടങ്ങിയെപ്പോഴെ മനസ്സിലായി അവരുടെ വീട്ടിലെ വലിയ ഹീറോയാണ് ചെക്കനെന്ന്, ഇതുവരെ അവനെഴുന്നേറ്റട്ടില്ല നല്ലകൂട്ട്ഞാൻ മനസ്സിലോർത്തു.

അപ്പോഴേക്കും ട്രെയിൻ കോട്ടയം എത്തിയിരുന്നു, നേരം വെളുത്തുതുടങ്ങി , അവളുടെ അച്ചന്റെ ഫോൺ വന്നപ്പോൾ എൻറെ ഫോൺ അവളുടെ കയ്യിൽകൊടുത്തിട്ടു ഞാൻ അവളുടെ ഫോണും ചാർജറുമായി വേറൊരു കംബാറ്റ്മെന്റിൽ പോയി അത്യാവശ്യം ചാർജ് ചെയ്തു.തിരിച്ചെത്തിയപ്പോഴേക്കും ചെക്കൻ ഉറക്കം എഴുന്നേറ്റായിരുന്നു.അവളുടെ ചുംബനങ്ങളേറ്റുവാങ്ങിയ എൻറെ ഫോൺ എന്നെനോക്കി ചിരിച്ചു. അവനെഴുന്നേറ്റതുകൊണ്ടാണോ എന്തോ പിന്നീടവൾ കൂടുതലൊന്നും സംസാരിച്ചില്ല.

ഞങ്ങൾ എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തി,” ചേട്ടാ നമ്മൾക്കൊരു ചായ കുടിച്ചാലോ” പോകാന്നേരം അവൾ ചോദിച്ചു. ഞങ്ങൾ ചായകുടിക്കാനായി കയറി, അവളുടെ കൂടെയുള്ള ചെക്കൻ ഇടക്കിടെ എന്നെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു,അവനതത്ര പിടിച്ചമട്ടില്ല,ചായകുടിച്ചുകഴിഞ്ഞതും അവൾ പെട്ടെന്ന് പൈസകൊടുത്തു, ഞാൻ തടഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല ” എനിക്കൊരുപാട് ഹെൽപ് ചെയ്തതല്ലേ ഇതെന്റെയൊരു സന്തോഷത്തിന്” അവൾ പറഞ്ഞു.

അവർ യാത്രപറഞ്ഞുപോയപ്പോൾ എന്തോ വല്ലാത്തൊരു വിഷമംതോന്നി,ഒരുപാട്വേണ്ടപെട്ടവരാരോ അകന്നുപോയപോലെ,പോയിക്കഴിഞ്ഞപ്പോഴാണ് അവളുടെ നമ്പർ മേടിച്ചില്ലല്ലോ എന്നോർത്തത്, എന്തായാലും അവളുടെ അച്ഛന്റെ നമ്പർ സേവ് ചെയ്തു. വീട്ടിലെത്തിയിട്ടും അവളെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു മനസ്സിൽ.

” നീ എന്താ സ്വപ്നം കാണുകയാണോ,വേഗം കുളിച്ചുറെഡിയായിക്കെ ആ ബ്രോക്കർ ഇപ്പൊ ഇങ്ങെത്തും” അമ്മയുടെ പറച്ചിൽ എന്നെ ചിന്തയിൽനിന്നുമുണർത്തി, ഇന്നൊരു പെണ്ണുകാണൽ ചടങ്ങുണ്ട് അല്ലെങ്കിലും കല്യാണം കഴിക്കേണ്ട സമയമായാൽ പിന്നെ ഞായറാഴ്ചയും അവധിദിവസങ്ങളിലും ഇതുതന്നെ പരിപാടി,മടിച്ചുമടിച്ചാണ് പെണ്ണുകാണാൻ പോയത്, പെൺകുട്ടിയെ കണ്ടു നല്ലകുട്ടി വൈകുന്നേരമായപ്പോൾ അവര്ക്കിഷ്ട്ടമായെന്നു ബ്രോക്കർ വിളിച്ചുപറഞ്ഞു,അപ്പോൾ മുതൽ തുടങ്ങിയതാണ് അമ്മയുടെ ശല്യം.

” അപ്പൂ നീയെന്താ ഒന്നുംപറയാത്തെ, നല്ലകുട്ടിയാണെന്നാണല്ലോ ബ്രോക്കർ പറഞ്ഞത് എന്തേ നിനക്കിഷ്ട്ടമായില്ലേ, നീ കുട്ടിക്കളി കാളയെന്റെഅപ്പൂ ഈ ചിങ്ങത്തിൽ നിനക്ക് മുപ്പതുവയസ്സു തികയും അതിനുമുമ്പേ കല്യാണം നടന്നില്ലെങ്കിൽ പിന്നെ മുപ്പത്തഞ്ചിലേ നടക്കൂ എന്നാ ജ്യോൽസ്യൻ പറഞ്ഞത്.

” കുട്ടിയൊക്കെ നല്ലതാണു എന്നാലും …”

” എന്ത് എന്നാലും ഞാൻ നിനക്കിഷ്ട്ടമാണെന്ന് വിളിച്ചുപറയാൻപോവുകയാണ് ” എന്താ ഇപ്പോ ചെയ്ക ആതിരയെ കാണുന്നതിന് മുൻപാണെങ്കിൽ ഞാൻ കണ്ണുമടച്ചു ഓക്കേ പറയുമായിരുന്നു.

” അമ്മേ ഒരഞ്ചു മിനിറ്റ് എനിക്കൊരാളോട് അഭിപ്രായം ചോദിക്കാനുണ്ട്” ഞാൻ മുറിയിൽ കയറി രണ്ടുംകല്പിച്ചു അവളെ വിളിക്കാൻതന്നെ തീരുമാനിച്ചു.ഞാൻ നമ്പർ ഡയൽ ചെയ്തു അവളുടെ അച്ഛനാണ് ഫോണെടുത്തത്.

” ഹലോ ആതിരയുടെ ഒരു സുഹൃത്താണ് വിളിക്കുന്നത് അതിരക്കൊന്നു ഫോൺ കൊടുക്കാമോ, ഞാൻചോദിച്ചു,കുറച്ചുസമയം കഴിഞ്ഞാണ് അവൾ വന്നത്,ഓടിവരികയായിരുന്നു എന്നുതോന്നുന്നു അവൾ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.

” ഞാൻ അപ്പുവാ വിളിക്കുന്നേ ഇന്നലെ ട്രെയിനിൽ വച്ചുകണ്ട …”

” ഉവ്വ മനസ്സിലായി എന്തുപറ്റി ” ഞാൻ പരിചയപ്പെടുത്താൻ തുടങ്ങിയതും അവൾ ചോദിച്ചു.

” ഞാനിന്നൊരു പെണ്ണ്കാണാൻ പോയിരുന്നു ,നല്ലകുട്ടിയാണ് എന്തോ അവരോട് മറുപടി പറയുന്നതിനുമുന്പ് തന്നെയൊന്ന് വിളിക്കണമെന്നുതോന്നി തൻറെ അഭിപ്രായംകൂടി ഒന്നറിയണമെന്ന് തോന്നി ” കുറച്ചുസമയത്തേക്ക്അനക്കമൊന്നും കേട്ടില്ല എൻറെ നെഞ്ച് പടപടാ മിടിക്കുന്നുണ്ടായിരുന്നു, ഒരാവേശത്തിൻറെ പുറത്തുകയറിവിളിച്ചതാണ്.

” എൻറെ അഭിപ്രായമോ അതെന്തിനാ ..ഞാനിപ്പോ എന്താപറയുക അതിനു ഞാൻ ആ കുട്ടിയെ കണ്ടിട്ടില്ലല്ലോ പിന്നെങ്ങിനെ അഭിപ്രായം പറയും ” ഇവളെന്താ മന്ദബുദ്ധിയാണോ ഇത്രയൊക്കെ പറഞ്ഞിട്ടും മനസ്സിലാകാതിരിക്കാൻ ഞാൻ മനസ്സിലോർത്തു.

” അതേ തൻറെ അത്രയും ഇല്ലെങ്കിലും കാണാനൊക്കെ നല്ലകുട്ടിയാ അവരോട് എന്തായാലും ഇന്നുതന്നെ ഒരു മറുപടിപറഞ്ഞേപറ്റൂ, ഞാനെന്തുപറയണം, യെസ്സ് ഓർ നോ ..” വീണ്ടും കുറച്ചുനേരത്തെ നിശബ്ദത.

” അതേ ചേട്ടനൊരു കാര്യം ചെയ്യ് അവരെ വിളിച്ചിട്ട് …നോ എന്നങ്ങുപറഞ്ഞേക്ക് ” കേട്ടപ്പോൾ ആദ്യം എനിക്ക് വിശ്വസം വന്നില്ല .

അല്ല അപ്പൊ .. നോ എന്നുതന്നെ പറയാം അല്ലേ ..എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

” ഞാനൊരുപാട് ഇഷ്ട്ടപ്പെട്ട എൻറെ യാത്രയിൽ കൂടെയുണ്ടായിരുന്ന ആളല്ലേ ഇനിയുള്ള യാത്രകളും നമുക്കൊരുമിച്ചാകാം ” കുറച്ചു സമയത്തേക്ക് ഞങ്ങളൊന്നും മിണ്ടിയില്ല അവൾ കട്ടുചെയ്തിട്ടില്ലെന്നെനിക്ക് മനസ്സിലായി.

മുറിക്കുപുറത്തിറങ്ങിയതും ഞാനോടിച്ചെന്ന് അമ്മക്ക് കെട്ടിപ്പിടിച്ചൊരുമ്മകൊടുത്തു, ” അമ്മ ഇപ്പൊത്തന്നെ ആ ബ്രോക്കറെ വിളിച്ചു പറഞ്ഞേക്ക് എനിക്കിഷ്ട്ടമായില്ലെന്ന് ” ഒന്നും മനസ്സിലാകാതെ കണ്ണുമിഴിച്ചുനിന്ന അമ്മയെവിട്ട് ഞാൻ ബൈക്കുമെടുത്തിറങ്ങി..മനസ്സുനിറയെ അവളായിരുന്നു .

രചന : ആദിത്യൻ

Leave a Reply

Your email address will not be published. Required fields are marked *