Welcome

‘ഈ തേങ്ങയിൽ ഞാനിന്നൊരു താജ്‌മഹൽ പണിയും..”

രചന :- Saran Prakash

വിളഞ്ഞ ഒരു തേങ്ങയെടുത്തു പൊതിക്കാനായി മണ്ണിൽ തറച്ചുവെച്ചിരുന്ന കുറ്റിയിലേക്ക് ആഞ്ഞുകുത്തുമ്പോൾ പ്രതീക്ഷയോടെ എന്റെ കണ്ണുകൾ വിടർന്നു…. ചുണ്ടുകൾ മൂളിപാട്ടുപാടി…

”തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ..”

പാട്ടുംപാടി തേങ്ങയും പൊതിച്ചുകൊണ്ടിരിക്കവേ,, ആ കണ്ണുകളുമായി എന്റെ കണ്ണുകൾ കൂട്ടിയുടക്കിയ നിമിഷം,, മുഴുവനാക്കാതെ ഞാൻ ആ പാട്ട് അപ്പാടെ വിഴുങ്ങി…..

”നിന്റെ??”

കണ്ണുകൾ ചുളിച്ചുകൊണ്ടു ഈർഷ്യത്തോടെ എനിക്ക് മുൻപിലെത്തി കൈകെട്ടിനിന്നുകൊണ്ടു പാട്ടിന്റെ ബാക്കി അമ്മ ചോദിക്കുമ്പോൾ, ഒന്നുമില്ലെന്ന രീതിയിൽ തലയാട്ടി ഞാനൊരു ഇളി പാസാക്കി…

അടിമുടിയെന്നെ നോക്കിയശേഷം, എന്റെ കയ്യിലെ പാതിപൊതിച്ച തേങ്ങയിലേക്കും, തേങ്ങപൊതിക്കുന്ന കുറ്റിയിലേക്കും അമ്മ മാറിമാറി നോക്കുമ്പോൾ ആ കണ്ണുകളിലൊരു സംശയം ഉടലെടുക്കുന്നുണ്ടായിരുന്നു….

‘വീട്ടുമുറ്റത്തു വീണുകിടക്കുന്ന ഒരില എടുത്തുമാറ്റാത്ത നീയോ ഇപ്പോൾ ഈ അമ്പലമുറ്റത്ത് തേങ്ങാ പൊതിക്കുന്നത്…’

”ദേവക്യേ… ഇവനാളാകെ മാറി കേട്ടോ… ഇപ്പോൾ സ്ഥിരം ഇവിടെയുണ്ട്… ഇതുപോലെ എന്തെങ്കിലുമൊക്കെ ചെയ്തെന്നെ സഹായിച്ചു നിൽക്കും… ദേവികടാക്ഷം…”

നടപ്പുരക്കകത്തുനിന്നും കാര്യസ്ഥൻ കൃഷ്ണേട്ടൻ എന്നെ നോക്കി അഭിമാനത്തോടെയാണത് പറഞ്ഞതെങ്കിലും, അണഞ്ഞു തുടങ്ങിയ അമ്മയുടെ ആ സംശയ തിരിയിലേക്ക് ഒഴിച്ച വെളിച്ചെണ്ണയായിരുന്നു ആ വാക്കുകൾ…

കാരണം,, ഒന്നുംകാണാതെ ഞാൻ ആ നല്ലവൻ പട്ടം നേടിയെടുക്കാൻ ശ്രമിക്കില്ലായെന്നു മറ്റാരേക്കാൾ നന്നായി എന്റെയമ്മക്കറിയാം….

”ചേട്ടാ… തേങ്ങ പൊതിച്ചു കഴിഞ്ഞില്ലേ??”

അമ്മയുടെ സംശയത്തെ ഊട്ടിയുറപ്പിച്ചുകൊണ്ടു ഒടുവിൽ ഞാൻ പ്രതീക്ഷിച്ചതു പോലെ എന്റെ കഥയിലെ നായിക അരങ്ങിലേക്ക് രംഗപ്രവേശനം ചെയ്തു….

ദേവി ദർശനത്തിനായി സ്ഥിരമായി അമ്പലത്തിൽ വരുന്ന അവളെ ദർശിക്കുവാനും, അവളുടെ മനസ്സിലൊരു ഇടം കണ്ടെത്തുവാനുമുള്ള ശ്രമങ്ങളായിരുന്നു എന്റെ ഈ മാറ്റമെന്ന് ഊഹിച്ചെടുക്കാൻ അമ്മക്ക് അവളുടെ ആ ഒരൊറ്റ ചോദ്യം തന്നെ ധാരാളമായിരുന്നു….

”അത്… പിന്നെ… ഞാന്…”

ഗജകേസരി തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വെല്ലുന്ന തലയെടുപ്പോടെ എന്നെയും നോക്കി നിൽക്കുന്ന അമ്മയുടെ മുഖഭാവത്തിൽ എന്റെ വാക്കുകൾ ഓരോന്നായി ചിന്നി ചിതറി വീണു….

അമ്മയോടുള്ള പരിഭവമോ… അതോ ആ നാണക്കേടിലുള്ള അപകർഷതാബോധമോ, പാതിപൊതിക്കാനുണ്ടായിരുന്ന തേങ്ങ ഞാൻ ആ കുറ്റിയിൽ ആഞ്ഞുകുത്തി…

പൊതിച്ചുകൊടുത്ത തേങ്ങയും വാങ്ങി നന്ദി പറഞ്ഞുകൊണ്ടവൾ നടക്കവേ ഞാനൊന്നു പുഞ്ചിരിച്ചു…

എന്റെ ആ ചിരി കണ്ടിട്ടാകണം അമ്മയുടെ മുഖത്തു ഒരുതരം പുച്ഛഭാവമായിരുന്നു…

”മറ്റൊരാൾക്ക് നേരെ സഹായഹസ്തങ്ങൾ നീട്ടേണ്ടത്, തിരികെ എന്തെങ്കിലും പ്രതീക്ഷിച്ചാവരുത്…”

എന്റെ ഉള്ളം അറിഞ്ഞുകൊണ്ട്, പുച്ഛത്തോടെ അമ്മ എന്നെ ഉപദേശിച്ചുകൊണ്ടു അകത്തേക്ക് നടന്നകലുമ്പോൾ, ആ വാക്കുകൾക്ക് ചെവി നൽകാതെ എന്റെ ചിന്തകൾ അവളിൽ മാത്രമായിരുന്നു….

അമ്മ പറയുംപോലെ ഞാൻ അവൾക്കുനേരെ സഹായഹസ്തങ്ങൾ ഉയർത്തിയതല്ല…. വഴിപാടിനായി തേങ്ങ പൊതിച്ചു നൽകുമോ എന്നാവശ്യപ്പെട്ടത് അവൾ തന്നെയായിരുന്നു….

നടപ്പുരയിലെ മറ്റുള്ളവരെയെല്ലാം മറികടന്നു അവൾ എനിക്കരികിലേക്ക് തന്നെ കൃത്യമായി എത്തിയത് ഒരുപക്ഷെ എന്നോടുള്ള ഇഷ്ടംകൊണ്ടായിരിക്കില്ലേ!!!

”അല്ല… നിന്നിലുള്ള വിശ്വാസംകൊണ്ട്”…

സംശയത്തോടെ നിന്നിരുന്ന എന്റെ കാതുകളിലേക്ക് ആ വാക്കുകൾ നുഴഞ്ഞുകയറി….

പിന്തിരിഞ്ഞു നോക്കുമ്പോൾ കയ്യിൽ പ്രസാദവുമായി നിൽക്കുന്ന അമ്മ…

”ഓരോ പെണ്ണും സഹായത്തിനായി നിങ്ങൾക്കുമുൻപിൽ കൈനീട്ടുന്നത് നിങ്ങളിലുള്ള വിശ്വാസംകൊണ്ടാണ്…”

എന്റെയരികിലെത്തി കയ്യിലെ പ്രസാദത്തിൽ നിന്നും ചന്ദനമെടുത്തെന്റെ നെറ്റിയിൽ അമ്മ കുറി വരയ്ക്കുമ്പോൾ ഞാൻ തല താഴ്ത്തിനിന്നു….

”ജീവിത പ്രാരാബ്ധങ്ങളുമേറിയുള്ള ഓട്ടത്തിൽ വഴിയരികിൽ കാലിടറി വീഴുമ്പോൾ ചേർത്തുപിടിച്ചു ഭാർഗവേട്ടൻ പറയുമായിരുന്നു….

‘ശ്രദ്ധിക്കണ്ടേ മോളെ….’

ആ ഭാർഗവേട്ടനിൽ അന്നേരം അവസരം മുതലാക്കിയ ആണിന്റെ മുഖഭാവമായിരുന്നില്ല…..

പട്ടിണിയും ദാരിദ്രവും വേട്ടയാടിയപ്പോൾ, റേഷൻകടയിലെ പിശുക്കൻ ദാമുവേട്ടൻ അരിയും പഞ്ചസാരയും അളവിൽ കൂടുതൽ തന്നത്, വിധവയായ എന്റെ സാഹചര്യം മുതലെടുക്കാനായിരുന്നില്ല….

രാത്രിയെന്നോ പകലെന്നോ ഇല്ലാതെയുള്ള ഓട്ടപാച്ചിലിൽ പാതിരാത്രി ഓട്ടോയിൽ സുരക്ഷിതമായെന്നെ വീട്ടിലെത്തിച്ചിരുന്ന വാസുവേട്ടൻ,, ഒരിക്കലും തക്കം പാർത്തിരിക്കുകയായിരുന്നില്ല…

സഹായത്തിനായി അവർ നീട്ടിയ കൈകളെല്ലാം പരിശുദ്ധമായിരുന്നു….”

ഉയർന്ന സ്വരത്തിൽ അമ്മ പറയുമ്പോൾ, ഇത്രയൊക്കെ എന്നെ കുറ്റപ്പെടുത്താൻ ഞാനെന്ത് തെറ്റ് ചെയ്തു എന്ന സംശയത്തോടെ തലയുയർത്തി ഞാൻ അമ്മയെ നോക്കുമ്പോൾ,, ഞാൻ കാണുന്നുണ്ടായിരുന്നു….

അമ്മക്കുപുറകിലായ് വിളറി വെളുത്ത മൂന്നു മുഖങ്ങൾ….

ഭാർഗവേട്ടൻ…. ദാമുവേട്ടൻ… വാസുവേട്ടൻ….

അവരുടെ മുഖത്തെ പരിഭ്രമവും, അമ്മയുടെ മുഖത്തെ പുച്ഛവും എനിക്ക് പറഞ്ഞുതരുന്നുണ്ടായിരുന്നു… സഹായത്തിനായി നീട്ടിയ കൈകളില്ല…. അവരുടെ മനസ്സിലായിരുന്നു കറയെന്ന്… അത് തിരിച്ചറിഞ്ഞാവണം, അവർക്ക് മാത്രമായി അറിയാവുന്ന രീതിയിൽ പരസ്യമായി അമ്മ അവരെ അവഹേളിച്ചത്…

”ആ മൂവർക്കൊപ്പം ഇനി എന്റെ മകനും….”

ഉറച്ച സ്വരത്തോടെയുള്ള അമ്മയുടെ ആ വാക്കുകളിൽ, ഇടിമിന്നലേറ്റതുപോലെ ഞാൻ ആ മുഖേത്തേക്ക് നോക്കി…

ആ മുഖത്തപ്പോഴും പുച്ഛഭാവമായിരുന്നു…. സഹായഹസ്തങ്ങൾ നീട്ടി പെണ്ണിന്റെ നിസ്സഹായതയെ ചൂഷണം ചെയ്യുന്നവരോടുള്ള പുച്ഛം….

അരിശത്തോടെ അമ്പലമുറ്റത്തെ കൂട്ടിയിട്ട തേങ്ങകളിൽ നിന്നും ഒന്നെടുത്തു, ആ കുറ്റിയിൽ മൂന്നുവട്ടം ആഴ്ത്തിയിറക്കുമ്പോൾ, അവർ മൂവരും പലയിടത്തേക്കായി ഓടിമറഞ്ഞിരുന്നു….

പൊതിച്ചെടുത്ത തേങ്ങയുമായി ഞാൻ നടപ്പുരക്കകത്തേക്ക് കയറി അവളുടെ അരികിലെത്തി….

”ദൈവപ്രീതിക്കായ് സമർപ്പിക്കുന്ന ഈ നാളികേരം അശുദ്ധി നിറഞ്ഞ ഒരുവന്റെ കൈസ്പർശമേറ്റതാണ്… പകരം ഇത് സമർപ്പിക്കുക” ..

അവളുടെ കൈകളിൽനിന്നും കറപിടിച്ച മനസ്സോടെ നൽകിയ ആ പഴയ തേങ്ങ എടുത്തുമാറ്റി പുതിയത് നൽകുമ്പോൾ ഒന്നും മനസ്സിലാകാതെ അവൾ മിഴിച്ചു നിൽപ്പുണ്ടായിരുന്നു…

തെറ്റുകൾ തിരുത്തിക്കുറിച്ചു, പുറത്തേക്കിറങ്ങി അമ്മയുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ടു ഞാൻ നടന്നകലുമ്പോൾ, ഞങ്ങൾ കാണുന്നുണ്ടായിരുന്നു…

തേങ്ങ പൊതിക്കുവാനായി മത്സരിച്ചോടുന്ന ഒരു സമൂഹത്തെ….

രചന :- Saran Prakash

Leave a Reply

Your email address will not be published. Required fields are marked *