രചന :സുനിൽ, തറവാട്.
പേടി ഉള്ളവർ ഇത് വായിക്കരുത്.
ഏകദേശം 15 വർഷങ്ങൾക്ക് മുൻപാണ് ഈ സംഭവം നടക്കുന്നത്.
മിക്കവാറും ദിവസങ്ങളിൽ.. സൈക്കിളിൽ, പരവൂരിൽ നിന്നും റയിൽവേ ട്രാക് വഴി മയ്യനാട് ഉള്ള എന്റെ ബന്ധുവീട്ടിൽ ഞാൻ പോകാറുണ്ടായിരുന്നു.
5 കിലോമീറ്റർ ദൂരം. അതിൽ ഒരുകിലോമീറ്ററിൽ കൂടുതൽ പരവൂർ മയ്യനാട് കായൽ പാലമാണ്.
ഇരുവശവും കായൽ, റെയിൽവേ ലൈൻ കഴിഞ്ഞുള്ള ഭാഗത്ത്, കണ്ടൽ ചെടി വളർന്നു വലിയ കാടുപിടിച്ചു കിടക്കുന്നു, പകൽ സമയത്തു പോലും കൂടുതലായി ആരും അതുവഴി യാത്ര ചെയ്യാൻ മടിക്കും .
അന്ന് ഒറ്റവരി റയിൽ പാതയാണ് ഉണ്ടായിരുന്നത്.
അതുകൊണ്ട് തന്നെ നിരവധി അപകടമരണങ്ങളും, ആത്മഹത്യാ കളും, ദിനവും നക്കുന്ന സ്ഥലമാണ്.
പതിവിലും കുറച്ച് വൈകി യാണ് അന്ന് ഞാനെന്റെ പഴഞ്ചൻ BSA സൈക്കിളിൽ മയ്യനാട് നിന്നും പരവൂരിലേക് മടങ്ങിയത്.
കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ. ചെറിയ ചാറ്റൽ മഴ തുടങ്ങി.
കുറച്ച് സമയം ഒരു മരചോട്ടിൽ നിന്ന് നോക്കി, രക്ഷയില്ല, നനയുന്നു..മഴയുടെ വരവ് അറിഞ്ഞാവും പകൽ പെട്ടെന്ന് ഇരുട്ടിന് വഴിമാറുന്നപോലെ !!!
ഇരുട്ട് കറുത്ത ചട്ട യണിഞ്ഞുകൊണ്ട് അവിടമാകെ നിറഞ്ഞ് വരുന്നുണ്ട്..
ഇനിയും നിന്നാൽ കുഴപ്പമാകും എന്ന് മനസ്സിലാക്കി നനഞ്ഞുകൊണ്ട് തന്നെ ഞാൻ സൈക്കിളിൽ കയറി, പരമാവധി വേഗത്തിൽ അവിടെ നിന്നും കായൽ പാലത്തിലേക് ലക്ഷ്യം വച്ച് കുതിച്ചു.
വഴി വളരെ ഇടുങ്ങിയതെന്ന് പറഞ്ഞാൽ… റയിൽ ലൈനിലെ പാറ കഷ്ണങ്ങൾ നിറഞ്ഞ് കിടക്കുന്ന തിൽ ചേർന്ന് ആൾക്കാർ നടന്നു തെളിഞ്ഞ ഒരു വര പോലെ.
അതാണ് വഴി എതിരെ ഒരു സൈക്കിൾ വന്നാൽ അതിൽ ഒരാൾ സൈഡൊഴിഞ്ഞു നിർത്തിയാൽ മാത്രമേ മറ്റേയാൾക് പോകാൻ സാധിക്കുകയുള്ളു. അതിന്റെ പേരിലും നിരവധി തർക്കങ്ങൾ ദിനവും നടക്കാറുണ്ട്.
ഇരുട്ട് വളരെ വേഗം വർദ്ധിക്കുകയാണ്, ഉള്ളിൽ ചെറിയ ഭയത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി.
കായൽ പാലത്തിലേക് സൈക്കിൾ കയറാൻ തുടങ്ങി.. മനസ്സിൽ ഒരായിരം ചിന്തകൾ, എല്ലാം പേടിപ്പെടുത്തുന്നവ.
അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ല.
മരണത്തിലേക്ക് പോകയാണെന്ന് ഒരു തോന്നൽ.
അപ്പോഴേക്കും സൈക്കിളിന് വേഗം ഞാൻ അറിയാതെ തന്നെ കൂടിക്കൊണ്ടിരുന്നു.
ഏകദേശം ഒരു കിലോമീറ്റർ കഴിഞ്ഞാൽ രക്ഷപെട്ടു.
അപ്പോഴേക്കും ഇരുട്ടിന്റെ കാഠിന്യവും മഴയും ശക്തി വർദ്ധിപ്പിച്ചു കൊണ്ട് മരണത്തിലേക്ക് ഉള്ള വഴി ഒരുക്കുന്ന പോലെ.
ആരോ പിന്നിൽ നിന്നും എന്നെ തല്ലി. സൈക്കിളും ഞാനും ദൂരേക്കു തെറിച്ചു വീണു ..
എന്താണെന്ന് ഒന്നും മനസ്സിലാകാതെ, സൈക്കിൾ ഉയർത്തി, ചുറ്റുംനോക്കിയെങ്കിലും, ആരെയും കാണാൻ സാധിച്ചില്ല.
മുറിവുകളിലെ, വേദന യൊന്നും ശ്രദ്ധിക്കാതെ തന്നെ,
വീണ്ടും സൈക്കിളിൽ കയറാൻ തുടങ്ങുമ്പോഴാണ് അറിഞ്ഞത് സൈക്കിൾ ചെയിൻ പൊട്ടിയെന്ന്.
സകല ദൈവങ്ങളെയും വിളിച്ചുകൊണ്ട്, സൈക്കിൾ ചെയിൻ വലതു കയ്യിൽ ചുറ്റിപ്പിടിച്ചു. പ്രശ്നക്കാർ ആരുവന്നാലും അടിക്കുക അതുമാത്രം, മനസ്സിൽ ഉറപ്പിച്ചു കൊണ്ട്, സൈക്കിളും പിടിച്ചു ഒട്ടവും, നടത്താവുമായി, മുന്നിലേക്ക് തന്നെ, അല്ലാതെ വേറൊരു മാർഗ്ഗവും ഇല്ല.
പാലത്തിന്റെ അവസാനഭാഗത്താണ് അപകടം കൂടുതൽ പതിയിരിക്കുന്നത് . അവിടെ നടവഴി ഇല്ല. റയിൽവേ ട്രാക്കിന് ഉള്ളിൽ കാൽനട യാത്രക്കാർക്കു വേണ്ടി ഒരടി വീതിയിൽ പാലത്തിൽ സ്ഥാപിച്ചിട്ടുള്ള ഇരുമ്പ് ഷീറ്റ് ഉണ്ട്, അതിൽ കൂടി വേണം പോകാൻ, താഴെ വീണാൽ, കടലിൽ നോക്കിയാൽ മതി ,
താഴെ വെള്ളത്തിൽ അത്ര ശക്തമായ ഒഴുക്കുണ്ട്.
പാലത്തിന്റെ മുകളിൽ ട്രെയിൻ വന്നാൽ കയറി നിൽക്കാൻ ഇടുങ്ങിയ കണ്ണറകൾ ഉണ്ട്. അതും വളരെ അകലങ്ങളിൽ.
കണ്ണിൽ ഇരുട്ട് കുത്തി കയറുന്നു, കൂടെ പേടിയും.
രണ്ടും കല്പ്പിച്ചു കൊണ്ട് സൈക്കിളും എടുത്ത് റാൽവേ ലൈനിൽ കയറി മുന്നിലേക്ക് നടന്നു തുടങ്ങി.
പെട്ടെന്ന് കുറച്ച് ദൂരെ പാലത്തിൽ എന്തോ ഒന്ന് കിടക്കുന്നത് കണ്ടു.
പിന്നെ ഒരടി മുന്നിലേക്ക് പോകാതെ ഒന്നും മിണ്ടാതെ അവിടെ നിന്നുകൊണ്ട് ഞാൻ… അതിൽ നോക്കി എന്താണെന്ന് മനസ്സിലാക്കുവാൻ ശ്രമിച്ചു.
ട്രെയിൻ കയറി തലയറ്റ ഒരു ബോഡി.
എന്റെ സകല ശക്തിയും ക്ഷയിച്ചു. തല ചുറ്റി വരുന്നുണ്ട്, അവിടെ വീഴുമോ എന്ന് വിചാരിച്ചുപോയി. റയിൽ പാളത്തിൽ ബോധം കെട്ടു വീണാൽ ????
മനസ്സിൽ എപ്പോഴും വിളിക്കുന്ന പരവൂരിലെ ദൈവങ്ങൾ അന്നും ഇന്നും എപ്പോഴും മനസ്സിലുണ്ട്.
അതിൽ പുല്ലിച്ചിറ മാതാവും, പുറ്റിങ്ങൽ അമ്മയും, മലപ്പുറം പള്ളി യും ഒക്കെ, ഉണ്ട്.
കൂടുതൽ സമയം അതിൽ നോക്കി നിന്നപ്പോൾ.. മെല്ലെ മനസ്സിലെ പേടി കുറഞ്ഞു തുടങ്ങി.
ഇനി അതിന്റെ മുകളിൽ, കൂടി വേണം അപ്പുറം കടക്കുവാൻ.
താഴെ വീണാൽ നീന്താൻ അറിയാമെങ്കിലും രക്ഷയില്ല, രാത്രിമുഴുവൻ ആരെയാ അവിടെ കാത്തു നിൽക്കാൻ.
മുന്നോട്ട് പോവുക തന്നെ.
പെട്ടെന്ന് ഞാൻ മനസ്സിലാക്കി ആ ശരീരം അനങ്ങാൻ തുടങ്ങുന്നു.
ഞാൻ പതിയെ പുറകിലേക്ക് നടന്നു തുടങ്ങി. അതേ അയ്യാൾ തല യില്ലാതെ എഴുന്നേറ്റു നിൽക്കുന്നു. എന്റെ നേരെ കൈവീശുന്നു… നടന്നു വരുന്നു.
സൈക്കിൾ അടുത്ത കുറ്റിക്കാട്ടിലേക് വലിച്ചെറിഞ്ഞു ഞാൻ തിരിഞ്ഞോടി…
പുറകെ ആ ജീവി….
ഓടി അവശനായി, മനസ്സിലെ പേടിയും, വീണുപോകും എന്ന് ഉറപ്പായി,
അപ്പോഴേക്കും ദൂരെ , കൊല്ലത്തുനിന്നും പരവൂർ ലേക്ക് വരുന്ന 6:15. അന്നത്തെ ഷഡിൽ, വൈകി വരുന്നത്തിന്റെ ലൈറ്റ് കാണാൻ സാധിച്ചു.
ജീവൻ തിരിച്ചു പിടിക്കാനുള്ള ഓട്ടം അവിടെ തളർച്ച യില്ല.
അപ്പോഴേക്കും ട്രെയിൻ അടുത്ത് എത്തിക്കഴിഞ്ഞു.
പാലത്തിൽ ട്രെയിൻ വേഗം കുറച്ചാണ് പോകാറുള്ളത്..
ജീവൻ രക്ഷ…. മാത്രം അതിനു വേണ്ടി എന്തും ചെയ്യുo. തിരിച്ചു ട്രെയിന്റെ… കൂടെ ഓടി അതിൽ, തൂങ്ങി കയറുമ്പോൾ… അയ്യാൾ ആ തലയില്ലാത്ത മനുഷ്യൻ… ട്രെയിൻന്റെ പുറകേ ഓടുന്നുണ്ടായിരുന്നു.
ട്രെയിനിൽ ഉണ്ടായിരുന്ന എല്ലാവരും എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. അവരോട് കാര്യം പറഞ്ഞപ്പോൾ. അതിൽ ചിലർ എന്റെ പുറകേ ഓടിയ ആളെ കണ്ടതായി പറഞ്ഞു.
പരവൂരിൽ ഇറങ്ങി, ഓട്ടോ വിളിച് വീട്ടിൽ ചെന്നു, മുറിവുകളൊക്കെ കാണിച്ചു.. കാര്യങ്ങൾ പറഞ്ഞു.. ആരും വിശ്വസിച്ചില്ല,
പിറ്റേന്ന് രാവിലെ തന്നെ.. പാലത്തിൽ ചെന്നു അവിടെ ആൾക്കൂട്ടം പ്രതീക്ഷിച്ചാണ് പോയത് എങ്കിലും, അവിടെ അങ്ങിനെ ഒന്നും കണ്ടില്ല.
സൈക്കിൾ കിട്ടി.. അതും ശരിയാക്കി വീട്ടിലേക്കു മടങ്ങുമ്പോൾ, മനസ്സിൽ ഒരുപാട് സംശയങ്ങൾ ബാക്കി ആയിരുന്നു.
ദിവസങ്ങൾ കഴിഞ്ഞു…. തലയില്ലാത്ത ആളെ, പലരും കണ്ടു തുടങ്ങി… അപ്പോൾ എല്ലാവർക്കും വിശ്വാസമായി… നടന്ന സംഭവങ്ങൾ കേൾക്കാൻ ആൾക്കാർ ഉണ്ടായി.
പിന്നെ… അവിടെ പോലീസ് കാവൽ ആയി, അതിൽ ചില ഉദ്യോഗസ്ഥരും കണ്ടതായി പറയുന്നു.
ആ സമയത്ത് കേരളത്തിൽ ഒരുപാട് പ്രദേശങ്ങളിൽ, തലയില്ലാത്ത ആളെ കണ്ടവരുണ്ട്.
രചന :സുനിൽ, തറവാട്.
( ഫോട്ടോ കടപ്പാട്. )