രചന :Ansar Inshaz
പത്താം ക്ലാസിൽ പഠിക്കുമ്പോളാണ് “കഹോനാ പ്യാർ ഹേയ് “കൊയിലാണ്ടി അമ്പാടി തിയേറ്ററിൽ വന്നത്.ഹൃതിക് റോഷൻ എന്ന ചുള്ളന്റെ ഗംഭീര ഇന്ട്രോയും അമീഷാ പട്ടേലിന്റെ ഐറ്റം ഡാൻസൊക്കായി വമ്പിച്ച ഹൈപ്പായിരുന്നു പടത്തിനു. (ആ അമീഷാ പട്ടേൽ ഇപ്പോ അനിസ്പ്രേയുടെ പരസ്യം പോലായി, പൊടിപോലുമില്ല കണ്ടു പിടിക്കാൻ, ഇത്രേ ഉള്ളൂ നടിമാരെ കാര്യം )
അന്നാണ് ഉപ്പാനോട് പൂരതല്ല് കിട്ടിയതും, ഉപ്പ അരിപൊടി വാങ്ങാൻ തന്ന പൈസയും കൊണ്ട് സിനിമയ്ക്കു പോയിട്ട്.എങ്ങിനെ കിട്ടാതിരിക്കും മുസാഫിന്റെ നടുപേജായ ഉപ്പാക്ക് പൊതുവേ സിനിമാ പോസ്റ്റർ കാണുന്നതെ വെറുപ്പാണ്. അങ്ങനെയുള്ള ഉപ്പാനോട് സുഹൃത്തുക്കൾ പറഞ്ഞു കൊടുത്താൽ ദേഷ്യം വരൂലേ..അവർക്കാണേൽ ഇമ്മാതിരി ചാരപ്രവർത്തിക്ക് അവാർഡ് കൊടുക്കാൻ തോന്നും, അമ്മാതിരി ഒറ്റാണ് ചില നേരത്ത്.
പതിവുപോലെ അന്നും സ്കൂൾ വിട്ടു വന്നു ബാഗും മേശെമ്മേൽ എറിഞ്ഞു വീലിൽ ബലൂൺ കെട്ടിയ കടുംചുവപ്പ് സൈക്കിളും കൊണ്ട്(ആ കളറുള്ള സൈക്കിൾ അന്ന് കൊല്ലത്തു എന്റടുത്തു മാത്രെ ഉണ്ടായിരുനുള്ളു.എന്റെ സൈക്കിളിന്റെ കളറ് കണ്ടാൽ കാള കുത്താൻ വരും,പട്ടി ഓടിച്ചിട്ട് കടിക്കാൻ വന്ന ചരിത്രം വരെ ഉണ്ട് പലവട്ടം ) പോവുമ്പോളാണ് പിന്നിൽ നിന്നും ഉപ്പ വിളിക്കണത്.
“ഉപ്പാന്റെ ഗാംഗുലി കളിയുംകഴിഞ്ഞു വരുമ്പോ ഒരുകിലോ അരിപ്പൊടിയും വാങ്ങിയിങ് പോരെ ഇതാ പൈസ ”
ഉപ്പ തന്ന അൻപതു രൂപയും കൊണ്ട് സൈക്കിള് ചന്തിയിൽ ഫിറ്റ് ചെയ്ത് ലാ ലാ ലാ… പാട്ടും പാടി നേരെ മൈതാനിയിൽ പോയി മാരകമായ ക്രിക്കറ്റും കളിച്ചു കൂട്ടുകാരോട് സൊറ പറഞ്ഞിരിന്നിരിക്കുമ്പോളാണ് പ്രിയ നൻപൻമാരായ കുമ്പിച്ചനും വെള്ളാപ്പവും സിനിമക്ക് പോവാൻ പ്ലാനിട്ടത്. ഇവരൊന്നും ആഫ്രിക്കൻ വനാന്ധരങ്ങളിൽ കണ്ടു വരുന്ന ജീവികളല്ലട്ടോ,സ്വഭാവ മഹിമകൾ കൊണ്ടും കോലം കൊണ്ടും വീണുകിട്ടിയ ഇരട്ട പേരുകളാണ്.എന്നെ നിവിൻ പോളിന്ന് വിളിക്കുന്നത് പോലെ.
അവര് രണ്ടാളും പൈസ കട്ടക്കിട്ടു, ഞാനും ഷർട്ടിന്റെ പോക്കറ്റിൽ കയ്യിട്ടപ്പോ അൻപതിന്റെ പെടക്കണ നോട്ടാണ് കിട്ടിയത് .സത്യത്തിൽ ആ പൈസ “അപ്പൊ “എങ്ങിനെ കീശയിൽ വന്നൂന്ന് എനിക്ക് ഓർമ ഇല്ലായിരുന്നു (നോട്ട് തെ പോയിന്റ് “അപ്പൊ”)
പൊതുവേ ഹിന്ദിസിനിമയാകുമ്പോൾ അതികം ആരും ഉണ്ടാവാറില്ല. ഇതിപ്പോ ഹൃതികിന്റെ ഡാൻസ് കാണാൻ നാട്ടിലെ സകലരും ഉണ്ട്. ഉമ്മയെങ്ങാനും അറിഞ്ഞാൽ അടുക്കളയിലെ ചട്ടുകത്തിനു പണിയാകും.ചില നേരത്ത് ഉമ്മാക്ക് ദേഷ്യം വന്നാൽ മണിച്ചിത്രത്താഴ്ലെ ശോഭന വരെ തോറ്റുപോകും ഹോ.. ഉപ്പാക്കണേൽ ചെറുതായെന്തെങ്കിലും കിട്ടിയാമതി അപ്പൊ കാലേൽവാരി നിലത്തടിക്കും. സോ സിമ്പിൾ
ഞങ്ങളെങ്ങിനെ ഇങ്കി പിങ്കി ടിക്കറ്റ് കൊടുക്കണ തുരങ്കത്തിനകത്തേക് കുപ്പായത്തിന്റെ കോളറ കൊണ്ട് മുഖം മറച്ചു ആരുംകാണാതെ ടിക്കറ്റും എടുത്ത് സീറ്റിൻമേൽ ഒളിഞ്ഞിരുന്നു സിനിമയൊക്കെ കണ്ടു. സിനിമ കഴിഞ്ഞു പുറത്തേക്കു ഇറങ്ങുന്നത് ഈ പട്ടാളക്കാര് കമന്റോ ഓപ്പറേഷന് ഇറങ്ങുന്നത്പോലെ ഒരു തൂണിൽ നിന്നും അടുത്ത തൂണിലേക്ക് മുഖമൊക്കെ ദേ ദിങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ഒറ്റ ചാട്ടം വെച്ചുകൊടുക്കും. വീട്ടിലെങ്ങാനും അറിഞ്ഞാൽ തീർന്നില്ലേ…
ഇനിയാണ് സംഭവബഹുലമായ കഥ നടക്കുന്നത്. എന്റെ സൈക്കിളിന്റെ കളറ് കണ്ടിട്ടിട്ട് ഉപ്പാനോട് കണ്ണീച്ചോരയില്ലാത്ത ആരൊക്കെയോ സിനിമക്ക് പോയത് പറഞ്ഞു കൊടുത്തിട്ടുണ്ട്.
വീട്ടിലെത്തിയപാടെ ഉമ്മ “എവിടെയ്നെടാ ഇത്രേം നേരം,നട്ട പാതിരാക് തെണ്ടിതിരിഞ്ഞു വന്നിക്ക്, ഉപ്പ എത്താത്തത് നിന്റെ ഭാഗ്യം ”
“ഓ….അത് കൊയിലാണ്ടിയിൽ ഏതോരു ഉസ്താദിന്റെ മതപ്രസംഗം ഉണ്ടെയ്നും, ഞാനതും കേട്ടിരുന്നോയി ”
“ഓ മതപ്രഭാഷണെയ്നോ, ?ഏതെയ്നും വിഷയം ”
“വഴിതെറ്റുന്ന യുവത്വം “ഇതും കൂടി കേട്ടപ്പോ ഉമ്മാക്ക് സന്തോഷായി
നേരെ റൂമിൽ ചെന്ന് ആ സിനിമേലെ “ഇക്പാൽകാ ജീനാ ” ന്ന പാട്ടിന്റെ ഡാൻസ് ട്രയൽ ചെയ്ത് കളിക്കുമ്പോളാണ് ഉപ്പാന്റെ ബാസ്സ് കൂട്ടി അലറുന്ന ശബ്ദംകേൾക്കുന്നത്
ഉപ്പ ഉമ്മാനോട് “എവിട്രീ നിന്റെ മോൻ,ഓന്റെ കാലിന്ന് ഞാൻ വെട്ടും ”
“ഓൻ മതപ്രഭാഷണം കേൾക്കാൻ പോയതാ മനുഷ്യാ, ഇങ്ങളെന്തിനാ വെറുതെ ഓന്റെ മെക്കിട്ട് കേറാൻ പോവുന്നേ
“തേങ്ങാക്കൊല,അരിപൊടി വാങ്ങാൻ കൊടുത്ത പൈസയും കൊണ്ട് ഓൻ സിനിമക്ക് പോയതാണ്.അതും ഏതോ ഹിന്ദി സിനിമക്ക് ”
എനിക്കുറപ്പായി പണികിട്ടീ….ഉപ്പ നല്ല ചൂടിലാണ്. ഞാൻ വേഗംവുളൂ എടുത്ത് ഉമ്മാന്റെ അലമാരമേലുള്ള നിസ്കാരപായ ചാടി എടുത്ത് നിസ്കരിക്കാൻ തുടങ്ങി.
സാദാരണ അഞ്ചു മിനിറ്റൊട്ണ്ട് മഗ്രിബും ഇഷാവും നിസ്കരിക്കുന്ന ഞാൻ മഗ്രിബ് മാത്രം നിസ്കരിക്കാൻ ഏതാണ്ട് അരമണിക്കൂറെടുത്തു.നിസ്കാരം നിർത്താതെ അടികിട്ടൂലാന്ന് ഉറപ്പ്പാണ്, അതോണ്ട് വലിയ വലിയ സൂറത്തൊക്കെ ഓതാൻ തുടങ്ങി. കാൽമുട്ടൊക്കെ ചറപറാന്ന് അടിക്കാൻ തുടങ്ങി.ഞാൻ നിസ്കാരം നിർത്തുന്നില്ല.
ഉപ്പയും ഉമ്മയും തൊട്ടടുത്തു സോഫമ്മേൽ ഇരിക്കുന്നുണ്ട്. ഉമ്മാന്റെ കയ്യിൽ പപ്പടക്കോലും ഉപ്പാൻറെടുത്ത് വലിയൊരു വടിയും. ഉപ്പ എന്നോടല്ലാത്ത രീതിയിൽ ഉമ്മാനോട് . “എന്തിനാ വെറുതേ കിട്ടുന്ന അടിയുടെ എണ്ണം കൂട്ടുന്നത്, ഓരോ മിനിറ്റിനും ഒരടി കൂടും ”
“അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹ് ”
പിന്നെ ആ സീനിൽ എന്റെ ഡയലോഗിന് വല്യ പ്രസക്തി ഒന്നും ഇല്ലാരുന്നു.
സലാംവീട്ടി നിസ്കാരപായ മടക്കി വെചതോർമയുണ്ട്.പിന്നീടങ്ങോട്ട് സംഭവിച്ചത് എന്താന്ന് കറക്ട് എനിക്കോർമയില്ല. കണെ കണെ കണെ കണെന്നുള്ള ശബ്ദം മാത്രെ ഓർമയുള്ളൂ. ഒരു എഫക്ടിന് ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി എന്റെ കാറലും.
Nb :കള്ളം പറഞ്ഞതിനാണത്രേ ഉമ്മാന്റെ കയ്യിന്നു തല്ല് കിട്ടിയത്.
രചന :Ansar Inshaz