Welcome

കുളി കഴിഞ്ഞു തോർത്തുമുണ്ട് അരയിൽ ചുറ്റി അർദ്ധനഗ്നയായി ഉമ്മറപ്പടിയിൽ വന്നു നിന്നിരുന്ന അമ്മുവിനെ കണ്ടപ്പോൾ എനിക്കൊരു സംശയം….

രചന :- Saran Prakash‎

”ഇവളും ഫെമിനിസ്റ്റ് ആയോ ദൈവമേ…”

അല്ലാ.. നാട്ടുനടപ്പ് ഇപ്പൊ അതാണല്ലോ….!!

സംശയത്തോടെയുള്ള എന്റെ ആ നിൽപ്പിന്റെ പൊരുളറിഞ്ഞാവണം, മുറ്റത്തു ചാര് കസേരയിൽ മലർന്നു കിടന്നിരുന്ന മുത്തച്ഛൻ ഒരു ചെറുചിരിയോടെ ചുമരിലെ മുത്തശ്ശിയുടെ ഫോട്ടോയിലേക്ക് പാളി നോക്കി….

”ഇപ്പൊ എന്തായി??”

ആ നോട്ടത്തിനും പരിഹാസത്തോടെയുള്ള ആ ചോദ്യത്തിനും പുറകിലൊരു കഥയുണ്ട്…. മുത്തശ്ശി പറഞ്ഞുകേട്ട ഒരു പഴക്കം ചെന്ന കഥ….

പണ്ട്, മാറുകാണാൻ പൂതിയൊടെ അയലത്തെ കാർത്തുവിന്റെ കുളിപ്പുരയുടെ അടുത്തുള്ള തെങ്ങിൽ കയറിയ രണ്ടുപേരെ നാട്ടുകാർ കണ്ടുപിടിച്ചതും, അതേ തെങ്ങിൽ തന്നെ കെട്ടിയിട്ടു പെരുമാറിയതും…. മുത്തച്ഛനും മുത്തച്ഛന്റെ ഉറ്റചങ്ങാതിയും….

പലപ്പോഴും ഈ കഥ പറഞ്ഞു മുത്തശ്ശി കൊമ്പൻ മീശക്കാരനായ മുത്തച്ഛന്റെ കൊമ്പൊടിക്കുമ്പോൾ കഥ കേട്ടിരിക്കുന്ന ഞങ്ങൾ ആ നിമിഷങ്ങളെ ആസ്വദിച്ചിരുന്നു….

പക്ഷെ ഇന്ന് മുത്തച്ഛന്റെ ചുണ്ടിൽ വിരിഞ്ഞ ആ ചിരിക്ക് ഒരുതരം പുച്ഛഭാവമായിരുന്നു…. പുതുതലമുറയുടെ ഭ്രാന്തൻ ചിന്തകളോടുള്ള പുച്ഛം….

അമ്മുവിനരികിലെത്തി, തോർത്തുമുണ്ടിന്റെ തലപ്പഴിച്ചു കേറ്റി ഉടുപ്പിക്കുമ്പോൾ മിഴിച്ചു നോക്കിയിരുന്ന അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു…..

”വസ്ത്രം ധരിക്കേണ്ടത് ശരീരം മറയ്ക്കാനാണ്…”

പക്ഷെ ഉടുത്തുകൊടുത്തത് വീണ്ടും പഴേപടി അരയിൽ ചുറ്റിക്കൊണ്ട് അവളെന്നെ കണ്ണിറുക്കി നോക്കി….

”അപ്പൊ മുത്തച്ഛൻ ഷർട്ട് ഇട്ടിട്ടില്ലല്ലോ…”

ചാരുകസേരയിൽ മലർന്നുകിടന്നിരുന്ന മുത്തച്ഛൻ ചാടിയെഴുന്നേറ്റ്, എന്നെയും അമ്മുവിനെയും മാറി മാറി നോക്കുമ്പോൾ ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു…..

”ഇവൾ അത് തന്നെയാട്ടോ…. ഫെമിനിസ്റ്റ്….”

ഒരുപക്ഷെ മുത്തച്ഛൻന്റെ കണ്ണുകൾ പറഞ്ഞത് ശരിയായിരിക്കാം…. ഫെമിനിസ്റ്റ് ചിന്താഗതിക്കാരുടെ ആദ്യത്തെ ചോദ്യം എന്നും ഇതുതന്നെയാണ്….

”നിങ്ങൾ ആണുങ്ങൾക്കായാൽ എന്തുകൊണ്ട് ഞങ്ങൾ സ്ത്രീകൾക്കായിക്കൂടാ??”

അതിനുള്ള ഉത്തരമെന്നോണം മുറ്റത്തു കൊത്തിപ്പെറുക്കി നടന്നിരുന്ന കോഴികളെ ഞാനവൾക്ക് ചൂണ്ടികാണിച്ചു….

കൂർത്ത കൊക്കുകളും, നീണ്ട വാലുകളും, മൂർച്ചയേറിയ നഖവുമായി, തന്റെ ചിറകുകൾ വീശിയടിച്ചു ഉറക്കെ കൂവുന്ന ഒരു പൂവാലൻ കോഴി…. ഇര തേടുമ്പോഴും, സുരക്ഷ ഉറപ്പാക്കുവാൻ അവന്റെ കണ്ണുകളും കാതുകളും ചുറ്റുപാടുകളിലേക്കായിരിക്കും….. അവൻ ആൺ വർഗ്ഗത്തിന്റെ പ്രതീകമാണ്…..

പക്ഷേ, നേർത്ത കൊക്കുകളും, ചെറിയ വാലുകളും, ചെറിയ നഖവുമായി തന്റെ കുഞ്ഞുങ്ങൾക്കൊപ്പം ഇര തേടി നടക്കുന്ന ആ പിടക്കോഴി, പുല്ലിലെ പ്രാണികളെയും, മണ്ണിലെ പുഴുക്കളേയും കൊത്തിയെടുത്തു തന്റെ കുഞ്ഞുങ്ങൾക്ക് മുൻപിലേക്കായി എറിഞ്ഞുകൊടുക്കുമ്പോൾ, അമ്മുവിനോട് ഞാൻ പറഞ്ഞു…. അവൾ സ്ത്രീയുടെ പ്രതീകമാണ്….

അതേ… ഭൂമിയിലെ ഓരോ ജീവജാലങ്ങളിലും ആണും പെണ്ണുമുണ്ട്.. അവരിൽ അർപ്പിതമായ കർത്തവ്യങ്ങളുണ്ട്… എത്രയൊക്കെ വേഷം കെട്ടിയാലും നമ്മുക്കതിൽ മാറ്റം വരുത്താനാകില്ല….

പക്ഷേ സമത്വമാകാം… വസ്ത്രധാരണത്തിലോ, മരംകയറ്റത്തിലോ അല്ലാ… അറിവ് നേടുന്നതിൽ, സമ്പാദിക്കുന്നതിൽ, വിശപ്പകറ്റുന്നതിൽ….”

ഒരു കഥയിലൂടെന്ന പോലെ ഞാനെല്ലാം അവൾക്ക് പറഞ്ഞുകൊടുക്കുമ്പോൾ, കാതുകൾ കൂർപ്പിച്ചിരുന്നു അവളെല്ലാം കേൾക്കുന്നുണ്ടായിരുന്നു….

”അവളൊരു കുഞ്ഞല്ലേ… തിരിച്ചറിവായിട്ടില്ലലോ….”

അമ്മുവിനെ ഉപദേശിച്ചുകൊണ്ടുള്ള എന്റെ വാക്കുകൾ കേട്ടിട്ടാവണം അകത്തുനിന്നും അമ്മ ഉമ്മറത്തേക്കെത്തി…

പക്ഷേ അമ്മക്ക് മറുപടി നൽകിയത് മുത്തച്ഛനായിരുന്നു….

”നല്ല ശീലങ്ങൾ പഠിച്ചു തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നുതന്നെയാണ്… എങ്കിലേ കുടുംബത്തിൽ പിറന്നവരായി അവർ ജീവിക്കൂ….”

പുതുതലമുറയോടുള്ള പുച്ഛം മുത്തച്ഛന്റെ ആ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു….

ചെറു ചിരിയോടെ വീണ്ടും അമ്മുവിന് നേരെ എന്റെ കൈകളുയർന്നപ്പോൾ,, ആ കൈകളെ തട്ടിമാറ്റികൊണ്ടു അവൾ അകത്തേക്കോടി….

അത് കണ്ടിട്ടാകണം മുത്തച്ഛന്റെ കണ്ണുകൾ ഒന്നുകൂടി എന്നെ ഓർമിപ്പിച്ചു….

”കണ്ടില്ലേ… അവൾ ഫെമിനിസ്റ്റാണ്…”

ഉപദേശങ്ങളെല്ലാം വെള്ളത്തിൽ വരച്ച വരപോലെയായല്ലോ എന്ന ചിന്തയിൽ വീണ്ടും ഉമ്മറത്തേക്കിറങ്ങവേ, അകത്തളത്തിൽ നിന്നും ഒരു പാദസര കിലുക്കം ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു….

തിരിഞ്ഞു നോക്കുമ്പോൾ, തോർത്തുമുണ്ടെടുത്തു ഉയർത്തി കെട്ടി, നാണം തുളുമ്പുന്ന മുഖത്തോടെ വാതിൽക്കൽ എത്തി നിൽക്കുന്ന അമ്മു…

അവളുടെ മുഖത്തെ ആ നാണവും, ആ വേഷവും വിളിച്ചോതുന്നുണ്ടായിരുന്നു….

”അതാണ് പെണ്ണ്…. നല്ല ഐശ്വര്യമുള്ള കിടുക്കാച്ചി പെണ്ണ്….”

രചന :- Saran Prakash‎

Leave a Reply

Your email address will not be published. Required fields are marked *