Welcome

കൂട്ടുകാർക്ക് ഒപ്പം കണ്ണാരം പൊത്തി കളിച്ചിരുന്ന എന്റെ പെറ്റിക്കോട്ടിന്റെ പിറകുവശത്ത്

രചന :Geethu Geethz

എനിക്ക് അന്ന് പ്രായം പന്ത്രണ്ടു വയസ്സ്. കൂട്ടുകാർക്ക് ഒപ്പം കണ്ണാരം പൊത്തി കളിച്ചിരുന്ന എന്റെ പെറ്റിക്കോട്ടിന്റെ പിറകുവശത്ത് ഒരു ചുമന്ന വൃത്തം രൂപപ്പെടുകയും അത് എന്നിലും കൂട്ടുകാർക്കഇടയിലും ഭയം ഉണ്ടാവാൻ കാരണമായി….

അസഹ്യമായ വയറുവേദനയും അസ്വസ്ഥതയും എന്നിൽ മനംപുരട്ടലുളവാക്കിയിരുന്നു.ഞാനെന്റെ അമ്മയുടെ അരികിലേക്കോടിച്ചെന്നു.

എന്നിൽ നിന്നും രക്തം പൊടിയുന്നത് കണ്ടമ്മ സന്തോഷിക്കുന്നതു കണ്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും ആണ് വന്നത്.

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാവരും എന്നെ സ്നേഹത്തോടെ പരിചരിക്കുന്നത് കണ്ടപ്പോൾ ഉളളിൽ ആകാംക്ഷയും അത്ഭുതവുമാണുളവായത് .

ധാരാളം പലഹാരങ്ങൾ കിട്ടുന്നു.. എല്ലാവരും കാണാൻ വരുന്നു.. കവിളിൽ നുള്ളുന്നു…. എന്നാൽ എനിക്ക് മാത്രം ആരെയും കാണാൻ സാധിക്കുന്നില്ല… കൂട്ടുകാർക്ക് ഒപ്പം കളിക്കാൻ സാധിക്കുന്നില്ല… ഏഴു ദിവസം ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിച്ചു കൂട്ടേണ്ടി വന്നു.. പതുക്കെ ഞാൻ തിരിച്ചറിഞ്ഞു ഞാൻ ഋതുമതി ആയിരിക്കുന്നു എന്നത്. പുറത്തിറങ്ങാൻ പറ്റാത്തതിൽ എനിക്ക് സങ്കടമൊന്നും ഉണ്ടായില്ല കാരണം എല്ലാവരുടെയും സ്നേഹവും പരിചരണവും ഞാനാസ്വദിക്കുന്നുണ്ടായിരുന്നു എന്നതാണ് സത്യം

എന്നും ഇതുപോലെ സ്നേഹവും പരിചരണവും കിട്ടുവാൻ എന്റെ മനം തുടിച്ചു പതിവുപോലെ പിറ്റേ മാസവും എന്റെ പെറ്റികൊട്ട് ചുമന്നു. പക്ഷെ അമ്മയുടെ മുഖത്ത് പഴയ ആ സന്തോഷം കണ്ടിരുന്നില്ല ഞാൻ

അമ്മയുടെ മുഖം മ്ലാനതയിൽ മൂടിക്കെട്ടിയതിന്റെ കാരണം മുത്തശ്ശി പറഞ്ഞപ്പോളാണ് ഞാനറിഞ്ഞത് കാവിലെ പൂരത്തിന് പോകാൻ പറ്റില്ലല്ലോ.. പൂരത്തിന്റെ ദിവസം അയലത്തെ തങ്കമണി ചേച്ചി പുത്തൻ സാരി ഒക്കെ ഉടുത്തു ചമഞ്ഞൊരുങ്ങി വന്നു എന്റെ അമ്മയോട് ചോദിച്ചു… “നീ പൂരത്തിന് വരുന്നില്ലേ “എന്റെ അമ്മ പാതി ദുഃഖത്തിലും ദേഷ്യത്തിലും പറഞ്ഞു.. “ഇല്ല ഇവിടുത്തെ പെണ്ണ് പുറത്താ..

അന്നത്തെ ദിവസം മുഴുവൻ എന്റെ അമ്മ ഒരു കാരണവും ഇല്ലാതെ ദേഷ്യപ്പെട്ടു കൊണ്ടിരുന്നു. ഇങ്ങനെ ഉള്ള ദിവസങ്ങളിൽ കർശന നിർദേശങ്ങൾ ആണ് അമ്മ എനിക്ക് തന്നിട്ടുള്ളതു.. മകര മാസം ആണെങ്കിൽ പോലും സൂര്യൻ ഉദിക്കുന്നതിനു മുൻപ് എണീറ്റു കുളിച്ചു തുണി കഴുകി ആരും കാണാതെ ഇട്ടു ഉണക്കണം. വീടിന്റെ മുൻവശതു പോകരുത്. വിളക്കിൽ തൊടരുത്. കസേരയിൽ ഇരിക്കരുത്.. പകൽ ഉറങ്ങരുത്. ഉറങ്ങുമ്പോൾ നിലത്തു പായ വിരിച്ചു കിടക്കണം.. ഞാൻ ഇതെല്ലാം അനുസരിച്ചു..

എങ്കിലും പിന്നീടുള്ള എന്റെ ആർത്തവ ദിനങ്ങളിൽ എന്റെ അമ്മയുടെ മുഖം കറുത്ത് തന്നെ ഇരുന്നു.. അങ്ങനെ എനിക്ക് കല്യാണ പ്രായം ആയി. ദൂര ദേശത്തു നിന്നും വന്ന ഒരുവൻ എന്നെ വിവാഹം കഴിച്ചു.. അയ്യാൾ കാത്തിരുന്ന ആദ്യരാത്രി എത്തി.. പക്ഷെ അദ്ദേഹത്തിനന്നും സന്തോഷിക്കാൻ കഴിഞ്ഞിരുന്നില്ല. കാരണം ഞാൻ പിന്നെയും ചുമന്നു.. എനിക്ക് വീണ്ടും മാസമുറ.. തനിക്കു തോന്നിയ രോഷം തലയിണയോട് തീർത്തു അദ്ദേഹം അന്നത്തെ രാത്രി ഉറങ്ങി..

അങ്ങനെ ആ നാട്ടിൽ പൂരം വന്നു.. കുടുംബത്തിൽ വിശേഷങ്ങൾ വന്നു… ഒന്നിനും പങ്കെടുക്കാൻ കഴിയാത്ത ഞാൻ അപശകുനും ആയി മാറിയതെങ്ങനെയാണെന്നിപ്പോഴും എനിക്ക് മനസ്സിലാകുന്നില്ല.

അടുത്ത മാസം എനിക്ക് ആർത്തവം ആയില്ല… അമ്മായി അമ്മയ്ക്ക് സന്തോഷം… ഭർത്താവിന് സന്തോഷം… വർഷങ്ങൾക്കു മുൻപ് ആദ്യമായി ഋതുമതി ആയപ്പോൾ അനുഭവിച്ച കരുതലും സ്നേഹവും താത്കാലികമായി ആർത്തവം നിലച്ചപ്പോഴും എനിക്ക് കിട്ടി… ഞാൻ പെണ്ണിന്റെ പൂർണതയിൽ എത്തിയിരിക്കുന്നു… ഞാൻ ഒരു അമ്മയാകുവാൻ പോകുന്നു . എങ്കിലും മനസ്സിൽ വീണ്ടും കുഴക്കുന്ന ആ ചോദ്യമുണ്ടായിരുന്നു

ആദ്യമായ് ഋതുമതിയായപ്പോളുണ്ടായ കരുതലും പരിചരണവും പിന്നീടെനിക്കു കിട്ടിയത് ഉദരത്തിൽ ഞാനെന്റെ കുഞ്ഞിനേപേറിയപ്പോൾ മാത്രമാണ്. എങ്കിലും ഒരു സ്ത്രീ ജന്മം കൊതിക്കുന്നത് ആ നാളുകളെ വെറുക്കാനല്ല ആ നാളുകളിൽ അവർക്ക് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും സ്നേഹവും പരിചരണവും ലഭിക്കണം എന്നു തന്നെയല്ലേ?

രചന :Geethu Geethz

Leave a Reply

Your email address will not be published. Required fields are marked *