Welcome

ജീവിതത്തിൽ കിട്ടുന്ന പരീക്ഷണങ്ങൾക്ക്‌ മുന്നിൽ പതറാത്ത ചില സ്ത്രീകളുണ്ട്‌…

രചന :ഷാഹിർ കളത്തിങ്ങൽ

ജീവിതത്തിൽ കിട്ടുന്ന പരീക്ഷണങ്ങൾക്ക്‌ മുന്നിൽ പതറാത്ത ചില സ്ത്രീകളുണ്ട്‌… പറയാൻ പോകുന്നതും അങ്ങനെ ഒരു കഥാപാത്രം കൂടിയാ..

“രാവിലത്തെ കാലി ചായ,അത്‌ ബീവിത്തന്റെ കയ്യോണ്ടാവണം എന്നാ റാഹത്താ..”

പ്രവാസിയായ ഭർത്താവിനെ കിഡ്നിക്ക്‌ രോഗം വന്ന് കാർന്നെടുത്തപ്പോ ഡയാലിസിസ്‌ ചെയ്യാൻ ഗൾഫല്ല നാടാണു നല്ലതെന്ന അശരീരി ആ മനുഷ്യന്റെ 18 കൊല്ലത്തെ ഗൾഫ്‌ ജീവിതം മതിയാക്കി എക്സിറ്റ്‌ അടിച്ച്‌ വീട്ടിലെത്തി… രണ്ട്‌ പെൺ മക്കളും ഒരു ആൺകുട്ടിയും ബാപ്പാന്റെ കട്ടിലിനരികത്ത്‌ നിന്ന് വിതുമ്പുന്ന കരളലിയിപ്പിക്കുന്ന കാഴ്ച.. സമ്മാനങ്ങളില്ലാത്തെ,മിഡായികളില്ലാതെ വന്ന യാത്രയിൽ ബീവിത്തക്ക്‌ തുണ പടച്ച്‌ തമ്പുരാൻ മാത്രം..

“ഓള കാര്യം കഷ്ടാ,രണ്ട്‌ പെൺ കുട്ട്യോളെ എങ്ങനാ കെട്ടിച്ചയക്കാ..” നാട്ടു വർത്തമാനവും വീട്ടു വർത്തമാനവും കൂടി വന്നപ്പൊ അതിലൊന്നും ചെവി കൊള്ളാതെ മുന്നോട്ട്‌ നീങ്ങി..

മൂത്ത മകളുടെ പഠിത്തം വലിയ കൊള്ളേജിലേക്ക്‌ മാറിയപ്പൊ ചിലവ്‌ കൂടി.. കൂട്ടിവെച്ച പൈസ കഴിഞ്ഞു..ഇനിയെന്തെന്ന് ആലോചിച്ചിരിക്കുമ്പോഴാ നല്ല പാതിയുടെ തമാശയിലുള്ള ചോദ്യം വന്നത്‌..

“അനക്ക്‌ ഞാനൊരു തല വേദന ആയീ അല്ലെടീ ബീവി,ഇയ്യും മക്കളും എന്നെക്കൊണ്ട്‌ കഷ്ടപ്പെടാ പടച്ചോൻ അങ്ങട്ട്‌ വിളിച്ചാ ഹപ്പി ആയേനെ..”

കണ്ണു നിറയ്ക്കാതെ മൗനത്തോടെ നമ്മുടെയൊക്കെ കണ്ണുകളിലേക്ക്‌ ചിലർ ഒരു നോട്ടം നോക്കാനുണ്ട്‌.. അവിടെയതായിരുന്നു സംഭവിച്ചത്‌.. വിധിയെ പൊരുത്തപ്പെടീച്ച്‌ ബീവിത്ത ചെറിയങ്ങാടിയിൽ ഒരു ചായ കട തുടങ്ങി..

പൈസ വാങ്ങാൻ ഭർത്താവിനെ ഇരുത്തി.. സഹായത്തിനായിട്ട്‌ മൂത്താപ്പയുടെ മകനും വന്നു.. സ്കൂൾ ട്രിപ്പ്‌ കഴിയുന്ന സമയത്തായിരുന്നു അവൻ വന്നത്‌.. നാട്ടുകാരുടെ ആദ്യത്തെ കുത്തുവാക്കുകൾ വകവെയ്കാതെ നിന്നപ്പോൾ പതിയെ പതിയെ എല്ലാവരും അടങ്ങി..

“അന്നം തിന്നണമെങ്കിൽ പണിയെടുക്കണം ” എന്ന് വല്ലിപ്പ പറയാറുണ്ട്‌ സുലൈഖാ അതാ ഞാനിങ്ങനെ ഇറങ്ങി പുറപ്പെട്ടെ അല്ലാണ്ട്‌ ന്റെ മുന്നിൽ വേറെ വഴി ഇല്ല ” “ഒക്കെ നല്ലതിനാ ബീവി പടച്ചോൻ ഖൈർ ആക്കും..”

സ്കൂൾ ഫീസടക്കാൻ തിരക്കുള്ള സമയം മകൻ പീഡ്യയിലേക്ക്‌ വരുമ്പോ പുക ഉയരുന്ന സമാവറിന്റെ ചൂടിൽ നിന്നും പറയും: “ഇമ്മച്ചി ഇപ്പം വരാ മോനെ നിക്ക്‌ ട്ടൊ ” എന്നീ.. കണക്കുകളും വരവു ചിലവുകളും എല്ലാമായി ഗൃഹ നാഥയായി വേഷം കെട്ടി..

“ഉമ്മച്ച്യേ ” “ന്തെ മോനെ പറയി ” നല്ലപാതിയും മറ്റു മക്കളുമുള്ളൊരു സമയമായിരുന്നു അത്‌.. ഞായറാഴ്ച പീഡ്യ ലീവായത്‌ കൊണ്ട്‌ എല്ലാരും വർത്തമാനങ്ങൾ പറഞ്ഞിരിക്കുന്ന സമയ്ം..

“ആ മോനെ ന്താ പറയ്‌..” “ഉമ്മച്ചി കറുത്ത്‌ പോയല്ലോ ”

ചോദ്യം കേട്ടതും ഉമ്മ തമാശയെന്നോനം പറഞ്ഞു: “അതില്ലെ ഉമ്മാക്ക്‌ വയസ്സായീലെ അതോണ്ടാ ട്ടൊ..”

ഉള്ളിൽ നീറുന്ന മനസ്സുമയ്‌ അയാൾ തന്റെ ഭാര്യയെ ദയനീയമായി നോക്കി.. കണ്ണു നിറയാതെ ഖൽബ്‌ നിറഞ്ഞൊരു നോട്ടം നോക്കി പറഞ്ഞു: “മോൻ ഇവിടെ ഇരി ഇമ്മ അടുക്കളയിൽ കറി ചൂടാക്കട്ടെ ” അതും പറഞ്ഞ്‌ അകത്തേക്ക്‌ പോയി.. പെട്ടന്ന് തിരികെ വന്നപ്പോൾ മുഖം കഴുകിയിരുന്നു.. അല്ലെങ്കിലും സങ്കടം വന്നാൽ മുഖം കഴുകുന്നത്‌ നല്ലതാ കാരണം കണ്ണു നീരുകളൊക്കെ അതിലലിഞ്ഞിരിക്കുമല്ലോ..

കല്യാണങ്ങളിൽ പങ്കെടുക്കുമ്പോൾ സ്ത്രീ സംസാരങ്ങളിൽ ചോദ്യങ്ങൾ വരുമെങ്കിലും അതൊരു സന്തോഷമായേ കണ്ടിട്ടുള്ളൂ…

ഡയാലിസിനായ്‌ തുക ധാരാളം വേണമെന്ന കേൾവി തളർത്താതെ തന്നെ മുന്നോട്ടു നയിച്ചിരുന്നു ബീവിത്തയെ… മകളുടെ കല്യാണത്തിനു പൊന്നു വേണ്ടത്ത നട്ടെല്ലുള്ള ആണിനെ വേണമെന്ന വാശി പടച്ചോൻ കണ്ടു.. തന്നെ വിവാഹം ചെയ്യുമ്പോൽ ഒന്നും ആവശ്യപ്പെടാത്ത പ്രിയതമൻ തന്നെ ആയിരുന്നു അതിനു പ്രചോതനവും..

തഴമ്പിച്ച കൈകളും, കരിവാളിച്ച മുഖവും, പൊന്നില്ലാത്ത കാതുകളുമായ്‌ ജീവിതം മുന്നോട്ട്‌ നീങ്ങുന്നു.. കാണാൻ മൊഞ്ചില്ലാത്ത ജീവിതമാണെങ്കിലും അന്തിയുറങ്ങുമ്പോ അൽ ഹംദു ലില്ലാഹ്‌ എന്നു പറയുന്ന കുറച്ചധികം ഹൃദയങ്ങളുണ്ട്‌ നമുക്ക്‌ ചുറ്റും..

പടച്ചോന്റെ പരീക്ഷണങ്ങളിൽ തളരാതെ കരുത്തോടെ ജീവിച്ചു കാണിക്കുന്ന ചിലർ.. നമ്മളൊക്കെ കാണാറില്ലെ ഭാര്യയും ഭർത്താവും കച്ചവടം ചെയ്യുന്നതൊക്കെ, അവരാ വിജയികൾ, അവർക്കറിയാം ദുനിയാവിലെ താളങ്ങൾ…

കണ്ടിട്ടുണ്ട്‌ ബീവിത്തയെപോലെ കുറേ പേരെ.. “ന്താ കുഞ്ഞോനെ വർത്താനം കേറി ഇരിക്കി ” എന്നും പറഞ്ഞ്‌ നിറ പുഞ്ചിരിയിൽ നൊമ്പരം മറച്ച്‌ വെച്ച്‌ സംസാരിക്കുന്ന ചിലർ.. ആഴങ്ങളിലേക്ക്‌ ഇറങ്ങി ചെല്ലാൻ നമുക്ക്‌ കഴിയുമെങ്കിൽ ആ ആഴത്തിൽ വെച്ച്‌ നമുക്കൊന്ന് മുകളിലേക്ക്‌ നോക്കാം,

“ഭൂമിയിലെ ജ്ജന്നാത്തുൽ ഫിർദൗസ്‌ ആ കരിവാളിച്ച കരിപുരണ്ട മുഖങ്ങളിലേക്ക്‌ നോക്കിയാൽ നമുക്കന്ദ്‌ കാണാം..” ******************** എന്റെ ഉമ്മാക്കും ഉപ്പാക്കും ഈ പോസ്റ്റ്‌ സമർപ്പിക്കുന്നു..

സ്നേഹത്തോടെ

രചന :ഷാഹിർ കളത്തിങ്ങൽ

Leave a Reply

Your email address will not be published. Required fields are marked *