Welcome

പുലയന്റെ മകൻ

രചന :രോഹിത

പൂമുള്ളി മനയുടെ പടിപ്പുര കടന്നപ്പോൾ അന്ന് വീണ്ടും അവന്റെ തുടയിലാ പുളിവാറലിന്റെ നീറ്റലനുഭവപ്പെട്ടു…. കാലം എത്ര മുന്നോട്ടു പോയിരിക്കുന്നു… താനാണ് മുന്നോട്ട് പോവാത്തത്… താനിപ്പോഴും വള്ളിനിക്കറുമിട്ടു ആ തൊടിയിലൂടെ അച്ഛന്റെ പിന്നാലെ ഓടിനടക്കുന്ന ചെറുക്കനാണെന്നു തോന്നുന്നു.. മനയിപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു നശിച്ചിരിക്കുന്നു… പഴയ ആ പ്രൗഡിയൊക്കെ പോയി.. ഉമ്മറത്ത് അച്ഛൻ തമ്പുരാന്റെ ചാരുകസേര മുഷിഞ്ഞിരിക്കുന്നു.. മനയുടെ ഇപ്പോഴത്തെ അവസ്ഥ പോലെ…

ഉമ്മറത്ത് സംശയിച്ചു നിന്നപ്പോൾ ചെറിയതമ്പുരാൻ അകത്തു നിന്നും വരുന്നത് കണ്ടു.. എന്നെ കണ്ടതും ചിരിച്ചോണ്ട് പറഞ്ഞു” ആഹാ!! നരേന്ദ്രൻ സാറോ….. പറഞ്ഞേലും ശ്ശി നേരത്തെ എത്തിലോ!!! ഇവ്ടെ എല്ലാരും വന്നു തുടങ്ങിയെ ള്ളു.. ഒത്തിരി പേരുണ്ടെയ്‌ അവകാശിയോളായിട്ടേയ് .. ഓരോരുത്തരും ഓരോരോ വഴിക്ക് പോയിട്ക്കുണു… അച്ഛൻ തമ്പുരാന്റെ കാല ശേഷം എല്ലാരും അവനോന്റെ വഴിക്ക് പോയി.. ഇപ്പൊ ഇത് വിക്കണെന്റെ ആവശ്യൊന്നും ആർക്കൂല്യ…..പക്ഷെ പൊന്നും വില കൊടുത്തിതു വാങ്ങിക്കാൻ ഒരാളുണ്ടാവുമ്പോ എന്തിനാ വേണ്ടാന്ന് വെക്കണേ?? ഭ്രാന്തുണ്ടോ സാറിന്?അല്ലെലേന്തിനാ ഈ ഇടിഞ്ഞു പൊളിയാറായ മന? അതും പുതുപുത്തൻ വീടൊന്നു വാങ്ങാനുള്ള വിലക്ക്…. ”

ഭ്രാന്ത്!!!! അവൻ ചിരിച്ചു….

” അതെ തമ്പുരാനെ, ലേശം ണ്ട് ന്നു കൂട്ടിക്കോളൂ.. ഇതൊരു സുഖമുള്ള ഭ്രാന്താണ്… ”

” തമ്പുരാനോ? സാർ എന്തൊക്കെയാ ഈ വിളിക്കണേ? എന്നെ പേര് വിളിച്ച മതി.. ഈ ഗ്രാമം മുഴുവൻ വിലക്ക് വാങ്ങാൻ കഴിവുള്ള നരേന്ദ്രൻ സർ ന്നെ തമ്പുരാൻ ന്ന് വിളിക്കെ.. കളിയാക്കല്ലേ!!!”

“ശരി, ഹരിനാരായണ… ഫോർമാലിറ്റിസ് ഒക്കെ കഴിയുമ്പോ എന്നെ വിളിച്ച മതി.. ക്യാഷ് അപ്പൊ കൊണ്ട് വരും… ഞാൻ പുറകിലുണ്ടാവും…”

അതും പറഞ്ഞവൻ ഓർമകളുടെ ഭാണ്ഡകെട്ടുംപ്പേറി കുളപ്പുരയിലേക്ക് നടന്നു നീങ്ങി…

“ഇന്ദ്രാ!!!! അച്ഛന്റെ കുട്ടി ഇവിടെ നിന്ന് വെയില് കൊള്ളണ്ട… ഈ തേങ്ങ പെറുക്കി കഴിയുബോഴേക്കും കുറെ നേരാവും.. ന്റെ കുട്ടൻ പോയി ആ കുളപ്പുരയിലിരുന്നോ ട്ടോ.. കഴിക്കേണ്ട നേരത്തേക്ക് അച്ഛൻ അങ്ങട് വരാം…”

ഓര്മ വെച്ച നാൾ മുതൽ ഒരു ഒറ്റകര തോർത്തുമുടുത്ത് വെയിലത്ത് പണിയുന്ന,വിയർത്തൊലിക്കുന്ന അച്ഛനെയാണ് താൻ കണ്ടിട്ടുള്ളു.. അച്ഛൻ മനക്കലെ പണിക്കാരനായിരുന്നു….. എന്തിനും ഏതിനും ഏത് അർദ്ധരാത്രിക്കും എല്ലുമുറിയെ പണിയെടുക്കുന്ന കുട്ടിരാമൻ….. പക്ഷെ, അവിടുള്ളോരൊക്കെ അച്ഛനെ പുലയാ ന്നു വിളിച്ചു മാത്രേ കേട്ടിട്ടുള്ളൂ.. ഞാൻ അവർക്ക് പുലയചെക്കനായിരുന്നു….

ആത്തേമ്മമാർക്ക് തലയിൽ തേച്ചു കുളിക്കാനുള്ള വെള്ളില അറുക്കാനും, കുറുന്തോട്ടി പറിക്കാനും ,തമ്പുരാട്ടി കുട്ട്യോൾക്ക് മുല്ലപ്പൂവും ചെമ്പകവും പറിച്ചു കൊടുക്കുന്ന അവരുടെ വീട്ടിലെ ചാമകഞ്ഞി കുടിച്ചു വളർന്ന പുലയച്ചെക്കൻ…

അമ്മയെ കണ്ട ഓർമയില്ല… അമ്മ മരിച്ചു പോയത്രെ ദീനം വന്ന്.. അച്ഛനായിരുന്നു എന്റെ എല്ലാമെല്ലാം.. ഞങ്ങടെ കൂര പോലും കോലോത്തെ തൊഴുത്തിനടുത്തായിരുന്നു…. അച്ഛൻ എന്നെ മാറോടു ചേർത്തു പിടിക്കുമ്പോഴേക്കും അർദ്ധരാത്രി കഴിഞ്ഞിരിക്കും.. അപ്പോഴും അച്ഛന്റെ നെഞ്ചിന് വിയർപ്പിന്റെ ഉപ്പു രസമായിരിക്കും… എങ്കിലും ആ ചൂടേറ്റ് കിടക്കുമ്പോൾ ഞാൻ എല്ലാം മറക്കും….

തമ്പുരാട്ടികുട്ട്യോളില് ഏറ്റവും ഇളയ ആളാണ് ദേവിക തമ്പുരാട്ടി, എന്റെ ദേവൂട്ടി… അവൾക്ക് മാത്രം ഞാൻ ഇന്ദ്രേട്ടനായിരുന്നു.. എനിക്ക് അങ്ങനെയൊരു പേരുണ്ടെന്നു പോലും അവള് വിളിക്കുമ്പോ മാത്രേ ഓർമ വരാറുള്ളൂ.. കിലു കിലെയുള്ള അവളുടെ ചിരിയും, അവളോടി വരുമ്പോൾ കേൾക്കുന്ന കൊലുസ്സിന്റെ ഈണവും മാത്രമായിരുന്നു കോലോത്തെ എന്റെ ഏക ആശ്വാസം.. ബാക്കിയുള്ളവരെല്ലാം പുലയചെക്കൻ ന്ന് പറഞ്ഞു കളിയാക്കുമ്പോ അവളെന്റെ കൈ പിടിച്ചു പറയും ഇതെന്റെ ഇന്ദ്രേട്ടൻ ആണെന്ന്… അപ്പൊ ബാക്കി ഉള്ള കുട്ട്യോളൊക്കെ എന്നെ നോക്കി കളിയാക്കി പറയും… പുലയചെക്കനാരാ ഇന്ദ്രൻ ന്നു പേരിട്ട് .. അതൊക്കെ വല്യ വല്യ ദൈവങ്ങൾടെ പേരാ, നിനക്ക് വല്ല കോരൻ ന്നൊ ചീനു ന്നൊക്കെ അല്ലെ ഇടാ… നിന്റെ അച്ഛൻ കറുമ്പനാണല്ലോ, നിന്റെ അച്ഛന്റെ കൂടെ പണിയെടുക്കുന്ന പുലയച്ചെക്കന്മാരെല്ലാരും കറുത്തിട്ടാ…. പിന്നെ നീ മാത്രം എങ്ങനാടാ വെളുത്തേ…. അവരത് പറഞ്ഞു കളിയാക്കി ചിരിക്കുമ്പോൾ എന്റെ കണ്ണിൽ നിന്നും ഉതിർന്നത് ചുടു ചോരയായിരുന്നു..

അന്നാദ്യമായി അച്ഛൻ മറോടണച്ചപ്പോൾ ആ കൈ തട്ടി മാറ്റി ചോദിച്ചു, “ഞാൻ എങ്ങിനെയാ ഇത്ര വെളുത്തേ?? ഞാൻ അച്ഛന്റെ മോനല്ലേ?? എല്ലാരും കളിയാക്കി ഇന്ന്.. നിക്ക് മാത്രേന്താ ഇന്ദ്രൻ ന്നൊക്കെ പേരിട്ടെ… ന്റെ കൂടെ ഉള്ളവരൊക്കെ നീലും കുഞ്ഞനും ഒക്കെയാണല്ലോ…..”

അന്നെന്റെ അച്ഛന്റെ കണ്ണിൽ കണ്ട ഭീതി, “നീ ഓരോരോ പൊന്നാരങ്ങള് ചോക്കാണ്ട് ഉറങ്ങാൻ നോക്ക് ചെക്കാ.. ”

നീ ന്റെ മോനാ, ന്റെ മാത്രം….. വെളുത്തിട്ടായാലും ചുമന്നിട്ടായാലും.. ആർക്കും കൊടുക്കില്ല്യ ഞാൻ.. ആർക്കും” .. ഒരു എട്ടു വയസുകാരന് അന്നതൊന്നും മനസ്സിലായില്ല……

പിന്നെയും ഞാൻ ഒരുപാട് കളിയാക്കലുകൾ കേട്ടു.. വെളുത്തതിനെ പറ്റി.. അന്നൊക്കെ എനിക്കാശ്വാസം എന്റെ ദേവൂട്ടി ആയിരുന്നു… അവളെന്നും എന്റെ കണ്ണുനീർ തുടക്കാൻ എന്റെ അരികിലുണ്ടായിരുന്നു…

ഒരു വൈകുന്നേരം അച്ഛൻ ഓടി പാഞ്ഞു വന്ന് എന്റെ കയ്യും പിടിച്ചു കൊണ്ട് കുളപ്പുരയുടെ പിന്നാമ്പുറത്തുള്ള വഴിയിലൂടെ നീലുവിന്റെ വീട്ടിലേക്കോടി.. പിന്നെ ഒന്ന് രണ്ടാഴ്ച അവിടെയായിരുന്നു ഞാൻ… അച്ഛൻ പുലർച്ചെ എണീറ്റ് പോകും.. രാത്രി പതിവ് പോലെ ഏറെ വൈകി വരും.. എന്നെ മാറോടണച്ചു അച്ഛൻ അന്നൊക്കെ കുറെ കരഞ്ഞിരുന്നു..

അന്നൊരു ദിവസം അച്ഛൻ എണീറ്റപ്പോൾ നീലുവിന്റെ അമ്മ ചോദിച്ചു, “ഭദ്ര തമ്പുരാട്ടി കൊറേ ദൂസം ണ്ടാവോ രാമേട്ടാ?? ഇതിപ്പോ മംഗലം കഴിഞ്ഞിട്ടുള്ള ആദ്യ വരവല്ലേ?? തമ്പുരാട്ടിക്ക് അറിയോ ചെക്കൻ രാമേട്ടന്റെ കൂടെ ണ്ട് ന്ന്…. പെറ്റ വയറല്ലേ രാമേട്ടാ…. ഈ കാട്ടണതൊക്കെ മോളിലൊരാള് കാണണുണ്ട്….. ആ ചെക്കനിതൊക്കെ അറിഞ്ഞ സഹിക്കോ…”

” നീ മിണ്ടാണ്ട് പൊക്കോ ചൂലെ, ഓൻ ന്റെ ചെക്കന… വല്യംബ്രാൻ കേക്കണ്ട, അന്നേ അടിച്ചോടിക്കും….”

ഏത് ചെക്കന്റെ കാര്യണാവോ അച്ഛൻ പറഞ്ഞേ?

പക്ഷെ, അന്നുച്ചക്ക് അച്ഛനെ കാണാൻ കോലോത്തു ചെന്നപ്പോൾ അച്ഛൻ കവിളത്താദ്യമായി ഒരടി തന്നു.. അതിന്റെ നോവ് ഇന്നും കവിളിലുണ്ട്.. അപ്പോഴേക്കും കാര്യസ്ഥൻ നാണു വന്നു പറഞ്ഞു ഭദ്രതമ്പുരാട്ടി പ്പോ എത്തും ചെക്കനെ എവിടേക്കെങ്കിലും മാറ്റാ…അതിനു പുറമെ അന്നാദ്യമായി അച്ഛൻതമ്പുരാൻ എന്നെ പിടിച്ചു വലിച്ചു കൊണ്ടു പോയി തൊഴുത്തിന്റെ പിന്നാമ്പുറത്തുള്ള ആലയിൽ ഒരു മുക്കിൽ കെട്ടിയിട്ടു.. ഒച്ചവെച്ചാൽ പുളിവാറല് കൊണ്ട് തച്ചുപൊളിക്കും ന്നും പറഞ്ഞു… അന്നൊരു പത്തു വയസുകാരന് തോന്നിയ നാണക്കേട് ജീവിതത്തിലിന്നോളം മറന്നിട്ടില്ല….. അവിടെ കരച്ചില് പുറത്തു കേക്കാതിരിക്കാൻ വായ പൊത്തി പിടിച്ചിരുന്ന ഓരോ നിമിഷവും ഞാൻ സ്വയം ഇല്ലാതാവുകയായിരുന്നു.. രാത്രി ഇരുട്ടിന്റെ മറപറ്റി അച്ഛന്റെ കരങ്ങൾ എന്നെ വലയം ചെയ്തപ്പോൾ അത് വരെ അടക്കിപിടിച്ചതൊക്കെ ഒരു നിലവിളിയായി പുറത്തു വന്നു.. അച്ഛൻ വായ പൊത്തി പിടിച്ചോണ്ട് നീലുവിന്റെ വീട്ടിലേക്കോടി….

അവിടെ ചെന്ന് അച്ഛന്റെ കണ്ണീർ കൊണ്ടെന്റെ കാല് കഴുകിയപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല…. കുറെ നേരം ആ നെഞ്ചോടു ചേർന്ന് കിടന്നു…. ഉറക്കം വരാത്ത ഒരുപാട് രാത്രികളുടെ തുടക്കമായിരുന്നു അത്…

പിന്നെയും വർഷങ്ങൾ കടന്നു പൊയ്കൊണ്ടിരുന്നു… ഭദ്ര തമ്പുരാട്ടി വരുമ്പോൾ മാത്രം ഞാൻ കോലോത്ത് അന്യനായി…..

ആരാണ് ഭദ്ര തമ്പുരാട്ടി? എന്നെ അവര് കണ്ടാലുള്ള പ്രശ്നമെന്താണ്?? മനസ്സിലാ ചോദ്യം കിടന്നു തിളച്ചുമറിയുകയായിരുന്നു….

വീണ്ടും തനിക്ക് ഭ്രഷ്ട്ട് കല്പിച്ചു കൊണ്ട് ഭദ്ര തമ്പുരാട്ടി കോലോത്തെത്തി ന്നറിഞ്ഞു…

ആരോട് ചോദിക്കും? ആരുത്തരം നൽകും? അവസാനം വഴി കണ്ടെത്തി… നീലുനോട് അവന്റെ തൊട്ടപ്പുറത്തെ വീട്ടിലെ മുത്തിയമ്മയോട് ചോദിക്കാൻ ചട്ടം കെട്ടി… അവർക്കി നാട്ടിലെ എല്ലാ വിവരോം അറിയായിരുന്നു… ഓലപ്പുരയുടെ പുറകിൽ ചെവി കൂർപ്പിച്ചു നിന്നു…

“ആര്, കോലോത്തെ കൊച്ചു തംബ്രാട്ടിയോ? ഹിഹിഹി….

മുറുക്കാൻ മുറ്റത്തേക്ക് തുപ്പിക്കൊണ്ടു അവർ തുടർന്നു…

“തംബുരാട്ടിക്ക് ആട്ടത്തിനോട് വല്യ കമ്പായിരുന്നു, അത് പഠിക്കാൻ പുറത്തെവിടെയോ പോയിന്നോ, അവിടുന്ന് ഏതോ കീഴ്ജാതി ചെക്കനുമായി കൂടിന്നോ, അതിലൊരു കുഞ്ഞുണ്ടായിന്നോ ഒക്കെ പറേണ കേട്ടിട്ടുണ്ട്… ഈ ചിരുതക്കതൊന്നും സത്യാണോന്ന് അറിയില്ലേയ്!!!! ആ പിള്ളയാണ് മ്മടെ രാമന്റെ കൂടെ ഉള്ളത് ത്രേ.. അല്ലാണ്ട് മംഗലം പോലും കഴിച്ചിട്ടില്ലാത്ത അവനേടന്നാ ഒരു ചെക്കൻ…. തമ്പുരാക്കന്മാർക്കെന്താ പാടില്ലാത്തത്…. ഒക്കേം കഴിഞ്ഞിട്ടും ഏതോ വല്യ രാജ്യത്തേക്ക് തമ്പുരാട്ടിയുടെ വേളി നടത്തിച്ചില്ലേ?? അതാണ് വല്യ തമ്പുരാന്റെ മിടുക്ക്…… ഞാനൊന്നും പറഞ്ഞിട്ടുല്യ, ഇയ്യോന്നും കേട്ടിട്ടുല്യ… അന്റെ തള്ളെടൊന്നും പോയി പറഞ്ഞേക്കല്ലേ ചെക്കാ… അവള് വാളെടുക്കും… പിന്നാ ചെക്കനോടും…..

എല്ലാം കേട്ടപ്പോൾ ഒരു മരവിപ്പായിരുന്നു.. എല്ലാരും കള്ളം പറഞ്ഞു പറ്റിക്കുകയായിരുന്നു…എങ്ങനെയോ കോലോത്തെ മുറ്റത്തെത്തിപെട്ടു.. അവിടെ നോക്കുമ്പോൾ കാറ് നിക്കുന്നു… കാര്യസ്ഥൻ നാണു വലിയ പെട്ടികളൊക്കെ എടുത്തു വെക്കുന്നുണ്ട്.. മുറിക്കയ്യൻ ഷർട്ടും പാന്റുമൊക്കെയിട്ടു വെളുത്തു മെലിഞ്ഞൊരു മനുഷ്യൻ വല്യ തമ്പുരാന്റെ കയ്യും പിടിച്‌ പടിക്കെട്ടുകളിറങ്ങി വരുന്നു.. അതിനു തൊട്ടു പിന്നിലായി ചുരുണ്ട മുടിയും നീളമുള്ള കണ്ണുകളുമായി ഒരു സ്ത്രീയും… അതെ തന്റെ അമ്മ…..

“അമ്മെ, അമ്മെ!!! നിൽക്കു, ന്നേം കൂടെ കൊണ്ട് പോണേ…. അമ്മെ….” ഓടിച്ചെന്നാ കാൽക്കൽ കെട്ടിപിടിച്ചു കിടന്നു….

“അയ് അങ്ങട് മാറാ അശ്രീകരം!!! ഭ്രാന്തൻ ചെക്കനാ…. ഇവ്ടെ അടുത്തുള്ള ഏതോ ഒന്നാ… തള്ള ചത്തപ്പോ തൊടങ്ങീതാ… ആരെ കണ്ടാലും ഇങ്ങനാ….. “അതും പറഞ്ഞോണ്ട് നാണുനായര് ഒരു ചവിട്ടു തന്നു, മാറിയില്ല…. വല്യ തമ്പുരാൻ കയ്യിലെ വടിയെടുത്ത് നടുവിന് ആഞ്ഞൊരു തല്ലു തന്നു വേദനിച്ചില്ല… പിടി വിട്ടുമില്ല…. പക്ഷെ എല്ലാരും കൂടി ചേർന്ന് ആഞ്ഞു വലിച്ചപ്പോൾ ചാമകഞ്ഞിയുടെ മാത്രം ബലത്തിൽ ജീവിക്കുന്ന ഒരു പതിമൂന്നുകാരന് ഒന്നും ചെയ്യാൻ പറ്റിയില്ല….പിടിത്തം വിട്ടു…

എന്റെ മുഖത്തേക്കൊന്നു നോക്കുക പോലും ചെയ്യാതെ ആ സ്ത്രീ കാറിനുള്ളിലേക്ക് കയറി… വണ്ടി കണ്മുന്നിൽ നിന്ന് മറയും വരെ ഞാൻ അലമുറയിട്ടു… അമ്മേ അമ്മെ എന്ന്….

പാടത്തു നിന്നും അച്ഛനോടി വന്നപ്പോഴേക്കും ദേഹം മുഴുവൻ എല്ലാരും ചേർന്ന് അടിച് പതം വരുത്തിയിരുന്നു… ചോര വർന്നൊലിച്ചപ്പോഴും കരഞ്ഞില്ല… അച്ഛൻ ഓടി വന്നു കെട്ടിപിടിക്കാൻ തുടങ്ങിയപ്പോഴേക്കും വലിയ തമ്പുരാൻ ആഞ്ഞൊരു ചവിട്ടു കൊടുത്തിരുന്നു… “ചതിച്ചല്ലോടാ എരപ്പെ” എന്ന് പറഞ്ഞോണ്ട് അച്ഛനെ അച്ചാലും മുച്ചാലും അടിക്കുന്നത് മനസ്സ് നുറുങ്ങുന്ന വേദനയോടെ നോക്കി നിൽക്കാനേ ആയുള്ളൂ….

ഒരു തുള്ളി വെള്ളം കൊടുക്കരുത് രണ്ടിനും എന്നും കൽപ്പിച്ചു അരങ്ങൊഴിഞ്ഞപ്പോൾ അച്ഛനെന്നെ ദയനീയമായി നോക്കി പറഞ്ഞു….” നിനക്കെന്റെ മോനായിരുന്നാ മതിയായിരുന്നില്ലെടാ”? …..

ആരും കാണാതെ ദേവൂട്ടി വന്ന് കെട്ടഴിച്ചു തന്നിട്ട് പറഞ്ഞു” ഇന്ദ്രേട്ടൻ പൊയ്ക്കോ, എവിടേക്കെങ്കിലും പൊക്കോ… ഇല്ലെങ്കി ഇവരെല്ലാരും കൂടി കൊല്ലും… ” അന്ന് അവളുടെ കണ്ണിലെ കണ്ണീർ തുടച്ചു കൊണ്ട് ഞാൻ പറഞ്ഞു, ഇന്ദ്രൻ വരും ദേവൂട്ടി, ഈ കാണുന്നതെല്ലാം എന്റെ കാൽ ചുവട്ടിലാക്കീട്ട്……അച്ഛന്റെ കയ്യും പിടിച്ചു, കിട്ടിയ ഏതോ ഒരു വണ്ടിയിൽ കയറി യാത്ര പറഞ്ഞതാണ് ആ നാടിനോട്….

പിന്നീടങ്ങോട്ട് ഓട്ടമായിരുന്നു.. സമ്പാദിക്കാനുള്ള ഓട്ടം.. ചെയ്യാത്ത ജോലികളില്ല… മനസ്സിലെ വെറുപ്പ് മുഴുവൻ ഊർജ്ജമാക്കി പണിയെടുത്തു… സമ്പാദിച്ചു.. ഇട്ടു മൂടാനുള്ളത്….

ആ പതിമൂന്നുകാരൻ മുപ്പതു വർഷത്തിന് ശേഷം എല്ലാം വെട്ടിപിടിച്ച നരേന്ദ്രൻ മുതലാളിയായി തിരിച്ചു വന്നപ്പോൾ ആരും മനസ്സിലാക്കിയില്ല പുലയന്റെ ചെക്കാനാണെന്നു… ഇന്ന് മനയുടെ ഒട്ടു മിക്ക കൃഷി ഭൂമിയും സ്വന്തം പേരിലാക്കി… ഇപ്പോളിതാ ഈ മനയും…. പക്ഷെ , അപ്പോഴേക്കും എല്ലാവരും മണ്ണിലാണ്ടു.. അച്ഛൻ തമ്പുരാനും , അമ്മ തമ്പുരാട്ടിയും, എന്റെ പ്രിയപ്പെട്ട രാമച്ചനും……. അങ്ങിനെ കുറെ പേർ…

ഇന്ന് ഇവിടേക്ക് വന്നത് തന്നെ ഒരാളെ കാണാനായിട്ടാണ്… സ്വന്തം മകനെ തിരിഞ്ഞു പോലും നോക്കാതെ പോയ ആ സ്ത്രീയെ… ഭദ്ര തമ്പുരാട്ടിയെ.. വരാതിരിക്കില്ല.. അവകാശി ആണല്ലോ!!!!

“സർ വരൂ, എല്ലാരും എത്തിട്ടുണ്ട്…” ഹരിനാരായണൻ അയാളെ പൂമുഖത്തേക്ക് ക്ഷണിച്ചു… അവിടെ എല്ലാവരുടെയും നടുവിൽ ഒരു കസേര അയാൾക്കിട്ടു കൊടുത്തു… അയാൾക്കപ്പോൾ ചിരി വന്നു… തന്നെ ചവിട്ടി പുറത്താക്കിയ മണ്ണിൽ ,അവരുടെ തലയ്ക്കു മുകളിലായി…..

“അത് ….എല്ലാരും ഒപ്പു വെച്ചിട്ടുണ്ട്, ഇതാ പേപ്പർ, അപ്പൊ ന്നാ കാര്യത്തിലേക്ക് കടക്കല്ലേ…”

” വരട്ടെ, ഞാൻ ഒന്ന് നോക്കട്ടെ…. പേപ്പർ എടുത്ത് അവരുടെ പേര് തിരഞ്ഞു…

ഓ, വന്നിട്ടുണ്ട് , അവരുടെ ഒപ്പുണ്ട്…. “അത് ഈ ഭദ്ര ,അവരുടെ ഒപ്പ് ക്ലിയർ ആയിട്ടില്ലല്ലോ… ഒന്ന് വിളിക്കുമോ…”

“ചെറിയമ്മായി ഒന്ന് ഇത്രടം വരെ വരൂ, ”

എന്തോ ആകെ ഒരു പിടച്ചിൽ പോലെ.. വീണ്ടും ആ സ്ത്രീയെ കാണാൻ പോകുന്നു..

പെട്ടെന്നാണ് വീൽചെയർ തന്റെ മുന്നിലേക്ക് വന്നത്.. അതിൽ നര കയറി ചുരുൾ മുടിയുള്ള, നീണ്ട കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ട , ഒരു സ്ത്രീ… അതെ തന്റെ അമ്മ… മനസ്സ് വിങ്ങാതിരിക്കാൻ ഞാൻ നന്നെ പാടുപെടുന്നുണ്ടായിരുന്നു…

“ഒപ്പ് ശരിയല്ല.. അവരുടെ നേരെ പേപ്പർ നീട്ടി”….

“അയ്യോ അമ്മായിക്ക് പറയണത് കേക്കില്ല.. ഒരാക്സിഡന്റിൽ പെട്ട് ഇങ്ങനെ ആയത… വിദേശത്തായിരുന്നു… ഭർത്താവു മരിച്ചു.. അമ്മായിക്ക് ഇങ്ങനേം ആയി…. അച്ഛൻ തമ്പുരാന്റെ മരണം വരെ ഇവിടെയായിരുന്നു.. പ്പോ ഒരു ബന്ധുന്റെ കൂടെയാ…”

എന്റെ സർവനാഡിയും തളർന്നു.. എന്തിനു വേണ്ടിയാണോ, ആർക്കു വേണ്ടിയാണോ ഞാനിത്രയും വെട്ടിപിടിച്ചത് അവർക്കതൊന്നും കാണാനോ തിരിച്ചറിയാനോ കഴിയില്ല… വിധി…

“ഇന്ദ്രേട്ടാ….. മാപ്പു കൊടുക്കില്ലേ ചെറിയമ്മായിക്ക്… ”

ദേവൂട്ടി,എന്റെ ദേവൂട്ടി…

“ദേവൂട്ടി, നിനക്കെങ്ങനെ എന്നെ…….??”

“ഈ മുഖം ഒന്ന് കാണാൻ വേണ്ടിയാണു ഞാനിത്രയും നാൾ കാത്തിരുന്നത്.. എനിക്കുറപ്പായിരുന്നു വരുമെന്ന്.. ആ വാക്കും നെഞ്ചിലേറ്റിയാണ് ഞാനിത്രയും നാൾ കാത്തിരുന്നത്… അമ്മായി എന്റെ കൂടെയാണ്.. ഇന്ദ്രൻ, നരേന്ദ്രൻ ആയി വന്നാൽ ഞാൻ തിരിച്ചറിയില്ലെന്നു കരുതിയോ?” ” ദേവൂട്ടി”

“എന്നും ഇന്ദ്രേട്ടനെ ഓർത്തു കരഞ്ഞിട്ടെ ഉള്ളു അമ്മായി.. ഇന്ദ്രേട്ടൻ ആരാണെന്നു അറിഞ്ഞ നിമിഷം തൊട്ട്… ആ അമ്മക്ക് കരയാനല്ലാതെ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല… തമ്പുരാട്ടി കുട്ട്യോൾക് കരയാനും ചിരിക്കാനും ഒക്കെ അനുവാദം വാങ്ങണമെന്ന് പറഞ്ഞു നെഞ്ചു പൊടിയുന്ന വേദനയുമായി ഓരോ തവണയും ഇവിടുന്ന് ഇറങ്ങുന്നതിനു മുൻപ് ഇന്ദ്രേട്ടനെ കെട്ടിയിട്ട സ്ഥലത്തു പോയി ഒത്തിരി നേരം നിൽക്കാറുണ്ടായിരുന്നു… ആരോടും എതിർത്ത് പറയാൻ ശീലിച്ചിട്ടില്ലാത്ത ഒരു പാവമായിരുന്നു ഇന്ദ്രേട്ടാ അവർ.. അച്ഛൻ തമ്പുരാനോട് എതിർത്തു നിൽക്കാനുള്ള കെൽപ്പൊന്നും ആ പാവത്തിനുണ്ടായിരുന്നില്ല.. ഇന്ദ്രേട്ടന്റെ കണ്ണുനീരിന്റെ ശക്തിയാണ് അവരെ ഈ വീൽചെയറു വരെ എത്തിച്ചത്… ഇനിയും ശപിക്കരുതെ ഇന്ദ്രേട്ടാ….”..

എന്റെ കണ്ണിൽ നിന്നും മുപ്പതു വർഷങ്ങൾക്കു ശേഷം കണ്ണുനീർ പൊടിഞ്ഞു… ഞാൻ അവരുടെ കാലിൽ തൊട്ടു ,പിന്നെ അവരുടെ കൈകളിൽ മെല്ലെ തലോടി… എന്റെ വെറുപ്പ് അലിഞ്ഞലിഞ്ഞില്ലാതായി… ഞാൻ അവരുടെ മടിയിൽ ഒരു കുഞ്ഞിനെ പോലെ വാവിട്ടു കരഞ്ഞു… അമ്മ ഒരു വലിയ സത്യമാണ്.. അവരോടുള്ള വെറുപ്പായിരുന്നില്ല സ്നേഹമായിരുന്നു എന്നെ ഇത്രത്തോളമെത്തിച്ചത് എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു…

ഒപ്പം എന്റെ ദേവൂട്ടിയുടെ ത്യാഗവും… മുപ്പതു വർഷം ഞാനന്ന് നൽകിയ വാക്കിന്റെ ബലത്തിൽ ജീവിച്ചവൾ.. എനിക്ക് വേണ്ടി ജീവിതം മാറ്റി വെച്ചവൾ… ഒരു പക്ഷെ,എല്ലാമുണ്ടായിട്ടും താനും അവൾക്കു വേണ്ടിയല്ലേ കാത്തിരുന്നത്!!!! അതെ….

പൂമുള്ളി മനയുടെ ആധാരം കയ്യിൽ വച്ചു തരുമ്പോൾ എല്ലാ തമ്പുരാക്കൻമാരുടെയും കൈകൾ വിറച്ചിരുന്നൊ…..ഒരു കയ്യിലാ ആധാരകെട്ടും മറുകയ്യിൽ അമ്മയുടെയും എന്റെ ദേവൂട്ടിയുടെയും കൈകൾ ചേർത്തു പിടിച്ചപ്പോൾ ഒരു കാറ്റ് ഞങ്ങളെ തഴുകി കടന്നു പോയി.. ആ കാറ്റിന് വിയർപ്പിന്റെ മണമായിരുന്നു… പുലയന്റെ നെഞ്ചിലെ വിയർപ്പ്…എന്നെ ഞാനാക്കിയ വിയർപ്പ്…..

ശുഭം

രചന :രോഹിത

Leave a Reply

Your email address will not be published. Required fields are marked *