Welcome

പെങ്ങളെന്ന പുണ്യം

രചന :മൃദുല മുരളി

“അമ്മേ.. നമുക്ക് ഒരു പെങ്ങളെ ദത്തെടുത്താലോ.. ??” അവന്റെ ചോദ്യം കേട്ട് അമ്മ ഒന്ന് ഞെട്ടി..

ഈ ചെക്കൻ എന്ത് ഭ്രാന്താ ഈ പറയുന്നേ….എന്താണാവോ ഇവനിപ്പോ ഇങ്ങനെ തോന്നാൻ..

“ഡാ ചെക്കാ.. ആ പാത്രം ഒന്ന് കഴുകി വെക്കാൻ പറഞ്ഞിട്ടാണോ നീ ഈ ഡയലോഗ് ഒക്കെ പറയുന്നത്.. അയ്യടാ.. ഇനിയിപ്പോ നിനക്കൊരു പെങ്ങളുണ്ടായാലും ഇതൊക്കെ ഞാൻ നിന്നെ കൊണ്ടേ ചെയ്യിക്കു.. പെൺകുട്ടികൾക്ക് മാത്രേ അടുക്കള പണി ചെയ്യാവൂ എന്നൊന്നുമില്ല.. നീ കഴുകീന്ന് വെച്ച് ആ പാത്രം തേഞ്ഞു പോകത്തൊന്നുമില്ല.. ”

അല്ലെങ്കിലേ അവനൊരു കുഴിമടിയനാണ്.. ഇതുടെ കേട്ടപ്പോ അമ്മക്ക് ദേഷ്യം ആയി..

അയ്യോ…! അതോണ്ടൊന്നും അല്ലമ്മേ.. എനിക്ക് ഒരു പെങ്ങളൂട്ടിയെ വേണം..ഒരു അനിയത്തി കുട്ടി ആയാൽ കൂടുതൽ സന്തോഷം..

അമ്മ അവനെ നോക്കി കണ്മിഴിച്ചു..

അതേ അമ്മേ… ഒരു പെങ്ങളുണ്ടായെങ്കിൽ എന്ത് രസമായിരുന്നു.. അവളുടെ കൊഞ്ചലും പരിഭവങ്ങളും.. നിഷ്കളങ്കത ഒക്കെ കൊണ്ട് ഈ വീടൊരു സ്വർഗം ആവുമായിരുന്നു.

ഏട്ടാ… ഏട്ടാ ന്ന് വിളിച്ച് പുറകെ നടക്കാൻ എനിക്കൊരാളെയേനെ.. ഒരു പെങ്ങളുടെ സ്നേഹം.. അതൊരു പെങ്ങൾക്ക് മാത്രമേ സമ്മാനിക്കാനാവു..

ചെറുപ്പം മുതൽ എനിക്ക് തല്ലു കൂടാൻ ഒരു ആളെ കിട്ടുമായിരുന്നു.. പെങ്ങളോട് തല്ലുകൂടുന്നതിന്റെ രസം.. അതൊന്നു വേറെ തന്നെയാ… അതിന് ഒരു ഭാഗ്യം എനിക്കില്ലാതെ പോയല്ലോ…

“.. ആ.. ഇവന് ഭ്രാന്ത്‌ തന്നെ.. നിനക്കൊരു ചേട്ടൻ ആയിട്ട് തന്നെ എനിക്കും അച്ചനും ഒരു സമാധാനം ഇല്ല.. രണ്ടും കൂടി തല്ലുകൂടി ഈ വീട് ഒരു ഭ്രാന്താലയം പോലെ ആക്കീട്ടുണ്ട്.. ഇനിയിപ്പോ ഒരനിയത്തി കൂടി വേണമെന്ന്..എന്തിനാണാവോ .. വഴക്കിടുമ്പോ നിന്റെ ചേട്ടനോടുള്ള ദേഷ്യം അവളോട്‌ തീർക്കാനോ?. “.

അല്ല അമ്മേ.. അവളെ എനിക്ക് ഒരുപാട് ഒരുപാട് സ്നേഹിക്കണം.

അവളുടെ കുരുത്തക്കേടുകൾക്ക് അമ്മ തല്ലു കൊടുക്കുമ്പോൾ എനിക്ക് അവളെ സപ്പോർട്ട് ചെയ്യണം.. അപ്പോ അവളിലുണ്ടാകുന്ന സന്തോഷം കണ്ട് എന്റെ മനസ്സ് നിറയണം..

“ഏട്ടാ.. എന്നേം കൂടി കൊണ്ടോവോ ഉത്സവത്തിന്.”… എന്ന് പറഞ്ഞു ചിണുങ്ങുന്ന അവളേം കൊണ്ട് സൈക്കിൾ ൽ ചുറ്റുമ്പോൾ ഒരു ഏട്ടനുണ്ടായതിൽ സന്തോഷിക്കുന്ന അവളെ നോക്കി എനിക്ക് പുഞ്ചിരിക്കണം..

പരീക്ഷകളിൽ അവൾ മാർക്കുകൾ വാരിക്കൂട്ടുമ്പോൾ അവളെ കണ്ട് പടിക്കെന്ന് അമ്മ പറയുന്നത് കേട്ട്, ചിരിക്കുന്ന അവളെ നോക്കി .. ‘ ഇതൊക്കെ എന്ത്.. ‘ എന്ന മട്ടിൽ തിരിഞ്ഞ് നടക്കണം.. ആ നിമിഷം മനസ്സിൽ ഒരായിരം സ്നേഹം ആയിരിക്കും അവളോട്‌..

അവളുടെ പുറകെ നടക്കുന്ന പൂവാലന്മാരെ ഒതുക്കിയും.. വഴിയോരങ്ങളിലെ ചില നീചൻമാരുടെ നോട്ടങ്ങളിൽ നിന്നും അവളെ സംരക്ഷിച്ചും.. എനിക്ക് അവളുടെ അംഗരക്ഷകൻ ആവണം..

എല്ലാ ആൺകുട്ടികളെയും ഒരേ ഗണത്തിൽ പെടുത്തി ഞാനും ആ ഗണത്തിൽ പെട്ടതെന്ന പോലെ നോക്കുന്ന ചില മഹതികളെ കാണുമ്പോൾ.. അവരോടു എനിക്ക് ഉച്ചത്തിൽ പറയണം.. “എനിക്കും ഉണ്ട് ട്ടോ ഒരു പെങ്ങൾ..”

ബസിൽ എനിക്ക് അരികെ ഒഴിഞ്ഞു കിടക്കുന്ന സീറ്റിൽ ഇരിക്കാൻ മടിക്കുന്ന പെൺകുട്ടികളോട് എനിക്ക് പറയണം.. “ഭയപ്പെടേണ്ട കുട്ടീ.. ഇവിടെ ഇരുന്നോളൂ .. എന്റെ വീട്ടിലും ഉണ്ട് നിന്നെ പോലൊരു അനിയത്തി കുട്ടി..”

അവളുടെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങൾ പോലും എനിക്ക് നടത്തി കൊടുക്കണം..

ആദ്യമായി ഭയത്തോടെ സ്കൂട്ടി ഓടിക്കുന്ന എന്റെ പെങ്ങളുടെ പുറകിൽ ഇരുന്ന് അവൾക്ക് ആത്മവിശ്വാസം പകരണം..

അവൾക്കായി നമ്മൾ കണ്ടെത്തുന്ന ചെക്കനോട് അവൾ കാണാതെ എനിക്ക് പറയണം… “അളിയാ.. എന്റെ പെങ്ങളെ പൊന്നുപോലെ നോക്കിയേക്കണേ ന്ന് “..

അവളുടെ കല്യാണം നടത്താൻ നെട്ടോട്ടമോടുന്ന അച്ഛന്റെ കയ്യിൽ അവൾക്കായി ഞാൻ കരുതിവെച്ച കുറച്ച് ആഭരങ്ങൾ ഏൽപ്പിക്കണം.. ആ ആഭരങ്ങളിൽ ഒരുങ്ങി നിൽക്കുന്ന അവളെ നോക്കി അഭിമാനം കൊള്ളേണം.

ഒടുവിൽ ഈ വീടിന്റെ പടിയിറങ്ങാൻ നേരം കണ്ണീരോടെ എന്നെ നോക്കുന്ന അവളെ നോക്കി ആരും കാണാതെ കരയണം..

അവളില്ലാത്ത ഈ വീട് ഒരു ഒഴിഞ്ഞ വീട് പോൽ തോന്നുമ്പോൾ.. അവളെ ഓർത്ത് എനിക്ക് പൊട്ടി പൊട്ടി കരയണം..

ഞാൻ മാമനാകാൻ പോകുന്നെന്ന വാർത്തയായി ഒരുനാൾ അവൾ വരുമ്പോൾ സന്തോഷം കൊണ്ട് എനിക്ക് തുള്ളിചാടണം..

നിറവയറുമായ് വന്ന അവളെ കാണുമ്പോൾ എനിക്ക് തെല്ല് സങ്കടം ഉണ്ടാവുംട്ടോ.. എന്നാലും.. ആ കുഞ്ഞിക്കാലുകൾ കാണുമ്പോൾ സങ്കടമെല്ലാം മാറും…

അമ്മയായ സന്തോഷത്തിൽ പുഞ്ചിരിക്കുന്ന അവളെ നോക്കി എനിക്കും പുഞ്ചിരിക്കണം..

മനസ്സ് നിറഞ്ഞ് സ്നേഹിക്കാൻ എനിക്ക് ഒരു പെങ്ങളെ വേണമായിരുന്നു… പെങ്ങളില്ലായ്മ…അതൊരു നഷ്ടം തന്നെയാണമ്മേ..

എല്ലാം കേട്ടുകൊണ്ടിരുന്ന ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു..

മകന്റെ ഓരോ വാക്കുകളിലും കണ്ടത് തന്റെ പ്രിയപ്പെട്ട സഹോദരനെ ആണ്.. ഓർമ്മവന്നത് തന്റെ ബാല്യവും … കൗമാരവും.. അവൻ പറഞ്ഞപോലെ ഒക്കെ തന്നെ ആരുന്നു തന്റെ ജീവിതം..

“നീ പറഞ്ഞത് ഒരു സത്യം തന്നെയാണ് മോനെ.. ഒരു പെങ്ങളുടെ സ്നേഹം അത് ഒരു പെങ്ങൾക്ക് മാത്രേ നല്കാനാകു….അത്പോലെ ഒരു ആങ്ങളയെപോൽ സ്നേഹിക്കാൻ ഒരു ആങ്ങള ക്ക് മാത്രേ ആവു..”

രചന :മൃദുല മുരളി

Leave a Reply

Your email address will not be published. Required fields are marked *