Welcome

പെണ്ണ് കാണൽ

രചന :- Cherry Gafoor

രാവിലെ എഴുന്നേറ്റ് സ്കൂളിൽ പോകാൻ പരക്കം പായുന്ന അച്ചുവിനോട് ആടുക്കളയിൽ നിന്ന് അമ്മ പറഞ്ഞു. “മോളെ അച്ചൂ, നിന്നെ ഇന്ന് പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്. നല്ല തറവാടികളാണെന്നാ അച്ഛൻ പറഞ്ഞ്. ഇന്ന് സ്കൂളിൽ പോവണ്ടാന്ന് അച്ഛൻ പറഞ്ഞു”. ഇടിവെട്ടേറ്റ പോലെ അച്ചു ഒരു നിമിഷം നീന്നു. പരിസര ബോധം വീണ്ടെടുത് അമ്മയോട് ചോദിച്ചു. “എന്താ അമ്മ പറഞ്ഞത്..? എന്നെ പെണ്ണ് കാണാൻ വരുന്നോ..?അമ്മ: “ആ.. എന്തെ..? ഇതിപ്പോ ആദ്യമായിട്ട് അല്ലല്ലോ.. പെണ്ണായാൽ പ്രായം ആയാൽ കെട്ടിച്ച് വിടും. നീ കൊച്ച് കുട്ടിയല്ലല്ലോ. പ്രായം പതിനെട്ട് ആയി” അച്ചു: “അമ്മാ എനിക്ക് പഠിക്കണം. അടുത്ത മാസം പ്ലസ്ടു എക്സാമാണ്. എനിക്ക് സ്കൂളിൽ പോണം” എന്ന് പറഞ്ഞ് കരയാൻ തുടങ്ങി.

അടുക്കളയിൽ ഉള്ള അമ്മ അച്ചുവിൻ്റെ അടുത്ത്‌ വന്നു പറഞ്ഞു “എൻ്റെ അച്ചൂ, അവരോട് അച്ഛൻ എല്ലാം പറഞ്ഞിട്ടുണ്ട്. കല്യാണം കഴിഞ്ഞാലും പഠിക്കാൻ പോകാലോ.. അവരോട് പറഞ്ഞത് സമ്മതിപ്പിച്ചിട്ടുണ്ട്. എന്താ അത് പോരെ….?”

കരഞ്ഞ് കൊണ്ടിരിക്കുന്ന അവൾ കണ്ണ് തുടച്ച് അമ്മയെ കെട്ടി പിടിച്ച് പറഞ്ഞു “അല്ലെങ്കിലും ഈ അച്ഛനും അമ്മയും ഇങ്ങനെയാ;ഞാൻ മനസ്സിൽ കണ്ടത് നിങ്ങള് മാനത്ത് കാണും ലെ..?

അമ്മ: “അച്ഛൻ രാവിലെ തന്നെ അവരെ കൊണ്ട് വരാൻ ടൗണിൽ പോയതാ. അവര് ഒമ്പത് മണി ആകുമ്പോഴേക്ക് ഇങ്ങ് എത്തും. അത് കൊണ്ട് മോള് വല്ലാണ്ട് സുഖിപ്പിക്കാതെ പോയി വേഷം മാറാൻ നോക്കടീ” കറച്ച് കനത്തിൽ പറഞ്ഞു…..

“അല്ലെങ്കിലും ഈ അമ്മമാർ ഇങ്ങനെയാ, കാര്യത്തോട് അടുക്കുമ്പോൾ കുരങ്ങിൻ്റെ സ്വഭാവാ..!” എന്ന് പിറുപിറുത്ത് അച്ചു അകത്തേക്ക് പോയി.

ഇതിനിടെ അച്ചുവിനെ പെണ്ണ് കാണാൻ വരുന്നു എന്നറിഞ്ഞ് ഏട്ടത്തി അമ്മയും, മക്കളും, അമ്മാവനും, പിന്നെ തൊട്ടടുത്ത വീട്ടിലെ പെണ്ണുങ്ങളും, കൂട്ടുക്കാരികളും ഒക്കെ വന്നു.

അടുക്കള പണി ഒരു വിധം തീർത്തു പെണ്ണ് കാണാൻ വരുന്നവർക്ക് വേണ്ടി ചായയും പലഹാരവും റെഡിയാക്കി. സമയം ഒമ്പത് മണി ആയപ്പോൾ വീടിന് മുന്നിൽ ഒരു കാർ വന്ന് നിന്നു. മുറ്റത്ത് അവരെ കാത്ത് നിന്ന അമ്മാവൻ അകത്തെ പെണ്ണുങ്ങളോടു പറഞ്ഞു. “അവർ എത്തി.. അച്ചുവിനോട് റെഡിയായി നിക്കാൻ പറ” എന്ന് പറഞ്ഞ് അവരെ വീട്ടിലേക്ക് സ്വീകരിച്ച് ഇരുത്തി.

വീടിൻ്റെ ജനൽ തുറന്ന് അയൽവാസികളും കൂട്ടുകാരികളും ചെക്കനെ നോക്കി വിലയിരുത്തൽ തുടങ്ങി.

“എടീ, നോക്കിയേ, നല്ല ചെക്കനാല്ലെ..? അച്ചുവിന് നല്ല ചേർച്ചയാ. അവൾക്ക് ഒത്ത ഉയരം, കാണാനും സുന്ദരൻ” എന്നിങ്ങനെ അടക്കം പറച്ചിൽ.. അവരുടെ പെരുമകൾ ഓരോന്ന് ബ്രോക്കർ പറയാൻ തുടങ്ങി.

“നല്ല തറവാടികളാ. കൊല്ലത്താ വീട്. ആകെ രണ്ട് മക്കളെ ഉള്ളൂ. ഒരു ആണും ഒരു പെണ്ണും. പെണ്ണിനെ കെട്ടിച്ച് വിട്ടു. ഇനിയുള്ളത് ഇവനാ.പേര് അനിൽ .ഇവൻ എഞ്ചിനീയർ ആണ്. ഒരു കമ്പനിയിലാ ജോലി. നല്ല ശബളം ഉണ്ട്. ബ്രോക്കറുടെ സംസാരത്തെ കീറി മുറിച്ച് അമ്മാവൻ പറഞ്ഞു. “എന്നാ പിന്നെ കുട്ടിയെ വിളിക്കാം ലെ…” “ആ.. എന്നാൽ കുട്ടിയെ കാണാം” എന്നായി ബ്രോക്കർ.

അകത്തേക്ക് നോക്കി അച്ഛൻ പറഞ്ഞു. “എടീ, അച്ചുവിനെ വിളിച്ചേ” അച്ചുവിന്റെ കയ്യിൽ ചായ കൊടുത്ത് കൂട്ടുകാരി പറഞ്ഞു. “എടീ ചെക്കൻ സൂപ്പറാ..! നിനക്ക് പറ്റിയ ചെക്കനാ.” അച്ചു: “ഒന്ന് പോടീ കളിയാക്കാതെ”. അവളുടെ കയ്യിൽ നിന്നും ചായ വാങ്ങി മുഖത്ത് ചിരി വരുത്തി.. പതിയെ ഹാളിലേക്ക് ചെന്നു. നല്ല പട്ട് സാരി ഉടുത്ത് പൊട്ടും തൊട്ട് മുടിയിൽ മുല്ലപ്പൂവും ചൂടി അവൾ കയ്യിൽ ചെറിയ തട്ടിൽ ചായയുമായി അച്ഛൻ്റെ അടുത്ത് നീങ്ങി…. അച്ഛൻ: “അച്ചു എനിക്കല്ല അവർക്ക് കൊടുക്ക് അതാ പയ്യൻ” ഷർട്ടു ഇൻസെർട്ടു ചെയ്ത് കാണാൻ നല്ല ഭംഗിയുള്ള ചെറുക്കനെ ചൂണ്ടിക്കാട്ടി പറഞ്ഞു…..

പതിയെ അയാളുടെ അടുത്ത് പോയി ചായ അയാൾക്ക് നീട്ടി. ചായ എടുക്കുന്ന സമയത്ത് അയാളെ നോക്കി ഒന്ന് പുഞ്ചിരി തൂകി.

അവൾ ചായ കൊടുത്ത് അമ്മയുടെ പിറകിൽ നാണത്തോടെ പോയി നിന്നു.. ബ്രോക്കർ ചായ കുടിക്കുന്നതിൻ്റെ ഇടയിൽ പറഞ്ഞു. “കുട്ടികൾക്ക് പരസ്പരം എന്തേലും പറയാൻ ഉണ്ടെങ്കിൽ നമുക്ക് ഒന്ന് മാറി നിൽക്കാം, ഇപ്പോഴത്തെ കുട്ടികൾ അല്ലെ.,അവർക്ക് എന്തെങ്കിലും ചോദിക്കാനും പറയാനും ഉണ്ടാകും. അച്ഛൻ: “മോളേ മുകളിലേക്ക് പൊയ്ക്കോ.. അവിടെ ആരുടെയും ശല്യം ഉണ്ടാവൂല..” “വേഗം ചെല്ലടീ” എന്നും പറഞ്ഞ് കൂട്ടുകാരികൾ അവളെ മുകളിലത്തെ റൂമിലേക്ക് തള്ളി വിട്ടു. പിന്നാലെ അനിലും.

അവൾ എന്ത് ചോദിക്കും എന്ത് പറയും എന്നറിയാതെ ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു. അനിൽ പതിയെ റൂമിലേക്ക് വന്നു. ഒന്ന് ഒച്ചയനക്കി….. കൃത്രിമമായ ചിരി മുഖത്ത് വരുത്തി അനിലിനെ നോക്കി ഒന്ന് ചിരിച്ചു.

അനിൽ: “എന്താ പേര്? അച്ചു: “അശ്വതി” അനിൽ: “എന്തിനാ പഠിക്കുന്നത്?” അച്ചു:”പ്ലസ്ടു” അനിൽ: “എനിക്ക് അശ്വതിയെ ഇഷ്ടായിട്ടോ.. അശ്വതിക്ക് എന്നെ ഇഷ്ടായോ??” അച്ചു:”ഉം” അനിൽ: “എന്താ ഒരു മൂളൽ മാത്രം? നിനക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ? നിനക്ക് നിൻ്റെ ഭാവിവരനെപ്പറ്റി കാഴ്ച്ചപ്പാട് ഉണ്ടാകുമല്ലോ, അല്ലെങ്കിൽ വേറെ എന്തെങ്കിലും??” അച്ചു: “അങ്ങനെ പ്രത്യേക കാഴ്ച്ചപ്പാട് ഇല്ല. പിന്നെ എനിക്ക് പഠിക്കണം. ഒരു നല്ല ജോലി വാങ്ങണം. അച്ഛനും അമ്മയ്ക്കും ആണായിട്ടും പെണ്ണായിട്ടും ഞാൻ മാത്രമേ ഉള്ളൂ. അവരെ നോക്കേണ്ടത് എൻ്റെ കടമയല്ലെ..?” അനിൽ: “അതിനെന്താ, നിനക്ക് പഠിക്കാൻ പോകാം. ആരും എതിര് പറയില്ല അമ്മയും അച്ഛനും നല്ലതേ പറയൂ. അശ്വതിക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ.??..”

അശ്വതി: “പിന്നെ ഏട്ടാ നിങ്ങൾക്ക് തരാനായിട്ട് അധികം പൊന്നോ പണമോ ഇല്ല. ഈ കാണുന്ന വീടും സ്ഥലവും മാത്രമേ സമ്പാദ്യമായിട്ടുള്ളൂ.പിന്നെ നിങ്ങൾക്ക് സമർപ്പിക്കാൻ എൻ്റെ മനസ്സും ശരീരവും മാത്രമേ ഉള്ളൂ…”

ഇതും പറഞ്ഞ് അശ്വതി സംസാരം നിർത്തി ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി നിന്നു… കുറച്ച് സമയത്തെ നിശബ്ദതക്ക് ശേഷം അനീൽ പറഞ്ഞു

“അപ്പോൾ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ്. നിനക്ക് പഠിക്കുകയും വേണം, ജോലിയും വേണം. ആകെയുള്ളത് ഈ വീടും പറമ്പും” സംസാരം അത്ര പന്തിയല്ല എന്ന് തോന്നി അച്ചു അനിലിൻ്റെ മുഖത്തേക്ക് നോക്കി. ആ സമയം അനിലിൻ്റെ മുഖത്ത് കാണാൻ കഴിഞ്ഞത് ഒരു തരം പുച്ഛമായിരുന്നു.

“എന്നാൽ പിന്നെ ആലോചിച്ചിട്ട് പറയാം” എന്ന് പറഞ്ഞു അനിൽ തിരികെ നടന്നു. അശ്വതി കാര്യങ്ങൾ പറയാൻ തുടങ്ങുമ്പോഴേക്ക് അനിൽ റൂം വിട്ട് പോയിരുന്നു.

താഴെ സംസാരിച്ചിരിക്കുന്ന അച്ഛന്റെ അടുത്ത് പോയി അനിൽ പറഞ്ഞു “അച്ഛാ വാ നമുക്ക് പോകാം ഇത് ശരിയാവൂല. എണീക്ക്, നമുക്ക് പറ്റിയ ബന്ധം അല്ല ഇത്. ഒന്നും അറിയാതെ അച്ചുവിൻ്റെ വീട്ടുകാരും മറ്റുള്ളവരും തരിച്ച് നിന്നു.

അനിലിൻ്റെ അച്ഛൻ: “എടാ നിനക്ക് മോളെ ഇഷ്ടായില്ലെ? പിന്നെ പെട്ടെന്ന് എന്താ ഇങ്ങനെ..??”

അനിൽ: “അത് പിന്നെ പറയാം അച്ഛൻ എണീക്ക്” എന്ന് പറഞ്ഞ് അനിൽ പുറത്തേക്ക് നടന്നു. പിന്നാലെ മറ്റുള്ളവരും.

“ടാ ചെക്കാ” എന്ന കനത്തിലുള്ള അശ്വതിയുടെ പിന്നിൽ നിന്നുള്ള വിളി കേട്ടാണ് എല്ലാവരും പിന്നിലേക്ക് നോക്കിയത്…. അശ്വതിയുടെ ഇത് വരെ കാണാത ഒരു മുഖം; അനിലിനോടുള്ള വെറുപ്പും ദേഷ്യവും അവളുടെ മുഖത്ത് കാണാം.

അശ്വതി: “ടാ ചെക്കാ താനെന്താ കരുതിയത്? തൻ്റെ തൊലിവെളുപ്പും ഈ ഗമയും കണ്ടാൽ എൻ്റെ അച്ഛൻ തൻ്റെ മുന്നിലേക്ക് വീഴും എന്ന് കരുതിയോ.? താൻ സ്ത്രീധനം കിട്ടാതെ താലി കെട്ടില്ലല്ലേ. നീ എന്ത് ജന്മം ആണടോ..?”

അശ്വതിയുടെ സംസാരം കേട്ടു അമ്മാവൻ അവളെ തടയാൻ നിന്നു. “അശ്വതീ, നീ എന്താ ഈ പറയുന്നത്..? നിന്നെ കാണാൻ വന്നവരോട് ഇങ്ങനെയാണോ പെരുമാറുന്നത്..? ഇനി നിൻ്റെ നാവ് അനങ്ങിയാൽ പിന്നെ സംസാരിക്കാൻ നിനക്ക് നാവ് കാണില്ല. അമ്മാവൻ കലി തുള്ളി.

അശ്വതി: “മാമ ഒന്ന് മിണ്ടാതിരുന്നേ. ഇവമ്മാർക്ക് തൊലി വെളുപ്പും അത്യാവശ്യം അഹങ്കാരം ഉള്ള പെണ്ണിനെയാ വേണ്ടത്. പാവപ്പെട്ട എന്നെപ്പോലെ ഉള്ളവരെ പറ്റില്ല. അവർക്ക് സ്നേഹത്തേക്കാൾ വലുത് പണമാ. അല്ലെങ്കിൽ മാമ പറ.. ഈ വീടും പറമ്പും വിറ്റ് എന്നെ കെട്ടിച്ച് എൻ്റെ അമ്മയെയും അച്ഛനെയും തെരുവിൽ വിടണോ..? അങ്ങനെ ആണേൽ ഞാൻ സമ്മതിക്കാം…”

എന്തോ കലി തുള്ളിയ അമ്മാവൻ ഒരു നിമിഷം മിണ്ടാതെ അകത്തേക്ക് പോയി….. ബ്രോക്കർ: “നിങ്ങള് അച്ഛനും മോളും അവിടെ ഇരുന്നോ. തൻ്റെ മോള് മൂത്ത് നരച്ച് പോകത്തെ ഉള്ളൂ. നമുക്ക് പോകാം. മോൾക്ക് ഇത്രയും അഹങ്കാരമോ! കഷ്ടം!!” ബ്രോക്കറും കൂടെ വന്നവരും നടന്നകന്നു…. അമ്മാവനും ഏട്ടത്തി അമ്മയും യാത്ര പറഞ്ഞ്‌ അവരും പോയി.

എന്താ നടന്നത് എന്ന് വിശ്വാസിക്കാനാകാതെ അമ്മ ഒരു യന്ത്രത്തെ പോലെ അടുക്കളയിൽ ജോലികൾ ചെയ്തു. എന്തൊക്കെയോ ചിന്തയിൽ അച്ഛൻ ചാരി കസേരയിൽ ഇരിക്കുന്നു.

അശ്വതി പതിയെ പോയി അച്ഛൻ്റെ കൈകൾ പിടിച്ചു. അച്ഛൻ: “എന്താ അച്ചൂ നിനക്ക് പറ്റിയെ…..?” പെയ്യാൻ കാത്തിരിക്കുന്ന പേമാരിയെ പോലെ അച്ചു ഒരു കരച്ചിൽ…. “അച്ഛാ എന്നോട് ക്ഷമിക്ക് അച്ഛാ പെട്ടെന്ന് അച്ഛനെയൊക്കെ തള്ളി പറഞ്ഞപ്പോൾ ഞാൻ അറിയാതെ പറഞ്ഞതാ…” അച്ഛൻ അച്ചുവിനെ തലോടി കൊണ്ട് പറഞ്ഞു “അച്ചൂ നീ ചെയ്തതാ ശരി. വെറും പണത്തിന്റെ പിന്നാലെ പോകുന്നവരെ വിശ്വാസിക്കാൻ പറ്റില്ല. പണം ഇല്ലാതായാൽ പിന്നെ അവരുടെ രീതി മാറും. അച്ചുവിൻ്റെ കല്യാണം ഈ അച്ഛൻ നടത്തും ഭംഗിയായി. ഒരു സ്ത്രീധനവും കൊടുക്കാതെ. നല്ല അന്തസ്സായി നടത്തും. മോള് മുഖം കഴുകി അടുക്കളയിൽ ചെല്ല്. പാവം അമ്മ അവിടെ ഒറ്റയ്ക്കാ. അമ്മ എന്തെങ്കിലും പറഞ്ഞാ കാര്യമാക്കണ്ട ഞാൻ പറഞ്ഞ് മനസ്സിലാക്കാം. മോള് ചെല്ല്”

അശ്വതി കണ്ണുകൾ തുടച്ച് അടുക്കളയിൽ പോയി. അച്ഛൻ ഒരു നെടുവീർപ്പ് ഇട്ട് ചാരി കസേരയിൽ ഇരുന്നു.

ശുഭം

രചന :- Cherry Gafoor

Leave a Reply

Your email address will not be published. Required fields are marked *