Welcome

ബന്ധനം

രചന : Aswathi Dinoop‎

“ഞാൻ വരുന്നു , ലിൻഡയോടൊപ്പം , 14ന് ഉച്ചക്ക് 2 മണിക്കാണ് flight landing . നീ വരില്ലാന്നറിയാം എന്നാലും പ്രതീക്ഷിക്കുന്നു .” ദേവൻ .

എന്തിനാണ് താനീ കത്ത് വീണ്ടും വീണ്ടും വായിക്കുന്നത് ..?

“ഈ ബോംബെ നഗരത്തിലെ ഉറക്കം കിട്ടാത്ത രാത്രികളിൽ വെറുതെ നടക്കാനിറങ്ങും . നിനക്കറിയോ പകലിനേക്കാൾ എത്ര സുന്ദരിയാണ് ഈ രാത്രി . ഹൃദയങ്ങൾ ഒന്നിക്കുന്ന രാത്രി .. ചില ചുംബനങ്ങൾ കൊതിക്കുന്ന രാത്രി .” ബോംബെ നഗരത്തിലെ ജോലിത്തിരക്കിനിടയിൽ ദേവേട്ടൻ തനിക്കാദ്യമായി അയച്ച കത്തിലെ ആദ്യ വരികൾ .

“ഗായു, നിനക്ക് ഞാനും എനിക്ക് നീയും .. അങ്ങനെ ഒക്കെ പറയണമെന്നുണ്ട് നിന്നോട് , but badly i need a baby . I know you can’t , but ഒരു adoption don’t say no to that .”

തനിക്ക് ഒരിയ്ക്കലും അംഗീകരിക്കാനാവാത്ത വാക്കുകൾ . പ്രണയത്തിൻറെ മദോന്മത്തമായ ലഹരിയിൽ , എനിക്ക് നീയും , നിനക്ക് ഞാനും ഉണ്ടല്ലോ എന്നെങ്കിലും ദേവേട്ടൻ തന്നോട് പറയുമെന്ന് കരുതി . താൻ മാത്രമാണ് ആ ലഹരി ആസ്വദിച്ചത് , താൻ മാത്രമാണ് രണ്ടു പേര് എന്ന ലോകത്തേക്ക് ചുരുങ്ങാൻ ആഗ്രഹിച്ചത് .

“ഗായത്രി , നിൻറെ ഏകാന്തതയിൽ നീ സന്തുഷ്ട ആയിരിക്കാം . ഞാൻ ഒരു കുഞ്ഞു ചുംബനം ആഗ്രഹിക്കുന്നു , ഒരു കുഞ്ഞു കൈ എൻറെ കൈകളിൽ ചേർത്ത് നടക്കുവാൻ ആഗ്രഹിക്കുന്നു . അച്ഛനാവുക എന്ന എൻറെ അവകാശം നീ എനിക്ക് നിഷേധിക്കരുത് .”

ജോലിത്തിരക്ക് ദേവേട്ടന് ഒരു കാരണമായിരുന്നു തന്നെ ഒറ്റയ്ക്കാക്കാൻ , കൂടെ പോവാമായിരുന്നു , പോയില്ല , വാശി . ഏകാന്തതയെ ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു . വായിക്കാൻ ഇഷ്ടമായിരുന്നു , ഇപ്പോൾ വെറുതെ കിടക്കാനാണിഷ്ടം..സങ്കൽപ കഥകൾ ഭാവനയിൽ കണ്ടു വെറുതെ കിടക്കും .അതിഥികൾ എന്നും അരോചകമായുരുന്നു , എൻറെതായ ലോകത്ത് അനുവാദം ചോദിക്കാതെ കടന്നു വരുന്നവർ .”സ്വപ്ന”, കോളേജിൽ കൂടെ പഠിച്ചവൾ , ഒരു രഹസ്യവുമായി ഏൻറെ ലോകത്തേക്ക് കടന്നു വന്നു .ദേവേട്ടൻ ഇപ്പോൾ ഒരു പെൺകുട്ടിക്കൊപ്പമാണ് താമസം , ലിൻഡ എന്നാണവളുടെ പേര് , പേര് മാത്രമേ അവൾക്കു കണ്ടു പിടിക്കാൻ സാധിച്ചുള്ളൂ ..എന്തായാലും അവളറിഞ്ഞ വലിയ കാര്യം എന്നെ അറിയിക്കാൻ വേണ്ടി നാട്ടിലെത്തിയപ്പോൾ എന്റടുത്തേക്ക് വന്നവൾ . അവളോട് ഒന്നും പറഞ്ഞില്ല , ഈ കാര്യത്തെ പറ്റി ഒരു ചർച്ച തന്നെ നടത്തിക്കളയാം എന്ന് കരുതി വന്നവളെ നിരാശയാക്കി പറഞ്ഞു വിടേണ്ടി വന്നെനിക്കു .ദേവേട്ടനും ഒരു മനുഷ്യനാണ് , വികാര വിചാരങ്ങളെ അടക്കി വയ്ക്കാനാവാത്ത മനസ്സിൻറെ ഉടമ , അങ്ങനെ പറഞ്ഞു പഠിപ്പിച്ചു മനസ്സിനെ.ഇന്നാണ് അവർ വരുന്നത് , വല്ലാത്തൊരു പരിഭ്രമം , എന്താണ് ദേവേട്ടന് തന്നോട് പറയാനുണ്ടാവുക .എന്തെങ്കിലും വായിക്കണമെന്ന് തോന്നി , വല്ലാത്തൊരിഷ്ടം കൊണ്ട് താൻ തന്നെ എഴുതി സൂക്ഷിച്ച ഒരു കഥയുണ്ട് “നഷ്ടപ്പെട്ട നീലാംബരി”, പക്ഷെ വായിക്കാൻ തോന്നിയില്ല ഈ അവസ്ഥയിൽ തന്നെ അത് കൂടുതൽ വേദനിപ്പിക്കുകയെ ഉള്ളു .

“ഗായു നിനക്കവളുടെ കൂടെ കിടന്നുടായിരുന്നോ , അവളോട് നീ ഒന്നും സംസാരിച്ചില്ലല്ലോ . നിന്നെ കാണാനാണ് അവൾ ഇവുടെ വന്നത് . അവളൊരു പാവം കുട്ടി ആണ് . നീ എന്താണ് എന്നോടും ഒന്നും ചോദിക്കാത്തതു . മൗനം നിനക്ക് മടുത്തില്ലേ . ഗായു ..”

ഉറക്കം വരുന്നില്ലായിരുന്നു , കണ്ണടച്ചു കിടന്നു , ഒന്നും കേള്ക്കുന്നില്ലാന്നു കരുതിക്കോട്ടെ .

“അവളെ കൂടെ വിളിക്കു , നമ്മുക്ക് ഒരുമിച്ചു കഴിക്കാം ”

” ദേവേട്ടൻ പോയി വിളിക്കു ..എനിക്കിതൊന്നും ശീലമില്ല ”

“ലിൻഡാ …”

“വരുന്നു അച്ഛാ..” അച്ഛൻ , ദേവേട്ടനെ അവൾ വിളിച്ചത് അച്ഛനെന്നാണ്.

“ഈ താഴ്വരയിൽ പൂക്കുന്ന പൂക്കളെല്ലാം പെൺ പൂവുകളായിരിക്കും , വെള്ള നിറമുള്ള പൂക്കൾ .”

ആദ്യമായി ഒരുമിച്ചു യാത്ര പോയപ്പോൾ പറഞ്ഞ വാക്കുകൾ ..

എൻറെ കണ്ണുകൾ നനഞ്ഞിരിക്കുന്നു , ദേവേട്ടൻ എന്നെ തോൽപ്പിച്ചിരിക്കുന്നു. ജീവിത കാലത്തേക്ക് ഞാൻ തീർത്ത തടവറയിൽ നിന്നെന്നെ മോചിപ്പിക്കാൻ , അദ്ദേഹം വന്നിരിക്കുവാണ് .ഞാൻ ദേവേട്ടനെ നോക്കി , അദ്ദേഹം എന്നെ നോക്കി ഒന്ന് ചിരിച്ചു . ആദ്യ നാളുകളിലെ പ്രണയം നിറഞ്ഞ ചിരി . വാശി അവസാനിച്ചിരിക്കുന്നു , ഞാനിപ്പോൾ അമ്മ ആയി , ഗായത്രിയമ്മ..

രചന : Aswathi Dinoop‎

Leave a Reply

Your email address will not be published. Required fields are marked *