Welcome

മഞ്ഞുപോലൊരു പെണ്‍കുട്ടി

രചന : Praseed Balakrishnan‎

പതിനെട്ട് മാസങ്ങളായി കാശ്മീരിൽ എത്തിയിട്ട്. കൊടും തണുപ്പും , ഇടയ്ക്കിടെ ഉണ്ടാകുന്ന ആക്രമണങ്ങളും കാരണം മനസ്സ് ആകെ അസ്വസ്ഥമാണ് . ജനിച്ചു വളർന്ന ഗ്രാമവും, നടുമുറ്റമുള്ള തറവാടും, ചങ്ങാതിമാരൊത്തു നീന്തിത്തുടിക്കാറുള്ള അമ്പലക്കുളവും, പ്രിയ പത്നിയും , പിന്നെ തന്റെ ജീവനായ അമ്മുക്കുട്ടിയുമെല്ലാം അയാളുടെ എന്നുമുള്ള സ്വപ്നങ്ങളിൽ കടന്നു വരാറുണ്ട് . എപ്പോഴാണ് ഇനിയവരെ കാണുകയെന്നു പറയുവാൻ സാധ്യമല്ല . ഏതു നിമിഷവും ചീറിപ്പാഞ്ഞു വരാവുന്ന ശത്രുവിന്റെ വെടിയുണ്ട എല്ലാ സ്വപ്നങ്ങളെയും തകർക്കുമെന്ന് ഓരോ പട്ടാളക്കാരനും അറിയാം .

ഇന്ന് അയാൾ ചോവോഗാം എന്ന ഗ്രാമത്തിനടുത്തുള്ള പുതിയ ക്യാമ്പിലേയ്ക്ക് മാറുകയാണ് . കൂടെ പഞ്ചാബികളായ മൂന്ന് സഹപ്രവർത്തകരും. കുങ്കുമ പാടങ്ങൾക്കു നടുവിലുള്ള റോഡിലൂടെ അവരുടെ ട്രക്ക് പോവുകയാണ് . വാഹനത്തിലിരുന്ന് അയാൾ ആ സ്വർഗ്ഗ ഭൂമിയുടെ സൗന്ദര്യം ആസ്വദിച്ചു . ഇരുവശവും പരവതാനിപോലെ പരന്നു കിടക്കുന്ന കുങ്കുമ പൂപ്പാടം . അവയ്ക്കപ്പുറം മരങ്ങളുടെ പച്ചപ്പിനും മേലെ, മഞ്ഞ് പുതഞ്ഞുകിടക്കുന്ന പർവ്വതരാജന്മാർ. അതിനുംമേലെ അനന്തമായ നീലാകാശവും . കാശ്മീർ പിടിച്ചടക്കാൻ ശത്രുക്കൾ മത്സരിയ്ക്കുന്നത് ഒരുപക്ഷേ ഈ സ്വർഗ്ഗീയ സൗന്ദര്യം കണ്ടു ഉന്മാദം പിടിപെട്ടതിനാൽ ആവാം എന്ന് ഇവിടം സന്ദർശിയ്ക്കുന്നഏതൊരാള്ക്കും തോന്നും. എത്രയൊക്കെ മനോഹരമായ സ്ഥലമാണെങ്കിലെന്താ, സ്വന്തം ജീവൻ മുറുകേപ്പിടിച്ചാണ് ഇവിടുത്തെ ഓരോ മനുഷ്യനും കഴിയുന്നത്‌ . അവർക്കെന്നാണ് ശാന്തമായി ഒന്നുറങ്ങാൻ ആവുക ……. ഓർമ്മകൾ അയാളെ വീണ്ടും തന്റെ നാട്ടിൻ പുറത്തേയ്ക്ക് എത്തിക്കുന്നതിന് മുൻപേ അവരുടെ ട്രക്ക് ചോവോഗാം ഗ്രാമത്തിൽഎത്തിയിരുന്നു . അയാൾ ചിന്തകൾ വിട്ടുണർന്നു . വഴിയിലൂടെ ചെമ്മരിയാടിൻ കൂട്ടങ്ങൾ നടക്കുന്നു . അവയെ മേയ്ച്ചുകൊണ്ട് കമ്പിളി വസ്ത്രങ്ങളാൽ ശരീരം പൊതിഞ്ഞ് , കയ്യിലൊരു വടിയുമായി ചെറുതും , വലുതുമായ ഇടയന്മാരും . റോഡിനിരുവശവും കൊച്ചു കൊച്ചു കുടിലുകൾ . ഒരിടത്ത് ചെറിയൊരു ചായക്കടയും കാണാം . ഒരുപക്ഷേ അവിടെയാവാം ദുരിതങ്ങൾക്കിടയിലും ഈ മനുഷ്യർ തങ്ങളുടെ പരിമിതമായ സന്തോഷങ്ങൾ പങ്കു വയ്ക്കാൻ ചേരുന്നത്. ചൂടു ചായയും കുടിച്ച് പരസ്പരം സംസാരിച്ചുകൊണ്ട് നിന്ന ഗ്രാമീണർ പട്ടാള ട്രക്ക് കണ്ടപ്പോൾ ബഹുമാനത്തോടെ അവരെനോക്കി സലാം പറഞ്ഞു . അവയെ പിന്നിട്ട് ട്രക്ക് മഞ്ഞുപുതഞ്ഞ വഴിലൂടെ മുകളിലേയ്ക്ക് കയറി അവരുടെ ക്യാമ്പിലെത്തി . പഴയ ക്യാമ്പിലും കൂടുതൽ സൈനികരും, സജ്ജീകരണങ്ങളും അവിടെയുണ്ടായിരുന്നു. ക്യാമ്പിനപ്പുറം പാക്കിസ്ഥാൻ ആണ്. ട്രക്കിൽ നിന്നിറങ്ങി ഔദ്യോഗിക കാര്യങ്ങളൊക്കെ പൂർത്തിയാക്കി അവർ തങ്ങളുടെ ടെന്റുകളിലേയ്ക്കു കയറി .

ഇരുൾ വീണു . പുറത്ത് നല്ല നിലാവുണ്ട് . ഭക്ഷണത്തിന് ശേഷം അയാൾ ടെന്റിനു വെളിയിലേക്കിറങ്ങി. അസ്സഹനീയമായ തണുപ്പുണ്ട് . രാത്രിയിൽ കാവൽ നില്ക്കുന്ന സൈനികർ വളരെ ജാഗ്രതയോടെ തങ്ങളുടെ ചുമതല നിർവ്വഹിക്കുന്നു . രാജ്യം മുഴുവൻ ഇപ്പോൾ സുഖ നിദ്രയിൽ ആയിരിക്കും . രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഒന്ന് കണ്ണു ചിമ്മുകപോലും ചെയ്യാതെ, ഈ കൊടും തണുപ്പിലും കാവൽ നില്ക്കുന്ന തങ്ങളെപ്പറ്റി ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ ….. അയാൾ ചിന്തിച്ചു . പുലർച്ചെ എഴുന്നെൽക്കണ്ടതിനാൽ അൽപ്പ സമയംകൂടി അവിടെ നിന്നിട്ട് തന്റെ ടെന്റിലേയ്ക്ക് അയാൾ മടങ്ങി . നിദ്രയിൽ പല തവണ തന്റെ മകൾ അമ്മു സ്വപ്നത്തിൽ വന്നുപോയി.

അവരുടെ ക്യാമ്പിൽനിന്നും കുറച്ചു താഴെയായിരുന്നു അയാൾക്ക്‌ ഡ്യൂട്ടി . പൈന്മരങ്ങളെ തഴുകിയെത്തിയ തണുത്ത കാറ്റിനൊപ്പം എവിടെ നിന്നോ ഒരു മധുരസംഗീതം അയാളുടെ ചെവിയിലെത്തി . അതെവിടെനിന്നാണെന്നറിയാനായി ശബ്ദം വരുന്ന ദിശയിലേയ്ക്ക് നടന്നു . അൽപ്പം മുൻപിലായി ഒരു പറ്റം ചെമ്മരിയാടുകളെ കണ്ടു . അവയും ആ സംഗീതത്തിൽ ലയിച്ചു നില്ക്കുകയാണെന്ന് കണ്ടാൽ തോന്നും . അവയെ വകഞ്ഞു മാറ്റിയിട്ടു അയാൾ മുൻപോട്ടു നീങ്ങി . ആടുകൾക്ക് മുന്നിലായി മഞ്ഞിന് നടുവിലെ ഒരു പാറക്കല്ലിന്മേൽ ഒരു പെണ്‍കുട്ടി ഇരിക്കുന്നു . അവളാണ് ആ സംഗീതത്തിന്റെ ഉറവിടം . “ആരാണത് ?” അയാളുടെ ചോദ്യം കേട്ട് അവൾ എഴുന്നേറ്റ് തിരിഞ്ഞു നോക്കി . അതിമനോഹരമായ കുങ്കുമ പൂവുകൾ ചേർത്തുവച്ചുണ്ടാക്കിയപോലെ സുന്ദരിയായ ഒരു കൊച്ചു ബാലിക… കാശ്മീരിന്റെ സൗന്ദര്യം മുഴുവൻ അവളുടെ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ചുവന്ന ശിരോവസ്ത്രം സ്വർണ്ണ വർണ്ണമുള്ള മുടിയിഴകളെ മറച്ചിരിക്കുന്നു . കണ്ണുകളിൽ കുസൃതിയും , കൗതുകവും തിളങ്ങി നിൽക്കുന്നു . വലതുകയ്യിൽ കയ്യിൽ താൻ നേരത്തെ കേട്ട സംഗീതത്തിന്റെ ഉത്തരം ….. ‘വെള്ളിനിറമുള്ള ഒരു മൗത്ത് ഓർഗൻ’ . അവൾ ഇരുന്നതിനരികിലായി ആടുകളെ മേയ്ക്കാൻ ഉള്ള ഒരു കൊച്ചു വടി . അവളെ കണ്ടപ്പോൾ അയാളുടെ മനസ്സിലേയ്ക്ക് മകളുടെ മുഖം ഓടിയെത്തി . അമ്മുവിന്റെ അതേ പ്രായം ….

പട്ടാളവേഷവും , തോക്കുമൊക്കെ കാണുമ്പോൾ അവൾ ഭയക്കുമെന്നു ഓർത്തെങ്കിലും കുസൃതി കണ്ണുകളോടെ മഅയാളെ നോക്കി ചിരിക്കുക മാത്രമാണ് ചെയ്തത്.

“നിന്റെ പേരെന്താണ് കുട്ടീ? എന്തിനിവിടെ വന്നു?” അയാൾ വീണ്ടും ചോദിച്ചു . “നിഹാര ….”അവൾ മറുപടി നല്കി. “ഞാൻ എന്നും എന്റെ ആടുകളുമായി ഇവിടെ വരാറുണ്ട് . അതിനാൽ ഇന്നും വന്നു .”

“നിഹാര” …മഞ്ഞുകണത്തിന്റെ നൈർമ്മല്യം ഉള്ളവൾ . അയാൾക്ക്‌ അവളോട്‌ എന്തെന്നില്ലാത്ത വാത്സല്യം തോന്നി . കുട്ടി അധികനേരം ഇവിടെ നില്ക്കേണ്ട , ഇത് അപകടം പിടിച്ച സ്ഥലമാണ് . വേഗം വീട്ടിൽ പൊയ്ക്കോളൂ ” അതും പറഞ്ഞിട്ട് തന്റെ ജോലി തുടരുവാനായി അയാൾ തിരികെ നടന്നു . ക്യാമ്പിൽ മടങ്ങിയെത്തിയിട്ടും അവളുടെ മുഖവും , താൻ കേട്ട അതിമനോഹരമായ സംഗീതവും മനസ്സിൽ നിന്ന് വിട്ടു പോയില്ല .

അവൾ പക്ഷേ അടുത്ത ദിവസവും അവിടെ വന്നു . കുറച്ചു ദിവസങ്ങൾകൊണ്ട് അവർ രണ്ടുപേരും നല്ല കൂട്ടുകാരായി. പതിവു ഡ്യൂട്ടിക്കായി അയാൾ ചെല്ലുമ്പോൾ അവൾ ആടുകൾക്ക് നടുവിലിരുന്ന് തന്റെ മൗത്ത് ഓർഗനിലൂടെ ആ മാന്ത്രിക സംഗീതം പൊഴിക്കുന്നുണ്ടാവും . തങ്ങളുടെ ക്യാമ്പിനു താഴെയുള്ള ചോവോഗാം ഗ്രാമത്തിലാണ് അവളുടെ വീടെന്നും , അവൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണിതെന്നും അവൾ പറഞ്ഞു . അതിനാൽ ആടുകളെ മേയ്ച്ചു കഴിഞ്ഞ് അൽപ്പസമയം അവിടെ വന്നിരുന്ന് തന്റെ അച്ഛൻ സമ്മാനിച്ച മൗത്ത് ഓർഗൻ വായിക്കുന്നത് അവളുടെ ദിനചര്യകളിൽ ഒന്നാണ് . അവിടുത്തെ മഞ്ഞും , മരങ്ങളും , ആട്ടിൻ പറ്റവുമെല്ലാം അവളുടെ സംഗീതത്തിന്റെ ആരാധകരായി മാറിയിരുന്നു . ഇപ്പോൾ അയാളും .

അയാൾക്ക്‌ അവളോടുള്ള വാത്സല്യവും, അടുപ്പവും കൂടി വന്നു . അവളെ കാണുമ്പോഴൊക്കെ തന്റെ അമ്മുക്കുട്ടി അരികിലുള്ളതുപോലെ തോന്നും . ചില ദിവസങ്ങളിൽ അയാൾ ക്യാമ്പിൽ നിന്ന് ചോക്ലേറ്റുകൾ കൊണ്ടുവന്നു നല്കും . അവളുടെ അപ്പോളുള്ള നിഷ്കളങ്കമായ പുഞ്ചിരി കാണുമ്പോൾ ഈ ഭൂമിയിൽ ഏറ്റവും മനോഹരമാണതെന്നയാൾക്കുതോന്നി . അവളും , അവളുടെ സംഗീതവും അയാളുടെ അവിടുത്തെ ജീവിതത്തിന്റെ ഒരു ഭാഗമായിത്തീർന്നു . നാട്ടിലേയ്ക്ക് എഴുതുന്ന കത്തുകളിലെല്ലാം അവളുടെ കൊച്ചു കൊച്ചു വിശേഷങ്ങളും അയാൾ എഴുതി . ഇപ്പോൾ അയാളുടെ ഭാര്യക്കും , മകൾക്കും പ്രിയപ്പെട്ടവളാണ് അവൾ. പറ്റുമെങ്കിൽ അവരെ ഒരു തവണ ഇവിടെ കൊണ്ടുവന്ന് ആ കുഞ്ഞു മാലാഖയെ കാണിക്കാമെന്ന് അയാൾ വാക്കുകൊടുത്തു . അങ്ങനെ സന്തോഷം നിറഞ്ഞ രണ്ടു മാസങ്ങൾ കടന്നു പോയി .

അസ്ഥികൾ പോലും മരവിക്കുന്ന തണുപ്പായിരുന്നു പ്രഭാതത്തിന്. സൂര്യനെ മഞ്ഞുപാളികൾ മറച്ചിരുന്നു . അയാൾ തന്റെ ഡ്യൂട്ടിക്കായി ഇറങ്ങാൻ തുടങ്ങുകയായിരുന്നു . തന്റെ കൊച്ചു കൂട്ടുകാരിക്ക് നൽകുവാനായി കുറച്ചധികം ചോക്കലേറ്റുകൾ എടുത്തു പോക്കറ്റിൽ ഇട്ടു. നാട്ടിൽ നിന്നും അവൾക്കു കൊടുക്കണമെന്ന് പറഞ്ഞ് മകൾ അയച്ചു തന്ന ഒരു കൊച്ചു പാവക്കുട്ടിയും കയ്യിലെടുത്തു. പക്ഷേ അപ്രതീക്ഷിതമായുണ്ടായ ഒരു സ്ഫോടനത്തിൽ അവിടമെല്ലാം വിറച്ചു. അതിനോടൊപ്പം ക്യാമ്പിലെ അപായ സൈറണും ഉച്ചത്തിൽ മുഴങ്ങി . ശത്രുക്കൾ അതിർത്തിയിൽ ആക്രമണം തുടങ്ങിയിരിക്കുന്നു . ഒരു നിമിഷം പോലും വൈകാതെ ആയുധവുമെടുത്ത്‌ അയാൾ ടെന്റിനു പുറത്തേയ്ക്ക് കുതിച്ചു .

ഇടയ്ക്കിടെ ഉണ്ടാകുന്നതുപോലെയുള്ള ചെറിയ ആക്രമണം ആയിരുന്നില്ല അത് . ആക്രമണത്തിന്റെ ശക്തി ഭീകരമായിരുന്നു . മറ്റു പല ക്യാമ്പുകളിൽ നിന്നുമായി കൂടുതൽ സൈനികർ ചോവോഗാം ക്യാമ്പിലേയ്ക്ക് എത്തി .

മൂന്നാം ദിവസം യുദ്ധത്തിനിടയിൽ അയാളുടെ ഇടതു തോളിൽ വെടിയുണ്ടകളേറ്റു . മുറിവേറ്റു വീണ അയാളെ സഹപ്രവർത്തകർ സുരക്ഷിതമായി ടെന്റിനുള്ളിലേയ്ക്ക് മാറ്റി . ആ യുദ്ധം ഒൻപത് ദിവസം നീണ്ടു നിന്നു . അതിർത്തി ലംഘിച്ച് ഭാരത മണ്ണിനെ മുറിവേൽപ്പിക്കാൻ എത്തിയ ഭീകരരെ ഇന്ത്യൻ സൈന്യം ഒന്നൊഴിയാതെ കൊന്നൊടുക്കി . ഈ വിജയത്തിനായി 52 പട്ടാളക്കാരുടെ ജീവൻ ബലി കഴിയ്ക്കപ്പെട്ടു . രാജ്യമോന്നാകെ യുദ്ധം ജയിച്ച സന്തോഷത്തിൽ ആവേശം കൊള്ളുമ്പോൾ , തിരികെ വരുമെന്ന പ്രതീക്ഷയിൽ തങ്ങളെ കാത്തിരിക്കുന്ന പ്രിയപ്പെട്ടവരുടെ അടുത്തേയ്ക്ക് പോകാൻ നടപടി ക്രമങ്ങൾ പൂർത്തിയാക്കി 52 ശരീരങ്ങൾ ഇവിടെ കാശ്മീരിന്റെ മടിത്തട്ടിൽ ഉറങ്ങി കിടക്കുന്നു . ക്യാമ്പ് മുഴുവൻ നിശബ്ദത തളം കെട്ടി നിൽക്കുകയാണ് . ഭാരതത്തിന്റെ ധീര ജവാന്മാർക്ക് സഹപ്രവർത്തകരുടെ അവസാന സല്യൂട്ട് .

രണ്ടാഴ്ചകൊണ്ട് അയാളുടെ തോളിലെ മുറിവുകൾ ഉണങ്ങിത്തുടങ്ങി. വിശ്രമം ആവശ്യമായതിനാൽ രണ്ടു മാസത്തെ അവധി ലഭിച്ചു . ഇന്ന് അയാൾ തിരികെ നാട്ടിലേയ്ക്ക് പോവുകയാണ് . തന്റെ കൊച്ചു കൂട്ടുകാരിയെ കണ്ടിട്ട് കുറെ ദിവസങ്ങളായി . യുദ്ധത്തിന്റെ ഭീകരതയിൽ അവളെക്കുറിച്ചോർക്കാൻ പോലും സമയം കിട്ടിയില്ല . തിരികെ പോകും മുൻപ് അവളെ കാണാനും , അവളുടെ സംഗീതം ഒന്നുകൂടി കേൾക്കുവാനും ആഗ്രഹം തോന്നി . പതിവുസമയം കഴിഞ്ഞതുകൊണ്ട്‌ അവൾ ഇപ്പോൾ വീട്ടിലായിരിക്കും . അതിനാൽ പോകും വഴി അവളുടെ വീട്ടിൽ ചെന്ന് കാണാമെന്നു അയാൾ തീരുമാനിച്ചു . തന്റെ പെട്ടികളുമെടുത്ത് സഹ പ്രവർത്തകനൊപ്പം വാഹനത്തിൽ കയറി . ക്യാമ്പ് പിന്നിട്ടു , മഞ്ഞുമൂടിയ വഴിയിലൂടെ താഴേയ്ക്ക് ഇറങ്ങുമ്പോൾ അയാളുടെ മനസ്സിൽ അവളുടെ മുഖവും , ചെമ്മരിയാടുകളും , ആ മായാ സംഗീതവും ഒഴുകിയെത്തി . അവരുടെ വാഹനം ഗ്രാമത്തിലെത്തിയപ്പോൾ സുഹൃത്തിനോട് പറഞ്ഞിട്ട് , തന്റെ കുഞ്ഞുമാലാഖയ്ക്ക് സമ്മാനിക്കാൻ ഒരു പെട്ടി ചോക്ലേറ്റുമായി അയാൾ ഇറങ്ങി.

ആ കൊച്ചുഗ്രാമത്തിൽ അവളുടെ വീടന്വേഷിച്ച്‌ ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. ശാന്തമായ അന്തരീക്ഷത്തിലൂടെ അവളുടെ മൗത്ത് ഓർഗൻ പൊഴിയ്ക്കുന്ന ഈണം ഒഴുകി വരുന്നു . സന്തോഷത്തോടെ അയാൾ ആ ശബ്ദത്തിനരികിലെയ്ക്ക് നടന്നു . ഒടുവിൽ അവളുടെ കുഞ്ഞുവീടിനു മുന്നിലെത്തി . അകത്തുനിന്നുമാണ് സംഗീതം കേൾക്കുന്നത് . അയാൾ വിളിച്ചപ്പോൾ സംഗീതം നിലച്ചു . അകത്തുനിന്നും അവൾ ഇറങ്ങിവരുമ്പോൾ ഒന്ന് അത്ഭുതപ്പെടുത്താനായി ചോക്ലേറ്റ് ബോക്സ്‌ ഒളിച്ചു പിടിച്ചു . പക്ഷെ പുറത്തേയ്ക്ക് ഇറങ്ങിവന്നത് അവളെപ്പോലെ സുന്ദരിയായ , കുറച്ചുകൂടി മുതിർന്ന ഒരു പെണ്‍കുട്ടിയായിരുന്നു . കയ്യിൽ അതേ മൗത്ത് ഓർഗനുമുണ്ട് . “നിഹാരയുടെ വീടല്ലേ ഇത് “എന്ന ചോദ്യത്തിന് മറുപടിയായി ആ പെണ്‍കുട്ടി അയാളോട് പറഞ്ഞു , നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു . ഞാൻ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു . നിങ്ങളെക്കുറിച്ച് അവൾ ഒരുപാട് പറഞ്ഞിട്ടുണ്ട് . വരൂ , അവളുടെ അടുത്തേയ്ക്ക് പോവാം .”

അവളുടെ പിന്നാലെ അയാളും നടന്നു . അവർ റോസാ ചെടികൾ നിറഞ്ഞു നിൽക്കുന്ന ഒരിടത്തെയ്ക്കാണ് പോയത് . അവൾ തന്റെ ആടുകളോടൊപ്പം ഇവിടെയെവിടെയെങ്കിലും കളിക്കുകയാവും എന്നയാൾ വിചാരിച്ചു . പക്ഷേ അവിടെയൊന്നും ആരെയും കാണുന്നില്ല . ഇനി തന്നെ പറ്റിക്കാനായി എവിടെയെങ്കിലും ഒളിച്ചിരിക്കുകയാവുമോ ….കുസൃതിക്കുട്ടി .

“ഇതാ നിങ്ങളുടെ കുഞ്ഞു മാലാഖ .”, പെണ്‍കുട്ടിയുടെ ശബ്ദം കേട്ട് അയാൾ അവിടേയ്ക്ക് നോക്കി . പക്ഷെ അവിടെ ആരെയും കണ്ടില്ല. സൂക്ഷിച്ചു നോക്കിയപ്പോൾ സുഗന്ധം പരത്തിനിൽക്കുന്ന ചുവന്ന റോസപ്പൂവുകൾക്കിടയിൽ ഒരു കൊച്ചു കുഴിമാടം അയാൾ കണ്ടു .

“അവൾ നല്ല ഉറക്കമാണ് ….ഉണർത്തേണ്ട .” ഇടറിയ ശബ്ദത്തോടെ പെണ്‍കുട്ടി പറഞ്ഞു .

തനിക്കുചുറ്റും ഇരുട്ട് വ്യാപിക്കുന്നതായി അയാൾക്ക്‌ തോന്നി . കണ്മുന്നിൽ നിന്ന് കാഴ്ചകളൊക്കെ മാഞ്ഞു മാഞ്ഞു പോകുന്നു . റോസപൂവുകളുടെ സുഗന്ധമില്ല , കാശ്മീരിന്റെ കുളിരില്ല …….. ഇരുളിൽ എവിടെനിന്നോ ഒഴുകിയെത്തുന്ന അവളുടെ മാന്ത്രിക സംഗീതം മാത്രം .

“കുറച്ചു ദിവസം മുൻപുനടന്ന യുദ്ധത്തിലാണ് ഇവൾ കൊല്ലപ്പെട്ടത് . പതിവുപോലെ, തന്റെ ആടുകൾക്കൊപ്പം അവൾക്കേറെ പ്രിയപ്പെട്ട ആ സ്ഥലത്ത് ചെന്നിരുന്നു മൗത്ത് ഓർഗൻ വായിക്കുകയായിരുന്നു അവൾ . ഈ താഴ് വരയിലിരുന്നു ഞാനും ആ സംഗീതം ആസ്വദിക്കാറുണ്ട്. പക്ഷേ അന്ന് അത് പൂർത്തിയാക്കാൻ പറ്റിയില്ല അവൾക്ക് . അതിനു മുൻപേ………… എവിടെ നിന്നോ വന്നുപതിച്ച ബോംബ്‌, അവളുടെ കുഞ്ഞു ശരീരം ചിതറിച്ചു കളഞ്ഞു. അവളോടൊപ്പം അവളുടെ പ്രിയപ്പെട്ട ആട്ടിൻപറ്റവും യാത്രയായി. ഓർമ്മകൾ ബാക്കിയാക്കി ഈ മൗത്ത് ഓർഗൻ മാത്രം നശിക്കാതെ മാംസ കഷണങ്ങൾക്കിടയിൽ കിടപ്പുണ്ടായിരുന്നു .”

പെണ്‍കുട്ടി പറഞ്ഞു നിർത്തിയപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി, അതൊരു ജല പ്രവാഹമായി കവിളുകളിലൂടെ ഒഴുകി കുഴിമാടത്തിലേക്ക് ആഴ്ന്നിറങ്ങി.

താൻ സമ്മാനമായി കൊണ്ടുവന്ന ചോക്ലേറ്റ് ബോക്സ്‌ കുഴിമാടത്തിനു മുകളിൽ വച്ചു . പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാരിയ്ക്ക് അവളുറങ്ങുന്ന മണ്ണിൽ അയാൾ അന്ത്യചുംബനം അർപ്പിച്ചു . അവളുടെ ആത്മാവിനു വേണ്ടി പ്രാർഥിച്ചതിന് ശേഷം അയാൾ എഴുന്നേറ്റു . ആ കൊച്ചു കുഴിമാടത്തിനരുകിലായി മഞ്ഞു പുതച്ചു തുടങ്ങിയ മറ്റു ചില മണ്‍ കൂനകളും അയാൾ കണ്ടു . അവളുടെ ജീവനായിരുന്ന ആടുകളായിരുന്നു അവയ്ക്കുള്ളിൽ.

അധികനേരം അവിടെ നിൽക്കാനുള്ള ശക്തി ഇല്ലാത്തതിനാൽ അയാൾ പെണ്‍കുട്ടിയോട് യാത്ര പറഞ്ഞു . പോകുന്നതിനു മുൻപ് “അവളുടെ ആ മൗത്ത് ഓർഗൻ തനിക്കു തരുമോ”യെന്ന് അയാൾ പെണ്‍കുട്ടിയോട് ചോദിച്ചു . “അവളുടെ ഓർമ്മയ്ക്കായി ഇത് മാത്രമാണ് എനിക്കുള്ളത്. എങ്കിലും നിങ്ങൾ അവൾക്ക് ഒരുപാട് പ്രിയപ്പെട്ടവൻ ആയിരുന്നു . ഞങ്ങളുടെ അച്ഛന്റെ ചിത്രം നോക്കി നിൽക്കുമ്പോഴൊക്കെ അവൾ നിങ്ങളുടെ കാര്യം പറയും . അവളുടെ കുഞ്ഞുകണ്ണുകൾ നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട് . ഇതാ, ഇത് നിങ്ങൾ എടുത്തുകൊള്ളൂ. നാട്ടിലെത്തുമ്പോൾ നിങ്ങളുടെ കുഞ്ഞുമകൾക്ക് ഇത് നല്കണം. അവൾക്കൊരുപാട് സന്തോഷമാകും. പോയി വരൂ ……..” മൗത്ത് ഓർഗൻ അയാളുടെ കയ്യിൽ ഏൽപ്പിച്ചതിന് ശേഷം നിറമിഴികളോടെ അവൾ വീടിനുള്ളിലേയ്ക്ക് ഓടിമറഞ്ഞു.

അയാളുടെ മനസ്സിൽ ക്യാമ്പിൽ വന്നതുമുതലുള്ള കാര്യങ്ങൾ മിന്നിമറഞ്ഞു . ആദ്യമായി അവളെ കണ്ടുമുട്ടിയതും , അവളുടെ കുസൃതി നിറഞ്ഞ വർത്തമാനവും , അവളെ മുട്ടിയുരുമ്മി നടക്കുന്ന ചെമ്മരിയാടുകളും, പ്രകൃതിയെപ്പോലും മയക്കുന്ന ആ മാന്ത്രിക സംഗീതവും …………………….. എല്ലാം ഇനി ഓർമ്മകൾ മാത്രം .

അയാൾ അൽപ്പസമയം കൂടി അവിടെ നിന്നു . അതിനുശേഷം അവളുടെ പ്രിയപ്പെട്ട മൗത്ത് ഓർഗൻ നെഞ്ചോട്‌ ചേർത്തുപിടിച്ച് തിരികെ വാഹനത്തിലേയ്ക്ക് നടന്നു .

അവിടെ കാത്തുനിൽപ്പുണ്ടായിരുന്ന സഹപ്രവർത്തകൻ സമയം വൈകിയതിനാൽ ക്ഷമ നശിച്ച് അയാളെ കുറേ ശകാരിച്ചു . അയാൾ അതൊന്നും ശ്രദ്ധിക്കാതെ ജീപ്പിൽ കയറിയിരുന്നു.

അവൾ ഉറങ്ങുന്ന മണ്ണ് പിന്നിലാക്കി വാഹനം മുൻപോട്ടു നീങ്ങി. ഈ ഗ്രാമത്തിലേയ്ക്ക് ആദ്യം വന്നപ്പോൾ കണ്ട മനോഹരമായ കാഴ്ചകളൊന്നും ഇപ്പോൾ അയാൾ കാണുന്നില്ല . കുങ്കുമാപ്പാടവും , മഞ്ഞുപുതച്ച പർവ്വതങ്ങളും , നീലാകാശവുമില്ല . റോഡിനിരുവശവും ചിതറി തെറിച്ചു കിടക്കുന്ന മാംസ കഷണങ്ങളും , രക്ത കറകളും മാത്രം.. എല്ലായിടത്തും മരണത്തിന്റെ ഭീകരമായ നിശബ്ദത . അയാൾ തന്റെ കണ്ണുകൾ ഇറുക്കിയടച്ചു . അവളുടെ മൗത്ത് ഓർഗനെ നെഞ്ചിൽ ചേർത്തുപിടിച്ചു . ഇപ്പോൾ നിശബ്ദത അകന്നു തുടങ്ങി . അങ്ങു ദൂരെ ദൂരെനിന്നു അവളുടെ മാന്ത്രിക സംഗീതം കേൾക്കാം . അത് മെല്ലെ മെല്ലെ അരികിലേയ്ക്ക് വരികയാണ് . അതാ മേഘക്കൂട്ടങ്ങൾക്കിടയിൽ അവൾ …..നിഹാര. മഞ്ഞു കണത്തിന്റെ നൈർമ്മല്യമുള്ള തന്റെ കൊച്ചു കൂട്ടുകാരി . അവളോടൊപ്പം അവളുടെ പ്രിയപ്പെട്ട ചെമ്മരിയാടുകളുമുണ്ട് . അവ അവളുടെ സംഗീതത്തിനൊപ്പം തലയാട്ടുന്നു . അവൾ തന്റെ കുസൃതി കണ്ണുകൾ കൊണ്ട് തന്നെ നോക്കുന്നു . അവളുടെ സംഗീതം അതിന്റെ ഏറ്റവും ഉയർന്നതലം കൈക്കൊണ്ടു .

ആ സംഗീതത്തിന്റെ മാന്ത്രികതയിൽ ലയിച്ച് മേഘങ്ങൾക്കിടയിലൂടെ താനും ഒഴുകുകയാണ് ……………… അവൾക്കരികിലേക്ക്. !!!!

രചന : Praseed Balakrishnan‎

Leave a Reply

Your email address will not be published. Required fields are marked *