Welcome

മനസ്സിൽ ഒരു മഞ്ഞുതുള്ളി..

രചന : ലെനീഷ് പൂക്കോം

നിശീഥിനി ഓഡിറ്റോറിയം ലക്ഷ്യമാക്കി ചേലക്കര ഗ്രാമം മുഴുവൻ ഒഴുകുകയാണ്. .അവിടേക്കാണ് ജില്ലാ കലക്ടർ അനിരുദ്ധ് ശ്രീനിവാസനും പോകുന്നത് .. തന്റെ കാറിലിരുന്ന് അദ്ധേഹം അലങ്കാര സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്ന ചേലക്കരയുടെ ഗ്രാമ വീഥികളിൽ കെട്ടിയുയർത്തിയ ബോർഡിലെ അക്ഷരങ്ങൾ മനസിൽ പെറുക്കിയെടുത്തു..

യുവ കഥാകാരിയും സാഹിതി അവാർഡു ജേതാവുമായ ലയപാർവ്വതിക്ക് നാടിന്റെ സ്നേഹാദരങ്ങൾ.. ഉപഹാര സമർപ്പണവും പുസ്തക പ്രകാശനവും …

നിശീഥിനിയുടെ അങ്കണം നിറഞ്ഞു കവിഞ്ഞു.. ചടങ്ങുകൾ ആരംഭിക്കുകയായ്.. വേദി വിശിഷ്ടാഥിതികളെകൊണ്ടു നിറഞ്ഞിരിക്കുന്നു. മുൻ നിരയിൽ തന്നെ ചന്ദനനിറമുള്ള കസവു സാരിയിൽ ചന്ദന കുറിയുടെ സൗന്ദര്യത്തിൽ ലയ പാർവതി പ്രകാശം പരത്തുന്നു ..

പഞ്ചായത്ത് പ്രസിണ്ടൻറ് വിനീത മോഹൻ എഴുത്തുകാരിയെ സ്വാഗതം ചെയ്തപ്പോൾ കരഘോഷത്തിൽ നാട് ഒന്നടങ്കം പാറുകുട്ടിക്ക് ആശംസകൾ നേർന്നു..

അനിരുദ്ധ് ശ്രീനിവാസൻ തന്റെ ഘനഗംഭീര ശബ്ദത്തിൽ ചുരുങ്ങിയ വാക്കുകളിൽ അഭിനന്ദനങ്ങൾ അറിയിച്ചതോടൊപ്പം അദ്ദേഹം പറഞ്ഞ വാക്കുകൾ വളരെ ആഹ്ലാദത്തോടെ ചേലക്കര ഗ്രാമം സ്വീകരിച്ചു..

” പ്രിയപ്പെട്ടവരെ നിങ്ങളുടെ ഈ സ്നേഹലാളനകൾക്കൊപ്പം ഒരു ചെറിയ ഉപഹാരം സർക്കാർ ലയ പാർവ്വതിക്ക് സമർപ്പിക്കുന്നു .. ഗവ: മോഡൽ എൽ പി സ്കൂളിൽ ടീച്ചറായി ലയപാർവ്വതിയെ നിയമിച്ച ഉത്തരവ് ഈ ജനസഞ്ചയത്തെ സാക്ഷി നിർത്തി ഞാൻ ലയയെ ഏൽപ്പിക്കുന്നു.. ” കണ്ണീരോടെ ഉത്തരവ് ഏറ്റുവാങ്ങുമ്പോൾ അവൾ പുഞ്ചിരിയോടെയുള്ള ഒരു നോട്ടം കൊതിച്ച് ചുറ്റും തിരയുകയായിരുന്നു ..!!

അടുത്തതായി നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ പുസ്തക പ്രകാശനം ആണ്.. ലയയുടെ ” കളിത്തൊട്ടിൽ ” പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശനമാണ്.. പ്രകാശനം നിർവ്വഹിക്കാൻ പ്രശസ്ത സാഹിത്യകാരൻ നന്ദഗോപനെയും പുസ്തകം സ്വീകരിക്കാൻ ബഹുമാനപ്പെട്ട കലക്ടറേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു ..

അഭിമാനകരമായ ഈ നിമിഷത്തിനു ശേഷം ആദരവിന് നന്ദി പ്രകാശിപ്പിക്കാൻ സ്നേഹപൂർവ്വം നമ്മുടെ പ്രിയ എഴുത്തുകാരി ലയ പാർവ്വതിയെ ക്ഷണിക്കുന്നു..

” സ്നേഹം നിറഞ്ഞ എന്റെ നാട്ടുകാരെ .. നിങ്ങളുടെ ഈ സ്നേഹത്തിന് ഞാൻ എന്നും കടപ്പെട്ടവളായിരിക്കും.. ഒന്നുമറിയാത്ത പ്രായത്തിൽ തന്നെ ജീവിതത്തിന്റെ ഇടറിയ നിമിഷത്തിൽ എന്നെ കൈപിടിച്ച് കൂടെ നടത്തി നിങ്ങളുടെയൊക്കെ സ്നേഹം നൽകിയ ഈ നാടിന് എന്റെ കൂപ്പുകൈ ..

ഇന്ന് എനിക്ക് ഏറ്റവും സന്തോഷമുള്ള ദിവസമാണ് … അതുപോലെത്തന്നെ ഏറ്റവും ദു:ഖകരമായിട്ടുള്ളതും.. ഇന്നാണ് എന്റെ ജന്മദിനം .. എനിക്ക് എന്റെ അമ്മയും അച്ഛനും നഷ്ടപ്പെട്ട ദിനവും ഇതു തന്നെ.. അങ്ങകലെ ആകാശത്തിന്റെ ശാന്തമായ കോണിൽ നിന്നും അവരുടെ പാറൂട്ടി ഇന്നിവിടെ നിൽക്കുന്നത് അവർ അഭിമാനത്തോടെ കാണുന്നുണ്ടാകും. വർഷങ്ങൾക്കപ്പുറം എന്റെ പിറന്നാൾ ദിനത്തിൽ വിധി എന്നെ അനാഥയാക്കിയപ്പോൾ എനിക്ക് താങ്ങായും തണലായും നിങ്ങളുടെ കരങ്ങളുണ്ടായിരുന്നു .. എന്റെ സന്തോഷത്തിലും സങ്കടങ്ങളിലും കുറുമ്പുകളിലും നിങ്ങളൊക്കെ കൂടെ നിന്നു.. ഒരുപാട് സന്തോഷം തോന്നുന്നു ഈ നിമിഷത്തിൽ..

എന്നെ ഇവിടെ ഈ വേദിയിൽ എത്തിക്കാൻ കാരണക്കാരനായ ഒരാളെ തിരയുകയായിരുന്നു ഞാനിതുവരെ.. എഴുത്തിന്റെ ലോകത്തിലേക്ക് എന്നെ കൈ പിടിച്ചുയർത്തിയ ആരും അറിയാതെ പോയ ഒരു വലിയ എഴുത്തുകാരനെ.. ചെറിയ ചെറിയ വരികളുമായി മുഖപുസ്തകത്തിന്റെ വർണതാളുകളിൽ കോറിയിട്ട എന്റെ പൊട്ടത്തരങ്ങൾക്ക് ആശയവും പ്രോത്സാഹനവും പകർന്നു തന്ന വിവേക് ആനന്ദിനെ.. എന്റെ അനന്തുവിനെ.. ”

സദസ്സ് പാറുവിന്റെ നൊമ്പരങ്ങളും സ്നേഹവും ഇഷ്ടങ്ങളും കലർന്ന ഇമ്പമാർന്ന വാക്കുകൾക്കായ് കാതോർത്തിരുന്നു…!!

ആരും ശ്രദ്ധിക്കാതിരുന്ന എന്റെ വരികളിലെ തെറ്റുകളും ശരികളും ചൂണ്ടിക്കാണിച്ച് അറിവിന്റെ അക്ഷര ലോകത്തെ വലിയൊരു കൂട്ടായ്മയിലേക്ക് എന്നെ കൂട്ടികൊണ്ടുപോയ ഞാനിതുവരെ നേരിൽ കാണാത്ത എന്റെ കൂട്ടുകാരൻ .. എന്റെ കഥകൾക്ക് , എന്റെ കവിതകൾക്ക് പേരു വിളിച്ച എന്റെ പുസ്തകത്തിന് നല്ലൊരു പേരു കണ്ടെത്തിയ അനന്തു.. ” മനസ്സിൽ ഒരു മഞ്ഞുതുള്ളി ” എനിക്ക് അവാർഡ് സമ്മാനിച്ച ഈ പുസ്തകത്തിനു പ്രോത്സാഹനം നൽകി എന്റെ സങ്കടത്തിലും സന്തോഷത്തിലും കൂടെ നിന്നവൻ.. ഇന്നിവിടെ ഈ വേദിയിൽ അവന്റെ സാന്നിധ്യം ഞാൻ ഏറെ കൊതിച്ചിരുന്നു.. ആഗ്രഹിച്ചിരുന്നു.. എനിക്ക് കിട്ടിയ ഈ അവാർഡ് അവന് കാണിക്കയായ് നൽകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു.. പക്ഷെ .. അല്പസമയം ഒന്നും പറയാതെ അവൾ മിണ്ടാതിരുന്നു..

ഇന്നിവിടെ പ്രകാശനം ചെയ്ത പുസ്തകം പോലും അനന്തുവിന്റെ വലിയ സ്വപ്നമായിരുന്നു.. അവന്റെ ജീവിതകഥയെഴുതിയാണ് എനിക്കീ അവാർഡ് കിട്ടിയതു തന്നെ.. എനിക്ക് അവാർഡ് കിട്ടിയ വിവരം അറിയിക്കാൻ.. ഈ സ്വീകരണത്തിന് അവനെ ക്ഷണിക്കാൻ.. അവന്റെ ഫോണിൽ ഒരുപാട് തവണ വിളിച്ചെങ്കിലും ഫോൺ ഓഫ് ചെയ്ത് അവൻ എവിടോ പോയി .. എന്തു പറ്റിയെന്നറിയാതെ ഉരുകുകയായിരുന്നു ഞാൻ.. അവൻ എവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടാവും അവന്റെ പാറുകുട്ടി ഈ സ്നേഹം ഏറ്റുവാങ്ങുന്നത് കാണാൻ .. അവൻ വരും പാറൂട്ടീന്ന് വിളിച്ച്.. ”

അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീർ തുള്ളികളോടൊപ്പം ആ നാടും ഒരു നിമിഷം തേങ്ങി… !!

ഇന്നെനിക്ക് ആരുടെയും കൂട്ടില്ലാതെ എത്ര വേണമെങ്കിലും എഴുതാം എന്ന ആത്മവിശ്വാസം ഉണ്ട്.. അത് നിന്റെ വാക്കുകളിലൂടെ കിട്ടിയ ഊർജ്ജമാണ്..എന്റെ പ്രിയപ്പെട്ട അനന്തൂ നീയെവിടെയെങ്കിലും ഉണ്ടെങ്കിൽ ഞാൻ ഈ സ്നേഹോപഹാരം സ്വീകരിക്കാൻ നീ വരണം.. എന്റെ വരികളെ സ്നേഹിക്കാൻ ഈ പൊട്ടിപ്പെണ്ണിനെ ചേർത്തുനിർത്താൻ നിങ്ങളോരുത്തരും ഉണ്ടാകണം എന്ന് സ്നേഹത്തോടെ അഭ്യർത്ഥിച്ചു കൊണ്ട് ഈ സ്നേഹത്തിനു മുന്നിൽ തലകുനിക്കുന്നു .. നന്ദി.നന്ദി.. നന്ദി.. ”

നീണ്ട കരഘോഷങ്ങൾക്ക് ശേഷം അനുമോദന പരിപാടികൾ അവസാനിച്ചു..

പിന്നെ അവളോടൊത്ത് ഫോട്ടോയെടുക്കാനുള്ള തിരക്കിലായിരുന്നു എല്ലാവരും.ആരെയും പിണക്കാതെ ആരോടും പരിഭവം പറയാതെ സെൽഫികളുടെ പ്രളയത്തിലും നാടിന്റെ അഭിമാനമായി അവൾ ജ്വലിച്ചു നിന്നു ..

” ലയ പാർവതീ.. ഒരു സെൽഫികൂടി.. .. സെൽഫിസ്റ്റിക്കിന്റെ ബലത്തിൽ ഉയർന്നു വന്ന സ്ക്രീനിൽ ഫോട്ടോയെടുക്കാൻ പുഞ്ചിരിയോടെ നോക്കുമ്പോൾ അവൾ കണ്ടു കള്ള ചിരിയുമായി തന്നെ നോക്കി കണ്ണിറക്കുന്ന അനന്തൂനെ .. സന്തോഷത്തോടെ അവനെ നുള്ളി നോവിക്കുമ്പോൾ അവളുടെ ആഹ്ലാദത്തിൽ ആ ഗ്രാമം മുഴുവൻ ഒന്നുചേർന്നു..!!

രചന : ലെനീഷ് പൂക്കോം

Leave a Reply

Your email address will not be published. Required fields are marked *