Welcome

“മാഷേ… മാഷിന്റെ ശരിക്കുള്ള പേരെന്താ..?”

രചന :-ഇബ്രാഹീം നിലമ്പൂർ.

ശരിക്കുള്ള പേരു തന്ന്യാ സുക്കറണ്ണൻ വത്തക്കാ വലിപ്പത്തിൽ എഴുതി വെച്ചിരിക്കണത്.

“അതൊരു മാതിരി പണ്ടത്തെ ആധാരം എഴുതിയ പോലെ ഒന്നും തിരിയുന്നില്ലല്ലോ മാഷേ… ” എന്ന ആ കൊച്ചു കാന്താരിയുടെ പരിഹാസം കേട്ടപ്പോ നിക്കിത്തിരി ചൊറിഞ്ഞു കേറി.

ചൊറിഞ്ഞ സ്ഥിതിക്ക് ചെറുതായിട്ടൊന്ന് മാന്തി. “തിരിയാതിരിക്കാൻ മാത്രം എന്ത് കുന്തമാടി എന്റെ പേരിലിരിക്കുന്നത് പൂത്താങ്കീരി കാലമാടത്തി” എന്നൊക്കെങ്ങോട്ട് തിരിച്ച് മെസ്സഞ്ചറിൽ മെസ്സേജയച്ച ശേഷമാണ് റബ്ബേ അതങ്ങാനും വല്ല ടീച്ചറോ, ഡോക്ടറോ, എന്നേക്കാൾ പ്രായമുള്ള ഏതെങ്കിലും വീട്ടമ്മയോ ആയിരിക്കുമോ എന്ന ആധി നെഞ്ചിന്റെ ഇടത്തേ അറ്റത്ത് ഒരു വത്തക്കാ വള്ളി പോലെ ചുറ്റി പുണർന്നത്.

ഇനിയിപ്പോ ആ വളളി വലിച്ചു പറിച്ചിടാനെന്താണൊരു വഴീന്ന് ഓർത്തിരിക്കുമ്പഴാണ് എന്നിലെ സൈക്കോളജി സൈക്കിൾ ചവിട്ടി വന്ന് സഡൻ ബ്രേക്കിട്ട് കൊണ്ട് വിനയകുലീനനായി കൊണ്ട് “മാഡം നിങ്ങളെ കുട്ടി എന്നു വിളിക്കുന്നതിൽ ഒന്നും വിചാരിക്കരുത് കെട്ടോ… ഞാനങ്ങനെയാണ് പൊതുവെ വായനക്കാരെ സംബോധിക്കാറെന്ന്” നൈസായി തള്ളി.

“ഹേയ്..ഇല്ല മാഷേ ഞാൻ കുട്ടി തന്നെയാണ്..”

ആഹാ കുട്ടി, കുട്ടി തന്നെയായിരുന്നല്ലേ കുട്ടീ.. അതെനിക്കും തോന്നി അതാ പിന്നെ ധൈര്യത്തിലങ്ങ് വിളിച്ചത് കുട്ടി.

” മാഷ് പേരിനെ പറ്റി പറഞ്ഞില്ല..?”

കാന്താരിച്ചി എന്നെ വെറുതെ വിടാനുള്ള ഭാവമില്ലെന്ന് കണ്ടപ്പോ ചെറിയ തോതിലങ്ങ് പെയിന്റടിക്കാൻ തുടങ്ങി. അതേയ് എന്റെ പേരായ Ibrahim Nbr lbu Lbuലെ Ibrahim എന്റെ പിതാജി എനിക്കിട്ട പേര്.Nbr പ്രകൃതി രമണീയവും ചേതോഹരവും, ലോക പ്രസിദ്ധവുമായ തേക്കുവനം സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട താഴ്വരയിലെ മ്മടെ നാട് നിലമ്പൂരിന്റെ ഷോർട്ട്.

പിന്നെ lbu, പ്രിയപ്പെട്ടവർ സ്നേഹത്തോടെ വിളിക്കുന്ന നിക്ക് നൈം.lbru എന്നും വിളിക്കും, അതിലുമുണ്ട് bro എന്ന കറതീർന്ന സ്നേഹത്തിന്റെ സമാന ഉച്ചാരണം. പിന്നെ Lbu, അത് എഫ് ബി സ്കൂളിലേക്കുള്ള അഡ്മിഷൻ ഫോം പൂരിപ്പിക്കുന്നതിനിടെ സുക്കറണ്ണൻ തേർഡ് നൈം ചോയ്ച്ചപ്പോ വീണ്ടും lbu ഇബു എന്നടിച്ചു കൊടുത്തു. അണ്ണന് വയസ്സായതല്ലെ മൂപ്പരത് Lbu ആക്കി. (ഈ പേര് ലേശം കോംപ്ലിക്കേറ്റഡ് ആയതോണ്ട് ചങ്കോളെ അഭ്യർത്ഥന മാനിച്ച് ഇപ്പോ ഉള്ളത് പേലെ ചേഞ്ചാക്കിയതാട്ടോ☺)

പിന്നീടാണ് എനിക്ക് മനസ്സിലായത് സ്നേഹത്തിന്റെ നിറകുടവും നിഷ്കളങ്കതയുടെ ബിരിയാണി ചെമ്പുമായ എന്നിൽ “ലുബ്യൂ”വിന്റെ അനന്ത സാധ്യതകൾ മറഞ്ഞു കിടക്കുന്നുണ്ടെന്ന പരമസത്യം സുക്കറണ്ണൻ ദീർഘദൃഷ്ടിയുടെ ഉണ്ടക്കണ്ണിലൂടെ നോക്കി കണ്ടെന്ന്.

അവളിതൊക്കെ വല്ലാത്ത കൗതുകത്തോടെ വായിച്ചു വിസ്മയ വിജൃംഭിതയായി ഇരിക്കുകയായിരിക്കുമെന്ന എന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് അതിന് റീപ്ലേ വന്നതിങ്ങിനെ “ഹേയ് മാഷേ… യെല്ലാം മറന്നേക്ക് ഞാനൊന്നും ചോദിച്ചില്ല മാഷൊന്നും പറഞ്ഞില്ല… ഗുഡ് നൈറ്റ്”

ആഹാ നീയത്രക്കായോ, മ്മളെ ശശാങ്കനാക്കി ഇജി അങ്ങനെ ഒറങ്ങണ്ടടി പൂത്താങ്കീരി എന്ന് മനസ്സിൽ പറഞ്ഞ് ഒരു മെസ്സേജ് കൂടി അങ്ങട്ട് വിട്ടു. ആട്ടെ കുട്ടി ഏത് ക്ലാസിലാ പഠിക്കുന്നേ..?

” പ്ലസ് ടു”

ആഹാ… കൊള്ളാലോ എന്നിട്ടിപ്പോ പരീക്ഷയൊക്കെ നടക്കുന്ന സമയമല്ലേ… എക്സാമൊക്കെ എങ്ങിനെയുണ്ട്?

” പരീക്ഷയൊക്കെ മൂഞ്ചി പോകും മാഷേ ”

ങ്ങേ

അപ്പോ പഠിക്കലൊന്നുംല്യേ…

“ന്തിന് കുത്തിര്ന്ന് എടങ്ങാറായി പഠിക്കണം …അതിനെല്ലാം എന്തെല്ലാം സംവിധാനങ്ങളുണ്ട് മാഷേ.. സമയാവുമ്പോ മ്മള് കളറാക്കൂലേ.. ”

ആഹാ നീയാള് കിടുക്കാച്ചിയാണല്ലോ. നിന്റെ ഫാദറിന്റെ നമ്പറ് ഒന്നു തരോ…

” ന്തിനാപ്പോ വാപ്പിന്റെ നമ്പറ് .. ഇന്നെ പെണ്ണ് ചോയ്ക്കാനാണോ..?”

അതേല്ലോ..ഗൊച്ചു ഗള്ളി അതും മനസ്സിലാക്കി കളഞ്ഞു. ഒരു നുള്ളങ്ങ് വെച്ച് തന്നാലുണ്ടല്ലോ..

“അള്ളോയ് കല്യാണം ഇപ്പോ തന്നെ മാണ്ട… പഠിത്തമൊക്കെ കയ്ഞ്ഞിട്ട് മതി”

അന്റെ ഇമ്മാതിരി പഠിത്തം കയ്യുമ്പഴേക്ക് ഇജി ഞമ്മളെ കയ്യീന്ന് പോവും.. പിന്നെ മൊഹബ്ബത്തിന്റെ കാറ്റിലാടുന്ന കാട്ടു മുന്തിരി കട്ടു പറിച്ചു കാട്ടാറിന്റെ തീരത്തു കാട്ടുകല്ലിൽ കാറ്റും കൊണ്ട് കഥകൾ പറഞ്ഞു കറുമുറെ തിന്നാൻ ഇന്റെ കൂടെ ഈ കാന്താരി ഹൂറി ഇണ്ടാവൂല, എന്ന മെസ്സേജ് മുയ്മൻ വായിച്ചു തീരുംമുമ്പേ മ്മളെ ഭാവി അമ്മോശൻ ചെക്കന്റെ നമ്പർ കാന്താരിച്ചി പാത്തു അയച്ചു തന്നു. ഒപ്പം ഒരു നിറ പുഞ്ചിരി സ്മൈലിയും.

” ന്നാ ഞാൻ കെടക്കട്ടെ കാക്കോ..”

ഇയ്യെങ്ങട്ടാ പാത്തോ ഇത്ര ധൃതി പിടിച്ച് പോവ്ണ്. ഇനിക്ക് കൊറച്ച് കാര്യം കൂടി സംസാരിക്കാണ്ട്.

” അത് പിന്നെ നാളെ പറയാം”

അതെന്താ ഇപ്പോ പറഞ്ഞാല്?

“സമയം ഇപ്പോ തന്നെ 11 മണിയായി. ഞമ്മളെ നാട്ടാര് ശരിയില്ല.11 മണിക്ക് ശേഷവും പച്ച ലൈറ്റ് കണ്ടാ മ്മളെ കൊല്ലാകൊല ചെയ്യും. ആടിനെ പട്ടിയാക്ക്ണ ടീമാ…”

ഹൗ ഭാഗ്യം അവരെയെങ്കിലും പേടിയുണ്ടല്ലോ എന്ന് ടൈപ്പിയത് മായ്ച്ച് കളഞ്ഞ്, ന്നാ ഒറങ്ങിക്കോളൂട്ടോ. ഒരു രാകാലവന്ദനം നേരുന്നു. എന്നങ്ങട് ആശംസിച്ചു ഉറക്കി കിടത്തി.

ഭാവി അമ്മോശന്റെ ഉറക്ക് കളയണ്ടാന്ന് കരുതി രാവിലെയാണ് വിളിച്ചത്.

ഹലോ.. ഇത് റിസ്നയുടെ ഉപ്പയല്ലേ…?

“അതെ എന്ത്യോനു?”

ഒന്നുല്യ.. ഇങ്ങളെ മോള് വീട്ടീന്ന് പഠിക്കാനൊക്കെ എങ്ങനാ..?
“ഓള് ഭയങ്കര പഠ്ത്താപ്പാ..റൂമൊക്കെ അടച്ച് ആരേം അങ്ങേട്ടടുപ്പിക്കാതെ ഒറക്കൊഴിച്ച് പഠിക്കും, ചെലപ്പോ നട്ടപ്പാതിരക്ക് പാഠം ചെല്ലിപ്പറേണ ഒച്ചയൊക്കെ കേക്കാം… ന്ത്യോനു.. ഇങ്ങളാരാ ”

അല്ല.. ഞാനോൾടെ മാഷാ…( ഓള് ഞമ്മളെ മാഷാക്കിവെച്ചതല്ലേ, കൂലിയില്ലെങ്കിലും ജോലിയിൽ ആൽമാത്ര കാണിക്കണല്ലോ)ഇങ്ങള് ഓൾക്ക് മൊബൈല് വാങ്ങി കൊടുത്തീനോ…?

“ഹേയ് ഇല്ല മാഷ്ട്ടറെ… ഓള് പഠിക്കണ കുട്ട്യല്ലേ.. മ്മളടുത്ത് അയ്നും മാത്രം പൈസീം ല്ല…”

ന്നാലേ… ഇങ്ങള് ഓളെ റൂമും ബാഗും ഡ്രസ്സും ഒക്കെ ഒന്ന് ശരിക്കും ചെക്ക് ചെയ്തോളോണ്ടീം… ഓളിപ്പോ തീരെ പഠിക്ക്ണില്ല… ഹോം വർക്ക് ചെയ്യണില്ല… ഓളടുത്ത് ഫോണുണ്ടെന്ന് വിവരം ഞമ്മക്ക് കിട്ടീകണ്.. ഞാൻ പറഞ്ഞൂന്ന് ഓളോടും പറേണ്ട, ഒന്നുംണ്ടായിട്ടല്ല കുട്ട്യാളല്ലേ, ഒന്നു ശ്രദ്ധിച്ചോളീം ട്ടോ…

“ഐക്കോട്ടെ മാഷ്ട്ടറേ… ഇമ്മിണി നന്ദിണ്ട്… അത് ഞങ്ങൾ നോക്കിക്കോളാ…. ഇങ്ങള് അവിടുന്ന് ഒന്ന് നല്ലോണം ശ്രദ്ധിക്കണം ട്ടോ മാഷ്ട്ടറേ… ”

പിന്നെന്താ… ഞമ്മള് ശരിക്കും ശ്രദ്ധിക്കുംന്നേ.. ഇങ്ങള് ബേജാറാവണ്ട എന്ന സ്വന്ത്വനത്തിന്റെ രണ്ട് വാക്ക് കൂടെ മൊഴിഞ്ഞ് ഫോൺ കട്ട് ചെയ്തു.

അങ്ങനെ കഥാനായികയുടെ ഫോൺ എന്തായി എന്നറിയാനുള്ള ജിജ്ഞാസ സ്വൈരം തരാതിതിരുന്നപ്പോ രാവിലെ പുലർകാല വന്ദനവും ഉച്ചക്ക് ആഫ്റ്റർ നൂണും അയച്ചിട്ടും റീപ്ലേ കിട്ടാതിരുന്നപ്പോ എകദേശം ഒരുറപ്പായി. രാത്രി ഒരു രാകാലവന്ദനം കൂടി വിട്ടപ്പോൾ മ്മളെ രാവിലത്തെ കാൾ ഓളെ ഫോണിന്റെ കാലനായി എന്നു നൂറ്റിക്ക് നൂറ് കണ്ണും പൂട്ടിയങ്ങട് ഉറപ്പിച്ചു.

#Attention: ഞമ്മള് ഒരു ദുഷ്ടനാന്ന് ചിലർക്കെങ്കിലും തോന്നിക്കാണും. പക്ഷേ ഒരു മൊബൈൽപനി പിടിച്ചവൾക്ക് ഹിപ്നോ ഇഞ്ചക്ഷൻ ചെയ്യുന്ന ഡാക്കിട്ടറെ പണിയേ നുമ്മ എടുത്തുള്ളൂ.. തത്കാലം വേദനിച്ചാലും അസുഖം മാറി ആള് സെറ്റപ്പാവും. പഠിക്കുന്ന കുട്ടികൾക്ക് എന്തിന്റെ പേരിലായാലും മൊബൈൽ വാങ്ങി കൊടുക്കുന്നവർ ശ്രദ്ധിക്കുക, നിങ്ങൾ സ്നേഹിച്ചു വഷളാക്കുന്നത് മക്കളുടെ ഭാവിയാണ്.

വാങ്ങി കൊടുക്കാത്തവർ അവരടുത്ത് ഒന്നുമുണ്ടാവില്ലെന്ന അമിത വിശ്വാസത്തിലിരിക്കാതെ ഇടക്കൊന്ന് അവരുടെ റൂമും ബാഗും പരിശോദിച്ച് ഇല്ലെന്ന് ഉറപ്പ് വരുത്തുക.

രചന :-ഇബ്രാഹീം നിലമ്പൂർ.

Leave a Reply

Your email address will not be published. Required fields are marked *