രചന : … — അഖില
അവൾ വാച്ചിലേക്ക് നോക്കി. സമയം ഒന്പതരയോടടുക്കുന്നു. എല്ലാവരും കിടക്കേണ്ടമട്ടിലാണ്. ഒരേ ഇരിപ്പായിരുന്നു തിരുവന്തപുരം മുതൽ. അവൾ വാഷ് റൂം ലക്ഷ്യമാക്കി നടന്നു. ആരൊക്കെയോ വഴിയിൽ നില്പുണ്ട്. അവർ അവൾക്കു വഴിമാറികൊടുത്തു. മുഖത്തേക്ക് തണുത്ത വെള്ളം വീണപ്പോൾ വല്ലാത്ത കുളിർമ. വിൻഡോ സീറ്റിലിരുന്നു പുറത്തെ കാഴ്ചകൾക്കൊപ്പം പൊടിയും പുകയുമെല്ലാം കൊണ്ട് മുഖം അല്പം മങ്ങിപ്പോയതായി അവൾക്കു തോന്നി. കണ്മഷി പടർന്നിട്ടുണ്ട്. നന്നായി മുഖം കഴുകി അവൾ ഒന്നുകൂടി കണ്ണാടിയിലേക്കു നോക്കി. ഏയ്.. ഭംഗിക്കുറവൊന്നുമില്ല. അവൾ തിരിച്ചു നടന്നു. ഇരുവശങ്ങളിലും നിന്നു ഒരുപാടു കണ്ണുകൾ തന്നെ പിന്തുടരുന്നത് ഒളിക്കണ്ണുകൾ കൊണ്ട് അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചെരിപ്പുകൾ അഴിച്ചുവച്ചു സാവധാനം മുകളിലെ ബെർത്തിലേക്കു കയറി. ചുരിദാറിന്റെ വശങ്ങൾ ഒതുക്കിപിടിച്ചുകൊണ്ടിരുന്നു. ചില കണ്ണുകൾ തനിക്കുനേരെയാണ്. അവൾ ബാഗ് തുറന്നു. മൊബൈൽ, ഫയൽ, എല്ലാമുണ്ട്. ഫയൽ പുറത്തേക്കെടുത്തു വെറുതെ അവൾ തുറന്നുനോക്കി. “മീനാക്ഷി..” ഹാൾടിക്കറ്റിലെ തന്റെ പേര് വെറുതെ ഒന്നു വായിച്ചു. കഴിഞ്ഞ വർഷം എടുത്ത ഫോട്ടോ. അന്നത്തെക്കാൾ അല്പം തടികൂടിയിട്ടുണ്ടോ ഇപ്പോൾ??!! ഉണ്ട്, അല്പം കുറയ്ക്കണം. ഇത്രവേണ്ട. മനസിലുറപ്പിച്ചുകൊണ്ട് അവൾ ഫയൽ ബാഗിലേക്കു ഒതുക്കിവച്ചു. മൊബൈൽ തുറന്നുനോക്കി. ഇല്ല ആരുടെയും മിസ്സ്ഡ് കാൾ ഇല്ല.
ലൈറ്റുകൾ ഒന്നൊന്നായി അണഞ്ഞുതുടങ്ങുന്നുണ്ട്. ചിലരുടെ ആശങ്കകൾ മുഴങ്ങിക്കേൾക്കുന്നുണ്ട്.. സീറ്റ് കൺഫേം ആകാത്തവർ ആയിരിക്കണം അത്. ഓപ്പോസിറ്റ് ബെർത്തുകൾ ഒഴിഞ്ഞു കിടക്കുന്നു. ആരൊക്കെയോ വരാനുണ്ടാവും ഇനിയും. തൊട്ടുതാഴെ ഒരാൾ കിടപ്പുണ്ടെന്നു അവൾ കണ്ടു. ഒരു ചെറുപ്പക്കാരനാണ്. ഇപ്പോൾ കയറിയതായിരിക്കും. ഇതുവരെ ഇരിക്കുന്നുണ്ടായവരൊക്കെ ട്രെയിൻ ഇറങ്ങി. മീനാക്ഷിക്ക് അല്പം പേടിതോന്നി. പത്രങ്ങളിലെ വാർത്തകൾ ഒരു മിന്നൽ പോലെ അവളുടെ മനസിലൂടെ കയറിയിറങ്ങി. ഹെൽപ് ലൈൻ നമ്പർ ഒന്നുകൂടി ഓർത്തുവച്ചു. “ദൈവമേ രക്ഷിക്കണേ”. അവൾ കണ്ണടച്ച് കിടന്നു.
“ഹലോ ബാലു.. ഞാൻ കയറി കേട്ടോ. നി സ്റ്റേഷനിൽ എത്തിയോ.. ?? S-5 ആണ്. മറക്കണ്ട..”
മീനാക്ഷി കണ്ണുതുറന്നു. ലൈറ്റുകൾ ഏതാണ്ട് എല്ലാം അണഞ്ഞുകഴിഞ്ഞു. നേരിയ വെളിച്ചം ഉണ്ട്. താഴെ നിന്നുമാണ് ഫോൺ സംസാരം. ഇനിയും ആരൊക്കെയോ കയറാനുണ്ട്.. അവൾ ഷാൾ എടുത്തു മുഖം മറച്ചു കിടന്നു. എന്തോ മനസ്സിൽ വല്ലാത്തൊരു ടെൻഷൻ പോലെ.. എക്സാം അത്യാവശ്യം എളുപ്പമായിരുന്നു. M.A കഴിയാൻ ഇനിയും സമയമുണ്ട്. പരീക്ഷ കഴിഞ്ഞാൽ വീട്ടിൽ പോകുന്നത് ഓർക്കുമ്പോൾ തന്നെ വെപ്രാളമാണ്. പെണ്ണുകാണൽ.. കല്യാണം.. വേണ്ട. മനസിന് ഇഷ്ടമില്ലാതെ എന്തിനാ.. വീട്ടുകാരുടെ നിർബന്ധം എത്രകാലം ചെറുത്തു നില്കാൻ കഴിയുമെന്നറിയില്ല.
അവൾ തിരിഞ്ഞുകിടന്നു. താഴെ ബെർത്തിൽ ഫോൺ വിളി തുടർന്നു.. അടുത്ത സ്റ്റേഷൻ എത്തിയെന്നുതോന്നുന്നു. ആരൊക്കെയോ കയറിയും ഇറങ്ങിയും ട്രെയിൻ വീണ്ടും നീങ്ങിത്തുടങ്ങി.
“കയറി വാടാ മക്കളേ.. ”
താഴെ വീണ്ടും സംസാരം. മീനാക്ഷി കണ്ണുതുറന്നുനോക്കി. താഴെ രണ്ടുപേർ കൂടി വന്നു. ഒന്ന് നേരത്തെ പറഞ്ഞുകേട്ട ബാലു ആയിരിക്കും.. അവൾ ഊഹിച്ചു.
“എങ്ങനുണ്ടാർണേടാ അളിയാ കല്യാണം.. ??!! ”
“ഓഹ്.. കിടിലം.. ഞങ്ങൾ മാക്സിമം അലമ്പുണ്ടാക്കിയാ വരുന്നേ. അവളുടെ വീട്ടുകാർ തല്ലിയില്ലെന്നേയുള്ളു..”
താഴെനിന്നുള്ള ചിരിയും സംസാരവുമൊക്കെ മീനാക്ഷിക്ക് അലോസരമായി തോന്നി. അവൾ മുകളിലേക്കു കണ്ണു നട്ട് വെറുതെ കിടന്നു. ഉള്ളിൽ അല്പം ഭയവും പേറി..
“നീ അവനെ വിളിച്ചാരുന്നോ ??..”
“ആ.. അവൻ എറണാകുളം സ്റ്റേഷനിൽ നിപ്പുണ്ട്.. സാഗർ കൂടി വേണാരുന്നു കല്യാണത്തിന്.. ല്ലേ ഡാ.. ”
മീനാക്ഷി നടുക്കത്തോടെ കണ്ണുതുറന്നു.. സാഗർ.. ഒരുപാടു നാളുകൾക്കുശേഷമാണ് ആ പേര് വീണ്ടും കേൾക്കുന്നത്.. സാഗർ.. മീനാക്ഷി അസ്വസ്ഥയായി.. എന്തിനാണ് താൻ അസ്വസ്ഥയാവുന്നത്.. മറക്കാൻ ശ്രമിച്ച ആ പേര് വീണ്ടും കേട്ടപ്പോൾ.. ഇല്ല ഒന്നുമില്ല. ഏതോ ഒരു സാഗർ.. അയാൾ വരട്ടെ.. പോകട്ടെ.. തനിക്കെന്താ.. മീനാക്ഷി കണ്ണുകൾ മുറുക്കിയടച്ചു. ഫോൺ തുറന്നു മ്യൂസിക് ഓൺ ചെയ്ത് ഇയർഫോൺ വച്ചു.. “നദിയെ… നിയാനാൽ.. മഴൈ നാനെ… ” അവൾ ഇയർഫോൺ വലിച്ചൂരി. മ്യൂസിക് ഓഫ് ചെയ്തു. റോജയിലെ പാട്ട്. നേരത്തെ കേട്ടുതുടങ്ങിയപ്പോൾ മനസ് 4 വർഷം പിന്നിലേക്ക് പോയി. അപ്പോൾ സ്റ്റോപ്പ് ചെയ്തുവച്ചതായിരുന്നു. ഇപ്പോൾ വീണ്ടും പാടിത്തുടങ്ങിയത് അതേ പാട്ട്. എന്താ ഇങ്ങനെ.. അവൾ എഴുന്നേറ്റിരുന്നു.
എറണാകുളം എത്താൻ ഇനിയും കുറെ സ്റ്റേഷൻ ഉണ്ട്. ഉറക്കം വരാൻ എന്തുചെയ്യണമെന്നറിയാതെ അവളിരുന്നു.
“സാഗറെ.. S-5 ആണേ.. ഞാൻ ഡോറിന്റെ അടുത്ത് വന്നു നിക്കാം.. എത്ര നാളായെടാ കണ്ടിട്ട്.. 2 വർഷം.. ഞങ്ങളെല്ലാരും വെയ്റ്റിംഗ്…”
താഴെ വീണ്ടും സംസാരം. ഫോൺ കൈമാറി എല്ലാരും സംസാരിക്കുന്നുണ്ട്.. മീനാക്ഷിക്ക് എന്തെന്നില്ലാത്ത വെപ്രാളമായി. ആരായിരിക്കും ആ സാഗർ. 2 വര്ഷമല്ല. 4 വർഷത്തിന്റെ കണക്കാണ് തനിക്കുപറയാനുള്ളത്. അല്ലെങ്കിൽ എന്തിനാ ഇനി അതൊക്കെ ഓർക്കുന്നത്.. ഏതോ ഒരു സാഗർ ആരെയോ കാണാനെത്തുന്നു.. പേരുപോലെതന്നെ ഈ കാത്തിരിപ്പും യാദൃശ്ച്കമാകാം. അവൾ സ്വയം സമാധാനിക്കാൻ നോക്കി.. അവൾക്കു വല്ലാതെ ദാഹം തോന്നി. വെള്ളം തീർന്നിരിക്കുന്നു. അരണ്ട വെളിച്ചത്തിൽ കാലിയായ ബോട്ടിലിലേക്കു നോക്കി അവൾ നെടുവീർപ്പിട്ടു.
ആരായിരിക്കും വരാൻപോകുന്ന ആ സാഗർ. മനസുനിറയെ അതായിരുന്നു. ഒരു ഞരക്കത്തോടെ ട്രെയിൻ സ്റ്റേഷനിൽ നിർത്തിയിട്ടു. ആകെ ബഹളം. കുറെ പേരുണ്ട് കയറാൻ. വെള്ളം വാങ്ങിയേ തീരൂ. മീനാക്ഷി കാത്തിരുന്നു. ആരും വന്നില്ല വെള്ളവുമായി. ട്രെയിൻ വിടുന്നവരെ വെയിറ്റ് ചെയ്യാനാകില്ല. അവൾ പേഴ്സുമെടുത്ത് മെല്ലെ താഴെയിറങ്ങി. താഴെയിരുന്നവർ പെട്ടെന്ന് അവളെ ശ്രദ്ധിച്ചു. ഇത്രയും നേരം മുകളിൽ ഇങ്ങനൊരു സുന്ദരിപ്പെണ്ണ് കിടന്നുറങ്ങിയത് ആരും ശ്രദ്ധിച്ചില്ല. ബാലുവും ഹരിയും ഒക്കെ പെട്ടെന്ന് നിശബ്ദരായി. മീനാക്ഷി അല്പം ചമ്മലോടെ ചെരിപ്പുമിട്ട് ഡോർ ലഷ്യമാക്കി വേഗത്തിൽ നടന്നു. “ചേട്ടാ.. ഒരു ബോട്ടിൽ വെള്ളം വേണം. ”
കയറിയവരൊക്കെ കിടന്നുതുടങ്ങി. ചിലർ നല്ലയുറക്കത്തിൽ.. സീറ്റിനു സമീപം എത്തിയപ്പോൾ അവൾ ഒന്ന് പകച്ചു. ഒരാൾ വശം തിരിഞ്ഞു നില്പുണ്ട്. അവളെ കണ്ടിട്ടെന്നോണം അയാൾ മുഖത്തുനോക്കാതെ അകത്തേക്ക് ഒതുങ്ങിനിന്നു. അവളുടെ നെഞ്ചുപിടച്ചു. സാഗർ ആയിരിക്കുമോ ??!! സാമീപ്യം കൊണ്ട് മനസിലാക്കിയെടുക്കാൻ പറ്റാത്തവിധം താൻ മാറിക്കഴിഞ്ഞോ??! അതോ മറ്റാരെങ്കിലുമാണോ ഈ സാഗർ.. ആയിരം ചോദ്യങ്ങൾ അവളുടെ മനസിലേക്ക് ഇരച്ചു കയറി.. ഇല്ല. എറണാകുളം എത്തിയിട്ടില്ലല്ലോ. ഇത് അയാൾ ആകാൻ വഴിയില്ല. അവൾ മുകളിലേക്കു കയറി കണ്ണുകൾ ഇറുക്കിയടച്ചു കിടന്നു. ബെഡ്ഷീറ് വലിച്ചുമൂടി ഉറങ്ങാൻ ശ്രമിച്ചു.
* * * * * * * * * * * * **
ആരോ വിളിക്കുന്നതുകേട്ടാണ് അവൾ ഉണർന്നത്. വെളിച്ചം കണ്ണുകളിലേക്കു തുളഞ്ഞുകയറി. ഇത് എവിടെയാണ്.. ഈശ്വരാ എറണാകുളം കഴിഞ്ഞോ.. പെട്ടെന്ന് അവൾ ബോധത്തിലേക്ക് തിരിച്ചു വന്നു. ടിക്കറ്റ് ചെക്ക് ചെയ്യാൻ വന്നതാണ്. അവൾ ടിക്കറ്റ് എടുത്തു കാണിച്ചു. എതിരെയുള്ള സീറ്റുകളിൽ എല്ലാം ആളുകൾ കിടന്നിരിക്കുന്നു. ഒന്ന് മാത്രം ഒഴിഞ്ഞുകിടപ്പുണ്ട്. ഏറ്റവും മുകളിൽ.. തനിക്കെതിരായി..!!
ലൈറ്റുകൾ വീണ്ടും അണഞ്ഞു. താഴെനിന്നും വീണ്ടും ബഹളം. അവളുടെ നെഞ്ചിടിപ്പ് കൂടി. ഈശ്വരാ.. എന്താ തനിക്കിങ്ങനെ. അവൾ വീണ്ടും തിരിഞ്ഞുകിടന്നു. സാഗർ വന്നു. താഴെനിന്നുള്ള സംസാരത്തിൽനിന്നും അത് വ്യക്തമാണ്. അല്പം പതിയെയാണ് സംസാരം.എല്ലാവരും ഉറങ്ങിയതുകൊണ്ടാവണം..
അല്പം കഴിഞ്ഞ് അവൾ ഉയർന്ന നെഞ്ചിടിപ്പോടെ ചെരിഞ്ഞു നോക്കി. എതിരെയുള്ള ബെർത്തും ആളെത്തിയിരിക്കുന്നു. മങ്ങിയ വെളിച്ചത്തിൽ അയാൾ അവ്യക്തനാണ്. അവൾ നേരെ കിടന്നു. അല്പം കഴിഞ്ഞു വീണ്ടുമൊന്നു ചരിഞ്ഞു നോക്കി. ഇല്ല, അയാൾ എതിർ വശത്തേക്ക് ചരിഞ്ഞു കിടപ്പാണ്. മൊബൈൽ നോക്കി കിടക്കുകയാണ്. അതിന്റെ വെളിച്ചം നന്നായുണ്ട്.. അവൾ ആ സ്ക്രീനിലേക്കു ഏന്തിവലിഞ്ഞു നോക്കി. ഒരു ഫോട്ടോയാണ്. ഒരു പെൺകുട്ടിയുടെ. അവളുടെ ഉള്ളൊന്നാളി. തല അല്പം കൂടി ഉയർത്തിനോക്കി. ഇപ്പോൾ വ്യക്തം.. ഒരു പെണ്ണ്.. തന്നെക്കാൾ സുന്ദരിയാണോ.. അല്ലെന്ന് കരുതാനായിരുന്നു അവൾക്കിഷ്ടം. എന്തെന്നില്ലാതെ അവൾ വീണ്ടും അസ്വസ്ഥയായി. സാഗർ.. ആ പേര് വീണ്ടും മനസ്സിൽ ഉരുവിട്ടുകൊണ്ട് അവൾ കണ്ണുകളടച്ചു.
** ** ** ** ** ** ** ** ** **
“ആരുമില്ലെന്ന തോന്നൽ വേണ്ട.. ഞാനുണ്ട്. എന്തൊക്കെ വന്നാലും ഞാനുണ്ട് കൂടെ…”
മീനാക്ഷിയിൽ നിന്ന് ആ മറുപടി സാഗർ പ്രതീക്ഷിച്ചതല്ല. കുടുംബപ്രാരാബ്ധത്തിന്റെ കെട്ടഴിച്ചുകഴിയുമ്പോൾ ഒന്നുപൊട്ടിക്കരഞ്ഞുകൊണ്ട് ‘ചതിയൻ’ എന്ന് വിളിച്ചു കൺവെട്ടത്തുനിന്നും ഓടിപ്പോകുന്ന സിനിമയിലെ കഥാപാത്രങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് വേദനയോടെ മീനാക്ഷിയുടെ മുന്നിൽ ഒരുപാട് നാളത്തെ നുണക്കഥകൾക്കു അവൻ വിരാമമിട്ടത്.
പക്ഷെ വെറുമൊരു തുരുമ്പു തുലാസിലാണ് താൻ അവളെ അളന്നതെന്നു ഓർത്തപ്പോൾ സാഗറിന്റെ കണ്ണുകൾ നിറഞ്ഞു.
“ഈ ജീവിതം മുഴുവൻ ഞാൻ നിന്റെ കൂടെ ഉണ്ടാവും. ഇനിയൊരിക്കലും കള്ളം പറയില്ല മീനു ഞാൻ ”
അവളുടെകൈകളിലേക്കു മുഖം ചേർത്ത് അവൻ വിങ്ങിക്കരഞ്ഞു.
“കരയണ്ട, എനിക്ക് സ്നേഹം കൂട്ടിയിട്ടേയുള്ളൂ.. ഇപ്പോഴെങ്കിലും മാളികമുകളിൽനിന്നും നിന്നും ഓലപ്പുരയിലേക്കു തിരിച്ചുവന്നതിന്.. ”
അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. കൂടെ അവനും ചെറുതായി ചിരിച്ചു.. ആ ചിരിയുടെ നീളം ജനല്പാളികൾ കടന്നു പുറത്തേക്കു കടന്നു.. പുറത്തു മഴക്കാറുണ്ട്.. ആകാശം ഇരുണ്ടുതുടങ്ങി..
“മീനാക്ഷിക്ക് ഇരുട്ട് ഇഷ്ടമല്ലേ..”
അവൻ ജനൽ കർട്ടനുകൾ വിരിച്ചിട്ടു. മങ്ങിയ വെളിച്ചത്തിൽ അവരുടെ ഹൃദയമിടിപ്പുകളും നിശ്വാസങ്ങളും ഉയർന്നു കേട്ടു.. സ്പര്ശനങ്ങൾ കനലുകൾ പോലെ പൊള്ളി.. ഒരു നനുത്ത ചുംബനം അവളുടെ ചുണ്ടുകളിലേക്കു അമർന്നു..
ട്രെയിനിന്റെ ചൂളം വിളികേട്ടു മീനാക്ഷി ഞെട്ടിയുണർന്നു. എന്താണ്.. എവിടെയാണ്..താൻ. കഴിഞ്ഞുപോയത് സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയാൻ കുറച്ചു സമയമെടുത്തു. സ്വപ്നമല്ല.. കഴിഞ്ഞുപോയ ഒരു കാലത്തിന്റെ ഓർമ്മകൾ ആയിരുന്നു സ്വപ്നമായി വന്നത്. വിയർത്തുപോയ മുഖം തുടച്ചുകൊണ്ട് അവൾ എതിർ ബെർത്തിലേക്കു നോക്കി.. സാഗർ ഉറക്കത്തിലാണ്.. തന്റെ സ്വപ്നങ്ങളിലെ സാഗർ ആകുമോ ഇത്.. ആ മുഖം ഒന്ന് കാണാൻ അവൾ കണ്ണുതുറന്നു കിടന്നു.
രചന : … — അഖില