Welcome

എനിക്ക് ഇത്രയും സൗന്ദര്യം ഉള്ളകാലം വരെ എനിക്കൊരു പേടിയുമില്ല…

രചന: വിപിൻ‌ദാസ് അയിരൂർ

“ദേ മനുഷ്യാ ഒന്നെഴുന്നേൽക്കുന്നുണ്ടോ.. ഇന്ന് നേരത്തെ എഴുന്നേറ്റ് അമ്പലത്തിലൊക്കെ പോണം എന്ന് വീമ്പ് പറഞ്ഞു കിടന്നപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചതാ പതിവ് പോലെ ഒരു കപ്പ് വെള്ളം ആ ബെഡിൽ ഒഴിക്കേണ്ടി വരുമെന്ന്. ഹും.. എന്നാലും അത് ഉണക്കാനും മടക്കാനും എല്ലാം എനിക്കല്ലേ പണി. അതോർത്തിട്ടാ ഞാൻ ചെയ്യാത്തത്. ദേ നിങ്ങളോടാ ഈ പറയുന്നേ”

“എന്താടി പെണ്ണെ.. രാവിലെ തന്നെ തുടങ്ങിക്കോളും പെണ്ണ്. ഏത് നേരത്താണാവോ ദൈവമേ ഇതിനെ ഇങ്ങു കെട്ടിയെടുക്കാൻ തോന്നിയത്. എന്റെ ‘അമ്മ എത്രയോ നല്ല കുട്ടികളെ കാണിച്ചു തന്നതാ. എന്നിട്ടും ഞാൻ വേലിയിൽ കിടക്കുന്ന പാമ്പിനെയല്ലയോ തോളിൽ വെച്ചത്”

“അയ്യടാ മോനെ.. അങ്ങനെ തോന്നിയെങ്കിലേ ഇപ്പോൾ തന്നെ എന്നെ അങ്ങ് കൊണ്ടുവിട്ടേക്ക്. ഒരു വർഷം ആകുന്നതല്ലേയുള്ളൂ കല്യാണം കഴിഞ്ഞിട്ട്. കുട്ടികളും ആയിട്ടില്ല. എനിക്ക് ഇത്രയും സൗന്ദര്യം ഉള്ളകാലം വരെ എനിക്കൊരു പേടിയുമില്ല. എന്നെ കെട്ടാൻ വേറെ നല്ല ചൊങ്കുള്ള ചെക്കന്മാർ വരും”

“ദൈവമേ ഇനി ഇവിടെ കിടന്നാൽ ഉറപ്പായും അവൾ വെള്ളം ഒഴിക്കും.. എഴുന്നേൽക്കാം”

ഉണ്ണി എഴുന്നേറ്റ് നടന്നു. ഒരു വർഷമാകുന്നതേയുള്ളു ഉണ്ണിയും ഭദ്രയും തമ്മിലുള്ള കല്യാണം കഴിഞ്ഞിട്ട്. ചെറുപ്രായം. പഠിക്കുന്ന കാലത്ത് രണ്ടിന്റെയും തലയ്ക്കു പിടിച്ച പ്രണയം കാരണം ഇപ്പോൾ രണ്ടും തമ്മിൽ തല്ലും വഴക്കും ഉണ്ടാക്കി അനുഭവിക്കുന്നു.

“ഭദ്രമോളെ… ഡീ ഇന്ന് ഹഗ്ഗ് ഡേ ആണല്ലോ.. ദാ ഫേസ്ബുക് തുറക്കുമ്പോഴേക്കും കാണുന്നത് മുഴുവൻ അതിനെക്കുറിച്ചുള്ള പോസ്റ്റുകൾ മാത്രമാണ്. ”

“ആഹാ.. ആണോ ഉണ്ണ്യേട്ടാ.. അപ്പോൾ ഇനി ആരാണാവോ എന്റെ വാട്സ്ആപ്പിൽ എനിക്ക് മെസ്സേജ് അയച്ചിട്ടുള്ളതാവോ”

“ഒന്നുപോടി., നിനക്കോർമ്മയുണ്ടോടി ഞാൻ നിന്നോട് പ്രണയം പറഞ്ഞനാൾ. അന്നൊരു ഓണക്കാലമായിരുന്നു.. അന്ന് നീ സെറ്റ്സാരിയും ഉടുത്ത് വന്നപ്പോൾ അതിന്റെ തലേന്നാൾ വരെ എനിക്ക് നിന്നോട് തോന്നാത്ത ഒരിത് അന്ന് തോന്നി. അന്ന് മുഴുവനും ഞാൻ നിന്റെ ക്ലാസ്സിനെ ചുറ്റിപറ്റി നടക്കുവായിരുന്നു.”

“ഉവ്വേ.. ഞാനും ശ്രദ്ധിച്ചിരുന്നു വെള്ളമുണ്ടും കരിനീല ഷർട്ടും ഇട്ട് ക്ലാസിനു മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തികൊണ്ടിരുന്ന ഈ മണവാളനെ.”

“ഹഹഹ.. അന്ന് നീ ചെണ്ടുമല്ലിപൂവ് മുറിക്കുമ്പോൾ ബ്ലേഡ് കൊണ്ട് നിന്റെ കൈ മുറിഞ്ഞപ്പോൾ ഞാൻ പോയിട്ടാണ് കയ്യിൽ പുരട്ടാൻ മരുന്നുമായി വന്നത്. ഞാൻ ക്ലാസ്സിലേക്ക് അതുമായി കേറിവരുമ്പോഴേക്കും എന്റെ കയ്യിൽ നിന്നും അതെല്ലാം ആരോ വാങ്ങി നിന്റെ അടുത്തേക്ക് ഓടി. ഞാൻ പിന്നെ കേറിയില്ല.”

“കേറിയില്ലെങ്കിലും ഞാൻ കണ്ടിരുന്നു വിഷമിച്ച മുഖവുമായി ക്ലാസിനു മുന്നിൽ നിന്ന ഉണ്ണ്യേട്ടനെ. അതിന് ശേഷവും ഞാൻ കുറെ നോക്കി കണ്ടില്ല.”

“മ്മ്.. ഞാൻ അപ്പോൾ അവിടെനിന്നും പോയിരുന്നു. പിന്നീട് ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വന്നപ്പോഴാണ് നിന്നെ കണ്ടത്. കയ്യിലൊരു കെട്ടും ഉണ്ടായിരുന്നു. അന്നുതന്നെ എന്റെ ഇഷ്ട്ടം ഞാൻ തുറന്നു പറഞ്ഞപ്പോൾ നീയൊന്നും മിണ്ടാതെ പോവുകയാണ് ചെയ്തത്.”

“അതേ.. പിന്നെ ഒറ്റയടിക്ക് ഞാനും ഇഷ്ട്ടാണ് എന്ന് പറഞ്ഞാൽ എന്റെ വിലയങ് പോവൂല്ലേ മനുഷ്യാ”

“പിന്നീട് ഞാൻ നിന്റെ പുറകെ നടന്നില്ല. എന്റെ നോട്ടം പോലും നിനക്ക് ശല്യമായില്ല. നിനക്കിഷ്ടമുണ്ടെങ്കിൽ നീ പറയട്ടെ എന്ന് വിചാരിച്ചു നടന്നു.”

“എങ്കിലും ഞാനും കുറെ നോക്കിയിരുന്നു ഉണ്ണ്യേട്ടനെ. ഉണ്ണ്യേട്ടൻ അറിയാതെ ഒരുപാട് നോക്കിനിന്നിട്ടുണ്ട് ഞാൻ.”

“പിന്നീട് ഞാൻ വീണ്ടും നിന്റെ മുന്നിൽ വന്നത് ഫെബ്രുവരിയിലാണ്. റോസ് ഡേ യുടെ അന്ന്. അന്ന് നിനക്ക് ഞാനൊരു റോസ് കാണിച്ചു വീണ്ടും എന്റെ ഇഷ്ട്ടം പറഞ്ഞു. പക്ഷെ അന്നും നീയെന്നെ തള്ളി കളഞ്ഞു.”

“ഓഹ് പിന്നെ അന്ന് നിങ്ങളുടെ ബാക്കിൽ പ്രിൻസിപ്പാൾ നിൽക്കുന്നുണ്ടായിരുന്നു. അതാ ഞാൻ വാങ്ങിക്കാഞ്ഞത്. എന്നിട്ട് ഞാൻ ഗേറ്റിന്റെ അവിടെ നിന്നല്ലോ. അപ്പോൾ താരാർന്നില്ലേ”

“പൊക്കോ അവിടുന്ന്. അപ്പോഴേക്കും ആ റോസ് ചവിട്ടി ചമ്മന്തി ആക്കിയിരുന്നു. എന്നിട്ടും ഞാൻ പിന്മാറിയില്ല. അതിന്റെ പിറ്റെന്നാൾ ലൈബ്രറിയിൽ വെച്ച് നിന്നെ വീണ്ടും ഇഷ്ടമാണെന്നു പറഞ്ഞു. അന്ന് പ്രൊപ്പോസ് ഡേ ആയിരുന്നു. ഞാൻ പറഞ്ഞു തീരുമ്പോഴേക്കും നിന്റെ കൂട്ടുകാരികൾ വന്നു. അതോടെ അന്നും ഞാൻ പിൻവാങ്ങി”

“അല്ലേലും ഇങ്ങൾക്ക് മൂക്കത്തല്ലേ ശുണ്ഠി.. പിന്നെ ആത്മാഭിമാനം നോക്കലും. പ്രേമിക്കുന്ന പെണ്ണിനോട് അന്തസ്സായി പ്രണയം തുറന്നു പറയണം. കൂട്ടുകാരികളും കൂട്ടുകാരന്മാരും ഉണ്ടൊന്നൊന്നും നോക്കരുത്”

“അങ്ങനെയാണേൽ നിന്റെ ക്ലാസ്സിലെ വിഷ്ണു നിന്റെ കൂട്ടുകാരുടെ മുന്നിൽ വെച്ചല്ലേ ഇഷ്ട്ടാണ് എന്ന് പറഞ്ഞത്. നീ മറുപടി കൊടുത്തില്ലല്ലോ അതെന്താടി”

“ആഹ്.. അവന് ധൈര്യമുണ്ട്. പക്ഷെ കൂട്ടുകാർ എന്ന് വിചാരിച്ചവരുടെ കൂട്ടത്തിൽ എന്റെ കൂടെ പിറന്ന എന്റെ ചേട്ടനും ഉണ്ടായിരുന്നു. അതോടെ അവന്റെ പൂതി തീർന്നു. പിന്നെങ്ങനാ ഞാനിഷ്ടനെന്നു പറയുന്നേ”

“ഹും.. അത്പോട്ടെ, പിറ്റെന്നാൾ ചോക്ലേറ്റ് ഡേയുടെ അന്ന് വലിയൊരു ഡയറിമിൽക്ക് സിൽക്കിന്റെ പാക്കറ്റുമായി ഞാൻ നിന്റെ ക്ലാസ്സിന്റെ മുന്നിൽ വന്നപ്പോൾ നിന്റെ ബാഗ് ഇരിക്കുന്നതാ കണ്ടത്. നിന്നെയും കൂട്ടുകാരികളെയും കണ്ടില്ല. ഞാൻ അത് നിന്റെ ബാഗിൽ വെച്ച് പുറത്തുപോയി. പിന്നെ കണ്ടത് അത് നിന്റെ കൂട്ടുകാരികൾ വാരിവലിച്ചു തിന്നുന്നതാണ്.”

“ഹഹഹ.. അതുകൊള്ളാം. എനിക്ക് തരാൻ ആണ് വാങ്ങിയതെങ്കിൽ എന്റെ കയ്യിലാ തരേണ്ടത്. ഇത്രക്കും പേടിയാണേൽ ഇതിനൊക്കെ നിൽക്കണോ മാഷേ”

“ഓഹ്.. അതിനുശേഷം പിറ്റെന്നാൾ ടെഡി ഡേ ആണെന്നറിഞ്ഞപ്പോൾ അച്ഛൻ ഫീസ് അടക്കാൻ തന്ന പൈസകൊണ്ട് കോളേജിന് അടുത്തുള്ള ഫാൻസി കടയിൽനിന്നും ഒരു ബിയറിന്റെ വാങ്ങി വന്നു. നിന്റെ അടുത്തേക്ക് അതുമായി വരുമ്പോഴേക്കും എന്റെ കൂട്ടുകാർ കണ്ട് എന്നെ കളിയാക്കി അത് തട്ടിപ്പറിച്ചു. പിടിച്ചു വാങ്ങാൻ ശ്രമിച്ചപ്പോൾ ബിയറിന്റെ വയറും കീറി.”

“ഹഹഹഹ.. അന്ന് ഞാനും കൂട്ടുകാരികളും കുറെ ചിരിച്ചു ഉണ്ണ്യേട്ടാ”

“ഹും നിങ്ങൾക്ക് ചിരിക്കാലോ.. അന്ന് അച്ഛന്റെ കയ്യിൽ നിന്ന് തല്ല് കിട്ടിയ വേദന ഞാൻ ഇപ്പോഴും മറന്നിട്ടില്ല. അതോടെ മതിയായി എനിക്ക്. ഇനി നിന്റെ കൂടെ നടക്കില്ലാന്ന് ഉറച്ച തീരുമാനം എടുത്തു.

“ഇത്രയും എന്നെ സ്നേഹിച്ചിരുന്ന ഉണ്ണ്യേട്ടനെ ഞാൻ എങ്ങനെയാ തള്ളി കളയുക ഏട്ടാ

“മ്മ്.. അത് എനിക്ക് മനസ്സിലായത് പിറ്റെന്നാൾ ഹഗ്ഗ് ഡേയുടെ അന്ന് കോളേജ് വിട്ടുപോകുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ കെട്ടിപിടിച്ചു “ഇഷ്ട്ടമാണ്”എന്ന് പറഞ്ഞപ്പോഴാ”

“അതെ ഉണ്ണ്യേട്ടാ.. അതിന്റെ തലേന്നാൾ വരെ ഞാൻ കാണുന്നുണ്ടായിരുന്നു ഉണ്ണ്യേട്ടന്റെ മനസ്സും മുഖവും. പിറ്റെന്നാൾ എന്നെ ഒന്ന് നോക്കുകപോലും ചെയ്യാതായപ്പോൾ എനിക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല. ഹും.. ആ കെട്ടിപ്പിടുത്തംകൊണ്ട് പ്രിൻസിപ്പാൾ അറിഞ്ഞു നമ്മുടെ വീട്ടുകാർ അറിഞ്ഞു അവസാനം ദാ ഞാൻ ഇവിടെയും ആയി. തൃപ്തിയായല്ലോ”

“ഹഹഹ.. നീയെനിക്ക് വേണ്ടി ജനിച്ചതാണേൽ പിന്നെ നിന്നെ ജീവിതകാലം മുഴുവൻ ഞാൻ തന്നെ ചുമക്കേണ്ടേ എന്റെ ഭദ്രകുട്ട്യേ”

അത് കേട്ടപ്പോൾ ഭദ്ര ഓടിവന്ന് ഉണ്ണിയെ കെട്ടിപ്പിടിച്ചു പറഞ്ഞു,

“I love you ഉണ്ണ്യേട്ടാ..”

രചന: വിപിൻ‌ദാസ് അയിരൂർ

Leave a Reply

Your email address will not be published. Required fields are marked *