രചന: Anu swaroop
വല്യപെരുന്നാളിന് അറബിയുടെ കയ്യും കാലും പിടിച്ചു കിട്ടിയ ഇരുപതു ദിവസത്തെ ലീവിന് നാട്ടിൽ എത്തിയപ്പോൾ ആണ് പ്രിയതമ പറഞ്ഞത്..
ഇക്കാക്ക നമുക്ക് പുതിയൊരു അയൽവക്കം വന്നിട്ടുണ്ട് എന്നു
നമ്മുടെ കാദർകാക്കാന്റെ പെരേല്, കുറച്ചു ദൂരെ ഉള്ളൊരു ആണെന്ന കേട്ടത്, ഭർത്താവും, ഭാര്യയും മോനും ഉണ്ടെന്ന പറഞ്ഞത്, എനിക്ക് ഏതായാലും ഒരു കമ്പനി ആയി..
അവൾ പറഞ്ഞു നിർത്തി,,,
രാവിലെ എഴുന്നേറ്റു കുളിച്ചൊരുങ്ങി പുത്തൻ കോടിയും അണിഞ്ഞു പള്ളിയിലേക്ക് പോകാൻ മക്കളെയും കൂട്ടി ഇറങ്ങുമ്പോൾ ആണ് അത്ഭുതം കൂറി ആ വീടിന്റെ മുറ്റത്തിന്റെ മൂലയിൽ രണ്ടു കുഞ്ഞികണ്ണുകൾ ഞങ്ങളെതന്നെ നോക്കി നിൽക്കുന്നത് കണ്ടത്,പത്തും ഏഴും വയസ്സുള്ള എന്റെ രണ്ടു മക്കളെയും നോക്കി അവൻ പരിചിത ഭാവത്തിൽ ചിരിച്ചു,
ഉപ്പച്ചി ഇതാണ് അപ്പൂട്ടൻ..ഞാൻ പറഞ്ഞില്ലേ ഇന്നലെ..??ഞങ്ങളുടെ സ്കൂളിലെ പുതിയകുട്ടിയ അഞ്ചാം ക്ലാസ്സിൽ ആണ്, വല്യയ്ക്കാന്റെ ക്ലാസ്സിൽ ആണ്
എന്റെ രണ്ടാമത്തെ മകൻ അവനെ എനിക്ക് പരിചയപ്പെടുത്തി
ഞാൻ അതെ എന്ന ഭാവത്തിൽ തലയാട്ടി,
പെരുന്നാൾ നിസ്കാരം ഉണ്ട് പള്ളിയിൽ അതിനു പോയിട്ട് വരാട്ടോ
മിനു മോൾ ഉമ്മച്ചിയുടെ കൂടെ വീട്ടിലുണ്ട് അവളുടെ കൂടെ പോയി കളിച്ചോളൂ, അപ്പോഴേക്കും ഞങ്ങൾ എത്തും..
മോൻ പറഞ്ഞത് കേട്ടു അവൻ തല കുലുക്കി,,
ഉച്ചക്ക് പെരുന്നാൾ സ്പെഷ്യൽ ഭാര്യ ഉണ്ടാക്കിയ ബിരിയാണി കഴിക്കാൻ ഞാൻ ആണ് അവനെ പോയി വിളിച്ചിട്ട് വരാൻ മോനെ പറഞ്ഞു വിട്ടത്..
ഞങളുടെ കൂടെ ഇരുന്നു ഭക്ഷണം കഴിച്ചു എഴുന്നേറ്റ അവന്റെ മുഖത്തെ സന്തോഷം ഞാൻ മറന്നിട്ടില്ല,,
കൊണ്ടു വന്ന പെട്ടി പൊട്ടിച്ചതിൽ നിന്നു അവൻ ആയിട്ട് ചോക്ലേറ്റ്കളും, പെൻസിൽബോക്സും, കുറച്ചു കളർ പെൻസിലുകളും ഒക്കെ കൊടുത്തപ്പോൾ പൂത്തിരി കത്തുന്ന പോലെ പ്രകാശം അവന്റെ മുഖത്ത് വന്നെങ്കിലും പിന്നെ സ്നേഹത്തോടെ അവൻ അത് നിരസിച്ചു..,,
എനിക്ക് ഇതൊന്നും വേണ്ട ട്ടോ, അമ്മ പറഞ്ഞിട്ടുണ്ട് ഒരു സാധനവും ആരുടേയും കയ്യിൽ നിന്നും വാങ്ങരുത് എന്നു,…,എനിക്ക് എന്റെ അമ്മ വാങ്ങിത്തരും എന്ത് വേണമെങ്കിലും…,,
നിന്റെ അച്ഛൻ എവിടെ എന്നു ഞാൻ ചോദിച്ചതും അവന്റെ മുഖം വാടി..
അച്ഛൻ ദൂരെ എവിടെയോ ആശുപത്രിയിൽ സെക്യൂരിറ്റി ആണ് വല്ലപ്പോഴും മാത്രമേ വീട്ടിൽ വരാറുള്ളൂ,….
പിന്നെ ഒന്നും ചോദിക്കാൻ എനിക്ക് തോന്നിയില്ല
അത് അമ്മയല്ലേ വാങ്ങുന്നെ..?? ഇത് ഞാൻ വാങ്ങിയത് ആണ്, അമ്മയോടു ഞാൻ പറയാം,….
മടിച്ചു മടിച്ചു അവൻ അത് വാങ്ങി കയ്യിൽ പിടിച്ചു, ആകെ ഉണ്ടാരുന്ന കുറച്ചു ലീവ് ദിവസങ്ങൾ പെട്ടെന്ന് തീർന്നു ഞാൻ തിരിച്ചു വീണ്ടും അറബി നാട്ടിലേക്കു പോരാൻ ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി,..
എന്റെ മക്കളുടെ കൂടെ അവനും ഉണ്ടാരുന്നു ഞാൻ എയർപോർട്ടിലേക്കു യാത്ര തിരിക്കും വരെ, ആ കുറച്ചു ദിവസങ്ങൾ കൊണ്ടു തന്നെ അവൻ എനിക്ക് പ്രിയപ്പെട്ടവൻ ആയിരുന്നു….
നാട്ടിൽ നിന്നും ഒരു ദിവസം പ്രിയതമ വിളിച്ചു പറയുമ്പോൾ ആണ് ഞാൻ അറിഞ്ഞത്,
ഇക്കാ നിങ്ങൾ അറിഞ്ഞോ??
അപ്പൂട്ടന്റെ അച്ഛൻ കുളത്തിൽ വീണു മരിച്ചു പോലും, രാവിലെ രണ്ടുപേർ വന്നു അമ്മയെയും മകനെയും കൂട്ടികൊണ്ട് പോയി, അവര് ഇവിടെ വന്നു വർഷം ഒന്ന് ആയെങ്കിലും ഞാൻ ആകെ രണ്ടുവട്ടമേ അയാളെ കണ്ടിട്ടുള്ളു, ശെരിക്കും കണ്ടിട്ട് പോലുമില്ല, തെക്കേതിലെ താത്ത പറയുന്നത് കേട്ടു അയാൾ ഒരു കുടിയൻ ആയിരുന്നു പോലും, ഭാര്യയെയും കുഞ്ഞിനേയും ഒന്നും ശെരിക്കു അന്നെഷിക്കാറില്ല പോലും.. എന്താ ചെയ്യുക ല്ലേ ഇക്കാ?? ഓരോ ആളുകൾ മക്കൾ ഇല്ലാത്ത കൊണ്ടു നീറി ജീവിക്കുന്നു, ഇവിടെയോ ഉള്ളവർ മക്കളെ ശെരിക്കും നോക്കുന്നുമില്ല….
പിന്നീട് അങ്ങോട്ട് എന്റെ ഓരോ വിളിയിലും എന്റെ മൂന്ന് മക്കളുടെ കൂടാതെ അവന്റെയും വിശേഷം ആയിരുന്നു കൂടുതലും,എന്റെ മക്കൾക്ക് അയക്കുന്ന ഒരു വിഹിതത്തിൽ നിന്നും ഒരു കുഞ്ഞു പങ്ക് അവനും ഞാൻ കരുതി അയക്കാറുണ്ടാരുന്നു…എന്റെ മക്കളുടെ കൂടെ അവന്റെ കുസൃതിയും ഞാൻ ആസ്വദിച്ചു കൊണ്ടിരുന്നു,ഞാൻ അവനോടു കാണിക്കുന്ന സ്നേഹം കണ്ടു ഭാര്യ എപ്പോഴും പറയുമായിരുന്നു എന്നോട് നിങ്ങൾക്ക് ഇപ്പൊ ആൺകുട്ടികൾ മൂന്നു അല്ലെ..?? ഇതിനൊക്കെ പുണ്യം തന്നു പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നു…
ഇടയ്ക്കു ഒരു ദിവസം എന്റെ ഭാര്യ പറഞ്ഞു,
ഇക്കാ… അപ്പൂട്ടൻ എപ്പോഴും നിങ്ങളുടെ കാര്യം ചോദിക്കും, അവനു നിങ്ങളെ ഒത്തിരി ഇഷ്ടാണ്, ഇടക്ക് നിങ്ങളെ കാണാൻ പൂതിയുണ്ടെന്നു പറയും, നമ്മുടെ മക്കൾ ഒക്കെ ഒത്തിരി ഭാഗ്യം ഉള്ളവർ ആണെന്ന അവൻ പറയുന്നേ…. പാവം കുട്ടി, പാല് വിറ്റ് കിട്ടുന്ന പൈസയിൽ ചില്ലറ ഒക്കെ കുടുക്കയിൽ ഇട്ട് സൂക്ഷിച്ചു വെക്കുന്നുണ്ട് അവൻ, ഇങ്ങള് വരുമ്പോൾ നമ്മുടെ കൂടെ അവനും ടൂർ വരണം പോലും,അവന്റെ അമ്മയെയും കൂട്ടി..,,
കാലങ്ങൾ പോയി മറഞ്ഞുകൊണ്ടിരുന്നു, പത്താം ക്ലാസ്സ് പരീക്ഷയിൽ ആ കൊല്ലം അവൻ ആയിരുന്നു ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ചത്, തന്റെ മക്കൾ ഒക്കെ അവനു ഉണ്ടായിരുന്നതിലും കൂടുതൽ സൗകര്യങ്ങൾ ഉണ്ടായിട്ടുംപഠിച്ചു അത്രയും മാർക്ക് വാങ്ങാൻ കഴിഞ്ഞിട്ടില്ല, എനിക്ക് അവനെ ഓർത്തു അഭിമാനം തോന്നി പ്ലസ് ടു പഠനവും കഴിഞ്ഞു തന്റെ മക്കൾക്ക് ഒക്കെ ഒരുപാട് കാശ് ഡോണേഷൻ കൊടുത്തു സീറ്റ് വാങ്ങിയപ്പോൾ അവനു ഗവണ്മെന്റ് കോളേജിൽ എഞ്ചിനീയറിംഗ് അഡ്മിഷൻ കിട്ടി..,,
വർഷങ്ങൾ പോയികൊണ്ടിരുന്നു, അപ്പൂട്ടൻ പഠിച്ചു മിടുക്കനായി ജോലി വാങ്ങി,അപ്പൂട്ടനും അവന്റെ അമ്മയും താമസിച്ചു കൊണ്ടിരുന്ന വീട് അപ്പൂട്ടൻ വില കൊടുത്തു വാങ്ങി, ആ ചെറ്റകൂര ഉണ്ടായിരുന്ന സ്ഥലത്തു ഒരു കുഞ്ഞു ഭംഗിയുള്ള വീട് ഉയർന്നു വന്നു,ഒരു ചായിപ്പും,പൊളിഞ്ഞ അടുക്കളയും, ഒരു കുഞ്ഞു കിടപ്പു മുറിയും ഉണ്ടാരുന്ന പഴയ ആ വീടിനെക്കാൾ രണ്ടുമുറി മാത്രം ആഗ്രഹിച്ച അപ്പൂട്ടന്റെ അമ്മ പുതിയ വീടിനു മൂന്ന് മുറികൾ ഉണ്ടെന്നു കണ്ടു മകനോട് സ്നേഹത്തിൽ പരിഭവം പറഞ്ഞു..
“അപ്പൂട്ടാ നമുക്ക് എന്തിനാടാ മൂന്നുമുറി..?? രണ്ടെണ്ണം തന്നെ ധാരാളം അല്ലെ??
ഒന്നും കൂടുതൽ ഇരിക്കട്ടെ അമ്മേ.. ഇടയ്ക്കു ആരെങ്കിലും നമ്മുടെ കൂടെ താമസിക്കാൻ വന്നാലോ…?????
മുപ്പതു വർഷം അറബിനാട്ടിൽ ജോലിചെയ്ത പരിചയത്തിൽ കൂട്ടുകാരുടെ സഹായത്തോടെ ആൺമക്കളെ രണ്ടുപേരെയും ഗൾഫിൽ ജോലിക്കായി അയച്ചു, ആദ്യ വരവിൽ തന്നെ രണ്ടുപേരുടെയും കല്യാണവും നടത്തി കൊടുത്തു, അവര് പോയപ്പോൾ അവരുടെ കൂടെ ഭാര്യമാരെയും കൊണ്ടു പോയി,നാട്ടുനടപ്പ് അനുസരിച്ചു കൂട്ടത്തിൽ ഇളയത് ആയ മോളെയും കല്യാണം കഴിപ്പിച്ചു കൊടുത്തു ഗൾഫുകാരൻ ആയ മരുമോനും മകളെ കൊണ്ടു പോയി കൂടെ,,,
പ്രാരാബ്ദം ഒക്കെ തീർന്നു, കടമകൾ എല്ലാം ചെയ്തു തീർത്തു പ്രിയതമയുടെ കൂടെ ഒന്ന് കുറച്ചു നാൾ വിശ്രെമജീവിതം നയിച്ചു വരുന്നതിനിടയിൽ ആണ് നെഞ്ചുവേദനയുടെ രൂപത്തിൽ വന്നു വിധി എന്റെ പ്രിയതമയെ തട്ടി എടുത്തത്…
ഉമ്മയുടെ ഖബറടക്കം കഴിഞ്ഞു ഏഴ് തികയുന്നതിനു മുൻപേ വല്യ മകൻ ഉമ്മറത്ത് ഇരുന്നു അനിയനോടും, വീട്ടുകാരോടും പറയുന്നത് കേട്ടു ഒന്നും മിണ്ടാൻ ആകാതെ നിന്നുപോയി ഞാൻ,,,
“”ഉമ്മ ഇല്ലാത്ത സ്ഥിതിക്ക് ഈ വല്യ വീടും പറമ്പും നോക്കാൻ ആളില്ലാതെ വെറുതെ കിടന്നു നശിച്ചു പോകണ്ട, ആർക്കേലും കൊടുത്തു കിട്ടുന്നത് നമുക്ക് വീതിച്ചു എടുക്കാം,ഉപ്പാക്ക് താല്പര്യം ഉണ്ടെങ്കിൽ നമ്മളുടെ കൂടെ ദുബായിലേക്ക് പോരട്ടെ…,, അതല്ല എങ്കിൽ ഇപ്പൊ നാട്ടിൽ ഇഷ്ടം പോലെ സ്ഥാപനങ്ങൾ ഉണ്ട്, അവിടേക്കു ആക്കാം…..””
വർഷങ്ങൾ ചൂടും തണുപ്പും വകവെക്കാതെ മണലാരണ്യത്തിൽ താൻ അധ്വാനിച്ചു ഉണ്ടാക്കിയ മുതൽ മക്കൾ പങ്കിട്ടു എടുക്കാൻ കാണിക്കുന്ന ഉത്സാഹംസങ്കടം പറഞ്ഞു കരഞ്ഞപ്പോൾ അവൻ ഉണ്ടാരുന്നു കൂടെ എന്റെ അപ്പൂട്ടൻ..,,
എന്തിനാ ഇങ്ങള് കരയുന്നെ..,?? എന്റെ കുഞ്ഞു വീട്ടിൽ ഞാൻ ഒരു മുറി കൂടി പണി കഴിപ്പിച്ചു ഇട്ടിട്ടുണ്ട് ഇങ്ങൾക്ക് വേണ്ടി.. നമുക്ക് ഇനിയുള്ള കാലം അതിൽ കൂടാം,, അവനെ കെട്ടിപിടിച്ചു കരയുമ്പോൾ അവൻ പറയാതെ പറയുന്നുണ്ടാരുന്നു ഞാൻ ആണ് നിങ്ങളുടെ മകൻ എന്നു…..
ശുഭം
രചന: Anu swaroop